| Tuesday, 4th July 2023, 8:22 pm

ടോപ് ഫൈവില്‍ ലീഗ് വണ്ണിന്റെ പുറത്തുപോക്ക്; പി.എസ്.ജിയിലെ സൂപ്പര്‍ താരങ്ങള്‍ കൂടുമാറുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫയുടെ യൂറോപ്യന്‍ ലീഗ് റാങ്കിങ്ങില്‍ ഫ്രഞ്ച് ലീഗായ ലീഗ് വണ്‍ പിറകോട്ട് പോയതാണ് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന ലീഗ് വണ്‍ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തന്നെയാണ് ഒന്നാമത്. ബുണ്ടസ് ലിഗ, ലാലിഗ, ബെല്‍ജിയന്‍ പ്രോ ലീഗ്, നെതര്‍ലാന്‍ഡ്സ് ലീഗ്, ലീഗ് വണ്‍, പോര്‍ച്ചുഗലിലെ ലിഗ പോര്‍ച്ചുഗല്‍, തുര്‍ക്കിയിലെ സൂപ്പര്‍ ലിഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് സ്വിസ് സൂപ്പര്‍ ലീഗ് തുടങ്ങിയവയാണ് യഥാക്രമം ആദ്യ പത്ത് സ്ഥാനത്തുള്ളവര്‍. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, യുറോപ്പ കോണ്‍ഫറന്‍സ് ലീഗ് എന്നിവയില്‍ ക്ലബുകളുടെ പ്രകടനം വിലയിരുത്തിയാണ് യുവേഫ റാങ്കിങ് തയ്യാറാക്കുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ ലീഗ് വണ്ണിലെ ടീമുകളുടെ പ്രകടനം ഇപ്പോഴത്തെ ഗ്രേഡിങ്ങിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ലീഗ് വണ്ണിലെ പ്രധാന ടീമായ പി.എസ്.ജി റൗണ്ട്-16ല്‍ തന്നെ പുറത്തായിരുന്നു. ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ടായിരുന്നു ടീം പുറത്തായത്. കഴിഞ്ഞ സീസണില്‍ യുവേഫയുടെ ടൂര്‍ണമെന്റുകളില്‍ നോക്കൗട്ടില്‍ പ്രവേശിച്ച ഏക ഫ്രഞ്ച് ടീമായിരുന്നു പി.എസ്.ജി.

മാഴ്സെയില്‍ എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൊണാക്കോ, നാന്റസ്, റെന്നസ് എന്നീ ടീമുകളെല്ലാം യൂറോപ്പ ലീഗിന്റെ ആദ്യ നോക്കൗട്ട് റൗണ്ടില്‍ വീണു.

ഇതെല്ലാം ലീഗ് വണ്ണിന്റെ പിറകോട്ട് പോക്കിന് കാരണമായിട്ടുണ്ട്. എന്നാല്‍ ടോപ് ഫൈവില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെ ലീഗ് വണ്ണില്‍ കളിക്കുന്ന ലോകോത്തര താരങ്ങളായ കിലിയന്‍ എംബാപ്പെ, നെയ്മര്‍, മാര്‍ക്കോ വെറാട്ടി, അഷ്‌റഫ് ഹക്കിമി, പ്രെസ്‌നെല്‍ കിംപെംബെ തുടങ്ങിയവരുടെ വിപണ മൂല്യത്തെ ബാധിക്കും എന്നത്
സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എംബാപ്പെ, നെയ്മര്‍ അടക്കമുള്ളവര്‍ ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ നടന്നിരുന്നു. എന്നാല്‍ എംബാപ്പെ ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രത്യേക സാഹചര്യത്തില്‍ താരങ്ങള്‍ എന്ത് തീരുമാനമെടുക്കും എന്നതാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

അതേസമയം, പട്ടികയില്‍ ബെല്‍ജിയം ലീഗാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. പതിനെട്ടാം റാങ്കില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്കാണ് അവരുടെ കുതിച്ചുചാട്ടം. പുതിയ കണക്കില്‍ ഇറ്റാലിയന്‍ സിരി എയും ജര്‍മ്മന്‍ ബുണ്ടസ് ലിഗയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കഴിഞ്ഞ റാങ്കിങ്ങില്‍ ബുണ്ടസ് ലീഗ അഞ്ചും ഇറ്റലി ആറും സ്ഥാനത്തായിരുന്നു. സ്പാനിഷ് ലാലിഗ ഒരുസ്ഥാനം നഷ്ടപ്പെട്ട് നാലാം റാങ്കിലെത്തി.

Content Highlight: special story, League One’s exit in the top five, Will the superstars of PSG join forces

We use cookies to give you the best possible experience. Learn more