| Thursday, 14th September 2017, 12:01 pm

ആസാമില്‍ കര്‍ഷക നേതാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു: അറസ്റ്റിലായത് ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയയാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: അഴിമതി വിരുദ്ധ സമരങ്ങളിലൂടെ ശ്രദ്ധേയനായ കൃഷക് മുക്തി സംഗ്രാം സമിതിനേതാവ് അഖില്‍ ഗോഗോയി അറസ്റ്റില്‍. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അഖില്‍ ഗോഗിയെ ആസാം പൊലീസ് അറസ്റ്റു ചെയ്തത്.

ആസാമിലെ മൊറോണ്‍ നഗരത്തിലെ സായുധ പോരാട്ടത്തെക്കുറിച്ച് ഗോലാഘട്ട് നഗരത്തില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് ഗോഗിയെ അറസ്റ്റു ചെയ്തത്. മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന ആരോപണവും ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറയുന്നു.

ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാരെ ആസാമിനുമേല്‍ കെട്ടിവെച്ചാല്‍ ആസാം ജനത ആയുധമെടുക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് ഗോഗോയി പറഞ്ഞെന്നാണ് ആരോപണം. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ ആറുവര്‍ഷത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ കളിഞ്ഞാല്‍ രേഖകളൊന്നും തന്നെ ഇല്ലെങ്കിലും അവര്‍ക്ക് പൗരത്വം അനുവദിക്കാമെന്ന് 2016ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമംകൊണ്ടുവന്നിരുന്നു.


Also Read: സിക്കര്‍: ചെങ്കൊടിക്ക് കീഴിലെ കര്‍ഷകരുടെ പോരാട്ടവീര്യത്തിനു മുമ്പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ സര്‍ക്കാര്‍; കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനം


ആസാം ഭരിക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ശക്തനായ വിമര്‍ശകനായിരുന്നു ഗോഗോയി. കഴിഞ്ഞ ആഴ്ചകളില്‍ അദ്ദേഹം ഒട്ടേറെ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ആസാമില്‍ ബി.ജെ.പി ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

മുന്‍ ജനസംഘ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേര് കോളജുകള്‍ക്കു നല്‍കാനുള്ള ആസാം സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും അദ്ദേഹം ശക്തമായി രംഗത്തുവന്നിരുന്നു.

ഇതിനു പുറമേ ആസാമിലെ കര്‍ഷക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് ഗോഗോയി പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more