ക്യാമറയ്ക്ക് മുന്നില്‍ കര്‍ഷകനെ ആത്മഹത്യ നാടകത്തിന് പ്രേരിപ്പിച്ച് മാധ്യമങ്ങളും കര്‍ഷക നേതാക്കളും; കര്‍ണാടകയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറലാവുന്നു
Daily News
ക്യാമറയ്ക്ക് മുന്നില്‍ കര്‍ഷകനെ ആത്മഹത്യ നാടകത്തിന് പ്രേരിപ്പിച്ച് മാധ്യമങ്ങളും കര്‍ഷക നേതാക്കളും; കര്‍ണാടകയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറലാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th October 2016, 11:22 am

ബെല്ലാരി താലൂക്കിലെ കുര്‍ഗലഗുണ്ടിയിലാണ് സംഭവം. ജലക്ഷാമം മൂലം ആറേക്കറിലെ മുളകുകൃഷി നശിപ്പിക്കേണ്ടി വന്ന കര്‍ഷകനെ കൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ആത്മഹത്യ നാടകം കളിപ്പിക്കുന്നത്.


 

ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ ക്യാമറയ്ക്ക് മുന്നില്‍ കര്‍ഷകനെ ആത്മഹത്യ നാടകത്തിന് പ്രേരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും കര്‍ഷക നേതാക്കളുടെയും ദൃശ്യങ്ങള്‍ വൈറലാകുന്നു.

ബെല്ലാരി താലൂക്കിലെ കുര്‍ഗലഗുണ്ടിയിലാണ് സംഭവം. ജലക്ഷാമം മൂലം ആറേക്കറിലെ മുളകുകൃഷി നശിപ്പിക്കേണ്ടി വന്ന കര്‍ഷകനെ കൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ആത്മഹത്യ നാടകം കളിപ്പിക്കുന്നത്. കര്‍ഷകന്‍ വിഷം കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ ചുറ്റും ആളുകള്‍ കൂടുന്നതും തടയാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഇതിനിടയില്‍ ക്യാമറയിലേക്ക് നോക്കരുതെന്ന് ക്യാമറാമാന്‍ പറയുന്നതും വീഡിയോ പകര്‍ത്തല്‍ കഴിഞ്ഞോ എന്ന് കര്‍ഷകന്‍ ചോദിക്കുന്നതും ദൃശ്യങ്ങിലുണ്ട്.

കര്‍ണാടക രാജ്യറായിത്ത സംഘ ഹസിരുസേന എന്ന കര്‍ഷക സംഘടന നേതാക്കളാണ് മാധ്യമപ്രവര്‍ത്തകരെ ദൃശ്യം ചിത്രീകരിക്കാനായി വിളിച്ചു വരുത്തിയതെന്ന് പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി കര്‍ഷക ആത്മഹത്യകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനിടെ ഇത്തരമൊരു നാടകം കളിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും കര്‍ഷകനേതാക്കള്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.