'പ്രായത്തെ വെല്ലുന്ന പ്രകടനം'; മെസിയെ പ്രശംസിച്ച് ബാഴ്‌സലോണ സൂപ്പര്‍ താരം
അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് ബാഴ്‌സലോണയുടെ സ്പാനിഷ് സൂപ്പര്‍താരം പെഡ്രി. ഭ്രാന്തന്‍ പ്രകടനമാണ് മെസി കളത്തില്‍ കാഴ്ച വെക്കാറുള്ളതെന്നാണ് പെഡ്രി പറഞ്ഞത്.
‘കളിയുടെ കാര്യത്തില്‍ അദ്ദേഹം ശുദ്ധ ഭ്രാന്തനാണ്. ഒരു കളിക്കാരനെന്ന നിലയില്‍ ഈ പ്രായത്തിലും അദ്ദേഹമൊരു പ്രതിഭയാണെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ലോകത്തുള്ള എല്ലാവര്‍ക്കും അതറിയുകയും ചെയ്യാം. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനാണ്,’ പെഡ്രി പറഞ്ഞു.
ബാഴ്‌സലോണയില്‍ മെസിക്കൊപ്പം കളം പങ്കുവെച്ചിട്ടുള്ള താരമാണ് പെഡ്രി. താരത്തിന്റെ കഴിവ് മറ്റാരെക്കാളും മുന്നേ കണ്ടെത്തി അദ്ദേഹത്തെ ഈ നിലയില്‍ എത്തിക്കുന്നതില്‍ മെസി നിര്‍ണായക പങ്കുവെച്ചിട്ടുണ്ടെന്ന് മുന്‍ ബാഴ്‌സലോണ പരിശീലകന്‍ കൂമാന്‍ പറഞ്ഞിരുന്നു.
അമേരിക്കയിലെത്തിയതിന് ശേഷം മെസി എം.എല്‍.എസ് ലീഗില്‍ ഔദ്യോഗിക അരങ്ങേറ്റം നടത്തിയിരിക്കുകയാണ്.ഞായറാഴ്ച നടന്ന മത്സരത്തില്‍ ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരെയായിരുന്നു മേജര്‍ സോക്കര്‍ ലീഗിലെ മെസിയുടെ അരങ്ങേറ്റം. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിച്ചിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് എം.എല്‍.എസില്‍ മയാമി വിജയിക്കുന്നത്.
ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരായ മത്സരത്തിന്റെ 37ാം മിനിട്ടില്‍ ഡീഗോ ഗോമെസിന്റെ ഗോളിലൂടെ മയാമി ലീഡെടുത്തിരുന്നു. ആദ്യ പകുതിയില്‍ വിശ്രമത്തിലായിരുന്ന മെസി രണ്ടാം പകുതിയുടെ 60ാം മിനിട്ടിലാണ് കളത്തിലിറങ്ങിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇതിഹാസത്തിന്റെ ഗോള്‍ പിറക്കുന്നത്.
മത്സരത്തിന്റെ 89ാം മിനിട്ടില്‍ മെസി സ്‌കോര്‍ ചെയ്തതോടെ കളി 2-0 എന്ന നിലയിലായി. മത്സരത്തിന് ശേഷം നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. പോയിന്റ് പട്ടികയില്‍ നിലവില്‍ 14ാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നാഷ്വില്‍ എഫ്.സിക്കെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം.
അമേരിക്കയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇന്റര്‍ മയാമി ജേഴ്സിയില്‍ മെസിയെത്തിയതിന് ശേഷം കളിച്ച ഒമ്പത് മത്സരങ്ങളിലും ക്ലബ്ബ് വിജയിച്ചിരുന്നു. ഇതുവരെ പതിനൊന്ന് ഗോളും ആറ് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.
Content Highlights: Pedri praises Lionel Messi