കഴിഞ്ഞ ദിവസം നടന്ന ജൊവാന്‍ ഗാമ്പര്‍ ട്രോഫിയില്‍ മികച്ച വിജയമാണ് ബാഴ്‌സ നേടിയത്. എതിരില്ലാത്ത ആറ് ഗോളിനാണ് മെക്‌സിക്കന്‍ ക്ലബ്ബായ പ്യൂമാസിനെ നിഷ്പ്രഭമാക്കിയത്.
പെഡ്രി ഇരട്ട ഗോളുമായി കളം നിറഞ്ഞപ്പോള്‍ ലെവന്‍ഡോസ്‌കി, ഡി ജോങ്, ഡെംബാലെ, ഒബാമയാങ് എന്നിവര്‍ പ്യൂമാസ് വലനിറച്ച് ഗോള്‍ മഴ പൂര്‍ത്തിയാക്കിയതോടെ ക്യാമ്പ് നൗ ആവേശത്തിലാറാടി.
കഴിഞ്ഞ മത്സരത്തിലെ വിജയത്തേക്കാളേറെ ആരാധകരെ ആവേശത്തിലാഴ്ത്തുന്നത് പെഡ്രി-ലെവന്‍ഡോസ്‌കി കോംബോയുടെ കെമിസ്ട്രിയായിരുന്നു. ഇരുവരുടെയും കൂട്ടുകെട്ടില്‍ മൂന്ന് ഗോളായിരുന്നു പ്യൂമാസ് വലയിലെത്തിയത്.
മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ തന്നെ ക്യാമ്പ് നൗ പൊട്ടിത്തെറിച്ചിരുന്നു. പെഡ്രിയുടെ ത്രൂബോള്‍ സ്വീകരിച്ച് ഒരു ഡിഫികള്‍ട്ട് ആംഗിളില്‍ നിന്നുള്ള കിടിലന്‍ ഷോട്ട് പ്യൂമാസ് ഗോളിയെ നിഷ്പ്രഭനാക്കി വലയിലേക്ക് തുളച്ചുകയറി.
ആദ്യ ഗോളിന്റെ ആഘാതത്തില്‍ നിന്നും പ്യൂമാസ് കരകയറുന്നതിനിടെ പെഡ്രി-ലെവന്‍ഡോസ്‌കി ഡുവോ അടുത്ത ഷോക്കും നല്‍കിയിരുന്നു. മത്സരത്തിന്റെ അഞ്ചാം മിനിട്ടില്‍ പെഡ്രി തന്റെ ആദ്യ ഗോള്‍ നേടി. ലെവന്‍ഡോസ്‌കിയുടെ പാസ് പ്യൂമാസ് വലയിലേക്കെത്തിക്കുമ്പോള്‍ ഗോള്‍ നില 2-0.
മത്സരത്തിന്റെ 19ാം മിനിട്ടില്‍ പെഡ്രി-ലെവന്‍ഡോസ്‌കി ദ്വയം വീണ്ടും സ്‌കോര്‍ ചെയ്തു. ലെവന്‍ഡോസ്‌കിയുടെ ബാക്ക് ഹീല്‍ ഫ്‌ളിക്ക് പെഡ്രി പിഴവേതുമില്ലാതെ വലയിലാക്കി.
മത്സരത്തിന്റെ ആദ്യ 19 മിനിട്ടില്‍ തന്നെ 3 ഗോളാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ബാഴ്‌സയുടെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന പ്രകടനമായിരുന്നു അത്. ഇനിയേസ്റ്റയെയും സാവിയെയും പോലെ മെസിയെയും നെയ്മറിനെയും പോലെ പുതിയൊരു ഡുവോ ബാഴ്‌സക്കായി പിറവിയെടുത്ത മത്സരമായിരുന്നു അത്.
ഹാഫ് ടൈമിന് മുമ്പ് തന്നെ നാല് ഗോള്‍ പ്യൂമാസ് വലയിലെത്തിയിരുന്നു. കളിയുടെ പത്താം മിനിട്ടില്‍ ഡെംബാലെയായിരുന്നു സ്‌കോര്‍ ചെയതത്.
ഹാഫ് ടൈമിന് ശേഷം 49ാം മിനിട്ടില്‍ ഒബാമയാങ്ങും മത്സരം അവശേഷിക്കാന്‍ ആറ് മിനിട്ട് മാത്രം ബാക്കി നില്‍ക്കവെ ഫ്രാങ്ക് ഡി ജോങ്ങും ചേര്‍ന്ന് പട്ടിക പൂര്‍ത്തിയാക്കി.
The G⚽ALS from the Gamper pic.twitter.com/ilKnhy69x3
— FC Barcelona (@FCBarcelona) August 7, 2022
ഈ പ്രകടനത്തോടെ സീസണില്‍ ബാഴ്‌സയെ കുറിച്ചും ഈ ദ്വയത്തെ കുറിച്ചുമുള്ള പ്രതീക്ഷകള്‍ ഏറിയിരിക്കുകയാണ്. ആ പ്രതീക്ഷ കാക്കാനും ക്യാമ്പ് നൗവില്‍ ആവേശത്തിരയിളക്കാനും ഇവര്‍ക്കാകുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Pedri-Lewandowski duo shines, FC Barcelona beats Pumas