ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെതിരെയുള്ള മത്സരത്തില്‍ ബാഴ്‌സലോണ സൂപ്പര്‍താരം പെഡ്രി കളിക്കില്ലെന്ന് കോച്ച് സാവി. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്നതിനാല്‍ താരം മത്സരത്തിനുണ്ടാകില്ലെന്ന് ബാഴ്‌സ യൂണിവേഴ്‌സല്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പെഡ്രിക്ക് മത്സരം നഷ്ടമാകുന്നതില്‍ സങ്കടമുണ്ടെന്നും എന്നാല്‍ അടുത്ത മത്സരങ്ങളില്‍ താരം തിരിച്ചെത്തുമെന്നും സാവി പറഞ്ഞു.
‘നമ്മുടെ 100 ശതമാനം കൊടുക്കേണ്ട മത്സരമാണ് നടക്കാനിരിക്കുന്നത്. ഫൈനല്‍ മാച്ച് അല്ല ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഇനിയും 12 മാച്ചുകള്‍ ബാക്കിയുണ്ട്. പെഡ്രിക്ക് കൂടുതല്‍ കളികള്‍ നഷ്ടമാകില്ല. താരം പൂര്‍വസ്ഥിതിയിലായതിന് ശേഷം ഉടന്‍ തന്നെ ക്ലബ്ബിലേക്ക് മടങ്ങിയെത്തും.
പെഡ്രിയുടെയും ഡെംബെലെയുടെയും അഭാവത്തിലും ടീമിന് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന് മുമ്പ് ലെവന്‍ഡോസ്‌കിയുടെയും പെഡ്രിയുടെയും അസാന്നിധ്യത്തിലും ബാഴ്‌സ നന്നായി കളിച്ചിട്ടുണ്ട്,’ സാവി പറഞ്ഞു.
പെഡ്രിക്ക് പുറമെ ഉസ്മാന്‍ ഡെംബലയും പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ്. കാലിന്റെ തുടയ്ക്ക് പരിക്കേറ്റതിനാല്‍ പെഡ്രിക്ക് കഴിഞ്ഞ നാല് ലാ ലിഗ മത്സരങ്ങളും നഷ്ടമായിരുന്നു.
അതേസമയം, 2024 യൂറോ കപ്പിലേക്കുള്ള ക്വാളിഫൈയിങ് മത്സരങ്ങളില്‍ പെഡ്രി പങ്കെടുക്കില്ലെന്ന് സ്‌പെയ്ന്‍ ദേശീയ ടീമും അറിയിച്ചിട്ടുണ്ട്. പെഡ്രിക്ക് പകരം മറ്റൊരു താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് 25ന് നോര്‍വേക്കെതിരെയും മാര്‍ച്ച് 28ന് സ്‌കോട്ലന്‍ഡിനെതിരെയുമാണ് സ്പെയ്നിന്റെ മത്സരങ്ങള്‍. പരിക്കിനെ തുടര്‍ന്ന് പെഡ്രി മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സ്പാനിഷ് ദേശീയ ടീം തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിക്കുകയായിരുന്നു.