അവന്‍ എടുക്കുന്ന ഓരോ ഷോട്ടും ഗോളായി മാറും; പെഡ്രി
Football
അവന്‍ എടുക്കുന്ന ഓരോ ഷോട്ടും ഗോളായി മാറും; പെഡ്രി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd January 2024, 1:47 pm

റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ബാഴ്സലോണയുടെ സ്പാനിഷ് താരം പെഡ്രി.

കളിക്കളത്തിലെ ജൂഡിന്റെ മാന്ത്രിക ടച്ചുകളെകുറിച്ചാണ് പെഡ്രി പറഞ്ഞത്. ഇംഗ്ലണ്ട് സൂപ്പര്‍ താരത്തിന്റെ ഓരോ ടച്ചും ഗോളായി മാറും എന്നാണ് പെഡ്രി പറഞ്ഞത്.

‘ജൂഡ് ബെല്ലിങ്ഹാമിന്റെ കളിക്കളത്തിലെ മികച്ച പ്രകടനങ്ങള്‍ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ജൂഡ് എടുക്കുന്ന ഓരോ ഷോട്ടുകളും ഒരു ഗോളില്‍ അവസാനിക്കും,’ പെഡ്രി ബാഴ്‌സ യൂണിവേഴ്‌സലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ സീസണിൽ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തുന്നത്. റയല്‍ മാഡ്രിഡിനായി മിന്നും ഫോമിലാണ് ഇംഗ്ലണ്ട് യുവതാരം കളിക്കുന്നത്. സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ലോസ് ബ്ലാങ്കോസിനായി ഗോളടിച്ചു കൂട്ടുകയാണ് ജൂഡ്.

ഈ സീസണില്‍ റയല്‍ മാഡ്രിഡിനായി 21 മത്സരങ്ങളില്‍ നിന്നും 17 ഗോളുകളും അഞ്ചു അസിസ്റ്റുകളുമാണ് ഇംഗ്ലണ്ടുകാരന്‍ സ്വന്തമാക്കിയിട്ടുള്ളത്. തന്റെ ഗോളടി മികവുകൊണ്ട് ഒരു പിടി മികച്ച നേട്ടങ്ങളും ജൂഡ് സ്വന്തമാക്കിയിരുന്നു.

അടുത്തിടെ റയല്‍ മാഡ്രിഡില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയുടെ പേരില്‍ ഉണ്ടായിരുന്ന റെക്കോഡ് നേട്ടവും ജൂഡ് മറികടന്നിരുന്നു. റയല്‍ മാഡ്രിഡിനായി ആദ്യ പത്ത് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റൊണാള്‍ഡോയുടെ റെക്കോഡാണ് ജൂഡ് മറികടന്നത്.

2020-21 സീസണിലാണ് പെഡ്രി സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കറ്റാലന്‍മാര്‍ക്കായി 120 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ സ്പാനിഷ് താരം 17 ഗോളുകളും ഒമ്പത് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ലാ ലിഗയില്‍ 18 റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 14 വിജയവും മൂന്നു സമനിലയും ഒരു തോല്‍വിയും അടക്കം 45 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.

അതേസമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 11 വിജയവും അഞ്ചു സമനിലയും രണ്ട് തോല്‍വിയും അടക്കം 38 പോയിന്റുമായി നാലാം സ്ഥാനത്താണ് ബാഴ്‌സലോണ.

Content Highlight: Pedri praises Jude Bellingham performance.