| Friday, 6th December 2024, 1:51 pm

കര്‍ഷക സമരം; ഹരിയാനയിലെ അംബാലയില്‍ നിരോധനാജ്ഞ, ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഞ്ചാബിലെ കര്‍ഷകര്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ മാര്‍ച്ച് നടത്തുന്ന സാഹചര്യത്തില്‍ ഹരിയാനയിലെ അംബാല ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. അംബാലയിലെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളടക്കം നിര്‍ത്തിവെച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ പാത 44 ആയ ശംഭു അതിര്‍ത്തിയില്‍ സുരക്ഷ ഗണ്യമായി വര്‍ധിപ്പിച്ചതിനാല്‍ വലിയ തോതിലുള്ള ഗതാഗത തടസം നേരിട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

ഹരിയാന, പഞ്ചാബ് അതിര്‍ത്തിയില്‍ അധിക തോതില്‍ പൊലീസിനെ വിന്യസിച്ചതായും അതിര്‍ത്തി പൂര്‍ണമായും നിരിക്ഷണത്തിലായതിനാല്‍ തന്നെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.

അംബാലയില്‍ ബി.എന്‍.എസ് 163 പ്രകാരം അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതിന് നിയന്ത്രണമുണ്ട്. കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ 10 ദിവസമായി നിരാഹരം തുടരുന്ന ജിന്ദിലും സെക്ഷന്‍ 163 ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

നിരവധി ആവശ്യങ്ങളുന്നയിച്ച് നൂറിലധികം കര്‍ഷകരാണ് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില, കടം എഴുതിതള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനസ്ഥാപിക്കല്‍, വൈദ്യുതി നിരക്ക് വര്‍ധിക്കുന്നത് തുടങ്ങി നിരവധി ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

2021-ലെ ലഖിംപുര്‍ ഖേരി സംഘര്‍ഷം ബാധിച്ചവര്‍ക്ക് നീതിവേണമെന്നും 2020-21 കാലത്തെ കര്‍ഷകസമര കാലത്ത് ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടേയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് ഉച്ചയോടെ ശംഭു അതിര്‍ത്തിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം പാരി ചൗക്കില്‍ ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത കര്‍ഷകരെ പൊലീസ് തടഞ്ഞതായും അറസ്റ്റ് ചെയ്ത് നീക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Peasant Strike; Prohibition imposed in Haryana’s Ambala, report says that internet services  suspended in some parts

Latest Stories

We use cookies to give you the best possible experience. Learn more