| Saturday, 18th March 2023, 3:55 pm

സ്പാനിഷ് സൂപ്പര്‍താരം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും; ബാഴ്‌സക്കും തിരിച്ചടി; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണയുടെ സ്പാനിഷ് സൂപ്പര്‍താരം പെഡ്രി വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് പുറത്താകുമെന്ന് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്നതിനാല്‍ താരത്തിന് ദേശീയ ടീമിന് വേണ്ടി അടുത്ത് നടക്കാനിരിക്കുന്ന മത്സരങ്ങള്‍ കളിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കാലിന്റെ തുടയ്ക്ക് പരിക്കേറ്റത്തിനാല്‍ പെഡ്രിക്ക് കഴിഞ്ഞ നാല് ലാ ലിഗ മത്സരങ്ങളും നഷ്ടമായിരുന്നു. മാര്‍ച്ച് ഒമ്പതിന് എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തിലും താരം ബാഴ്‌സലോണക്കായി കളിക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

2024 യൂറോ കപ്പിലേക്കുള്ള ക്വാളിഫൈയിങ് മത്സരങ്ങളില്‍ പെഡ്രി പങ്കെടുക്കില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പെഡ്രിക്ക് പകരം മറ്റൊരു താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് 25ന് നോര്‍വേക്കെതിരെയും മാര്‍ച്ച് 28ന് സ്‌കോട്‌ലന്‍ഡിനെതിരെയുമാണ് സ്‌പെയ്‌നിന്റെ മത്സരങ്ങള്‍. പരിക്കിനെ തുടര്‍ന്ന് പെഡ്രി മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സ്പാനിഷ് ദേശീയ ടീം തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിക്കുകയായിരുന്നു.

‘സ്പാനിഷ് ദേശീയ ടീമിന്റെ രണ്ട് മത്സരങ്ങളില്‍ നിന്ന് കോച്ച് ലൂയിസ് ഡി ലാ ഫ്യുവന്റെ പെഡ്രിയെ പുറത്തിരുത്തി. റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ മെഡിക്കല്‍ അധികൃതരോടും എഫ്.സി ബാഴ്‌സലോണയുമായും നടത്തിയ സംഭാഷണത്തിന് ശേഷമാണ് തീരുമാനം.

പെഡ്രിക്ക് പകരക്കാരനായി ആരെയിറക്കുമെന്നുള്ളതിന്റെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കും,’ സ്പാനിഷ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

2021 മാര്‍ച്ചിലാണ് പെഡ്രി ലാ റോജ സീനിയര്‍ സെറ്റപ്പില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് താരം 18 ക്യാപ്പുകള്‍ നേടി ടീമിലെ പ്രധാന താരമായി മാറുകയായിരുന്നു. 2020 യൂറോ കപ്പിലും 2022 ലോകകപ്പിലും പെഡ്രി സ്പാനിഷ് ടീമിന്റെ ഭാഗമായിരുന്നു. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരമെന്ന ഖ്യാതി നേടാനും പെഡ്രിക്ക് സാധിച്ചിരുന്നു.

Content Highlights: Pedri won’t play for Spain’s upcoming games due to hamstring injury

We use cookies to give you the best possible experience. Learn more