അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പര്‍താരം പെഡ്രി. ഭ്രാന്തന്‍ പ്രകടനമാണ് മെസി കളത്തില്‍ കാഴ്ച വെക്കാറുള്ളതെന്നാണ് പെഡ്രി പറഞ്ഞത്.
‘കളിയുടെ കാര്യത്തില്‍ അദ്ദേഹം ശുദ്ധ ഭ്രാന്തനാണ്. ഒരു കളിക്കാരനെന്ന നിലയില്‍ ഈ പ്രായത്തിലും അദ്ദേഹമൊരു പ്രതിഭയാണെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ലോകത്തുള്ള എല്ലാവര്‍ക്കും അതറിയുകയും ചെയ്യാം. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനാണ്,’ പെഡ്രി പറഞ്ഞു.
ബാഴ്സലോണയില്‍ മെസിക്കൊപ്പം കളം പങ്കുവെച്ചിട്ടുള്ള താരമാണ് പെഡ്രി. താരത്തിന്റെ കഴിവ് മറ്റാരെക്കാളും മുന്നേ കണ്ടെത്തി അദ്ദേഹത്തെ ഈ നിലയില്‍ എത്തിക്കുന്നതില്‍ മെസി നിര്‍ണായക പങ്കുവെച്ചിട്ടുണ്ടെന്ന് മുന്‍ ബാഴ്സലോണ പരിശീലകന്‍ കൂമാന്‍ പറഞ്ഞിരുന്നു.
അതേസമയം, യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയ മെസി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്റര്‍ മയാമിക്കായി ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും ഒരു അസിസ്റ്റും താരം ഇതുവരെ അക്കൗണ്ടിലാക്കി കഴിഞ്ഞു.
എം.എല്‍.എസില്‍ കളിയാരംഭിച്ചയുടന്‍ പ്രകടന മികവ് കൊണ്ടും ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ കൊണ്ടും ശ്രദ്ധേയനാവുകയാണ് ഈ 36കാരന്‍. ഈ പ്രകടനം തുടരുകയാണെങ്കില്‍ ഇന്റര്‍ മയാമിയുടെ ടോപ്പ് ഗോള്‍ സ്‌കോററാകാന്‍ മെസിക്ക് അധിക സമയം വേണ്ടെന്നാണ് ഫുട്ബോള്‍ വിദഗ്ദരുടെ വിലയിരുത്തല്‍.
അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോളും ബാക്കി രണ്ട് മത്സരങ്ങളിലും ഇരട്ട ഗോളുകളും വലയിലെത്തിച്ച മെസിക്ക് ഇനി 24 ഗോള്‍ നേടിയാല്‍ മയാമിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാകാന്‍ സാധിക്കും.
Content Highlights: Pedri praises Lionel Messi