ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതിന് മുമ്പായി സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയിലേക്ക് തിരിച്ചു വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ബാഴ്സലോണ താരവും സ്പാനിഷ് സ്‌ട്രൈക്കറുമായ പെഡ്രൊ.
ക്യാമ്പ് നൗവില്‍ നിന്ന് വിരമിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ഈ നീക്കത്തെക്കുറിച്ച് സാവി വിളിച്ചാല്‍ ഉടന്‍ തന്നെ പോവും എന്നുമാണ് പെഡ്രൊ പറഞ്ഞത്.
‘ബാഴ്സയില്‍ നിന്ന് വിരമിക്കുന്നത് അതിശയകരമായിരിക്കും. എന്നാല്‍ ഇത് വളരെ വിദൂരവും ബുദ്ധിമുട്ടുള്ളതുമായ കാര്യമാണ്. സാവി എന്നെ വിളിക്കുകയും അവര്‍ എന്നെ പരിഗണിക്കുകയും ചെയ്താല്‍ ഞാന്‍ ബാഴ്സയിലേക്ക് വരും,’ പെഡ്രൊ ഡയാരിയോ എ.എസിനോട് പറഞ്ഞു.
36 കാരനായ സ്പാനിഷ് താരം നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയിലാണ് കളിക്കുന്നത്. ഈ സീസണില്‍ ലാസിയോയ്ക്കായി 14 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.
ക്ലബ്ബുമായുള്ള പെഡ്രൊയുടെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കുമെന്നതിനാല്‍ താരം സ്പാനിഷ് വമ്പന്‍മാരൊപ്പം തിരിച്ചു വരുമോ എന്ന് കണ്ടുതന്നെ അറിയണം.
പെഡ്രൊ ആറ് വര്‍ഷമാണ് ബാഴ്സലോണക്കായി കളിച്ചിട്ടുള്ളത്. ബാഴ്സക്കായി 321 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പെഡ്രൊ 99 ഗോളുകളും 62 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്സക്കൊപ്പം ആറ് സീസണുകളില്‍ 21 ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്. 2015ലാണ് പെഡ്രൊ ബാഴ്സ വിട്ടത്.
സാവിയുടെ കീഴില്‍ ഒരുപിടി മികച്ച യുവ സ്ട്രൈക്കര്‍മാര്‍ ബാഴ്സക്കുണ്ട്. റാഫിന്‍ഹ, പെഡ്രി, ലാമിന്‍ യമാല്‍, ഫെറാന്‍ ടോറസ്, ജോവോ ഫെലിക്‌സ് തുടങ്ങിയ താരങ്ങള്‍ ഉണ്ടാവുമ്പോള്‍ പെഡ്രൊയെ ടീമിലെത്തിക്കാന്‍ സാവി എത്രത്തോളം ശ്രമിക്കുമെന്ന് കണ്ടറിയണം.
നിലവില്‍ ലാ ലിഗയില്‍ 13 മത്സരങ്ങളില്‍ നിന്നും 30 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബാഴ്സ. അതേസമയം സിരി എയില്‍ 12 മത്സരങ്ങളില്‍ നിന്നും 17 പോയിന്റുമായി പത്താം സ്ഥാനത്താണ് ലാസിയൊ.
Content Highlight: Pedro want to back in Barcelona for his retire time in football.