| Thursday, 4th January 2024, 12:51 pm

റൊണാൾഡോയെ വിമർശിക്കുന്നവർ വിഡ്ഢികളാണ്; പ്രതികരണവുമായി ബാഴ്‌സ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ  റൊണാള്‍ഡോയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സലോണയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പെഡ്രി.

റൊണാള്‍ഡോയുടെ കളിക്കളത്തിലെ മികച്ച പ്രകടനങ്ങളെ വിമര്‍ശിക്കുന്ന ആളുകള്‍ക്കൊന്നും ഫുട്‌ബോളിനെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് ബാഴ്‌സലോണ മിഡ്ഫീല്‍ഡര്‍ പറഞ്ഞത്.

ടീച്ച് സ്ട്രീമര്‍ ഇബായ് ലാനോസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പെഡ്രി.

‘റൊണാള്‍ഡോ മോശമാണെന്ന് പറയുന്നവര്‍ വിഡ്ഢികളാണ്. അവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് ഒന്നുമറിയില്ല,’ പെഡ്രി പറഞ്ഞു.

2023ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറില്‍ എത്തുന്നത്. സൗദി വമ്പന്‍മാരോടൊപ്പം മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. ഈ സീസണില്‍ നിലവില്‍ 23 ഗോളുകളും 11 അസിസ്റ്റുകളും നേടിക്കൊണ്ട് പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ഈ 38കാരന്‍ സൗദിയില്‍ കാഴ്ചവെക്കുന്നത്.

ഈ വര്‍ഷത്തില്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. സൗദി വമ്പന്‍മാര്‍ക്ക് വേണ്ടിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിനു വേണ്ടിയും 54 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്. 2023ലെ ടോപ് സ്‌കോര്‍ പദവിയും റോണോ സ്വന്തമാക്കിയിരുന്നു.

റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വിപ്ലവാത്മകമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. റോണോയുടെ വരവിന് പിന്നാലെ യൂറോപ്പിലെ ഒരുപിടി മികച്ച താരങ്ങളും സൗദി ലീഗിലേക്ക് ചേക്കേറി യിരുന്നു. കരിം ബെന്‍സെമ, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ, റിയാദ് മെഹറസ്, നെയ്മര്‍ തുടങ്ങിയ പ്രമുഖ താരങ്ങളാണ് സൗദിയിലേക്ക് കൂടു മാറിയത്.

അതേസമയം 2020-21 സീസണിലാണ് പെഡ്രി സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കറ്റാലന്‍മാര്‍ക്കായി 120 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ സ്പാനിഷ് താരം 17 ഗോളുകളും ഒമ്പത് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Pedri praises Cristaino Ronaldo.

We use cookies to give you the best possible experience. Learn more