ഏറെ ആരാധകരുള്ള, പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. സോഷ്യല്‍മീഡിയ വഴി പേളി പങ്കുവെക്കുന്ന വീഡിയോകള്‍ക്കെല്ലാം വലിയ കാഴ്ചക്കാരെ ലഭിക്കാറുണ്ട്. ഗര്‍ഭകാലത്തും യാത്രകളിലും ഷൂട്ടുകളിലുമായി തിരക്കിലാണ് പേളി.
മറ്റുള്ളവര്‍ തീര്‍ത്ത ചട്ടക്കൂടിനുള്ളിലാവരുത് നമ്മുടെ ജീവിതമെന്ന് പറയുകയാണ് പേളി. വയറുകാണിക്കുന്നതെന്തിനാ, ഇത്തരം വേഷങ്ങള്‍ വേണോ, യാത്രചെയ്യാതെ വീട്ടില്‍ അടങ്ങിയിരുന്നൂടേ എന്നൊക്കെ പലരും ചോദിക്കുമെന്നും അതൊന്നും മനസ്സിലേക്കെടുക്കേണ്ടതില്ലെന്നുമാണ് താരം പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഗര്‍ഭകാലത്തെ യാത്രളെ കുറിച്ചും വീഡിയോകളെ കുറിച്ചുമുള്ള ചോദ്യത്തിന് അമ്മ ചെയ്യുന്നതെല്ലാം കുഞ്ഞിനും അറിയാന്‍ പറ്റുമെന്നും ഡോക്ടറുടെ സമ്മതമുണ്ടെങ്കില്‍ പരമാവധി ആക്ടീവായിരിക്കാമെന്നുമായിരുന്നു താരത്തിന്റെ മറുപടി.
‘ഇഷ്ടമുള്ള സാധനങ്ങള്‍ കഴിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിച്ചും യാത്ര ചെയ്തുമൊക്കെ എന്റെ ഗര്‍ഭകാലം ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇതിനിടെ, ശ്രീനിക്കും നിലുവിനുമൊപ്പം തുര്‍ക്കിയില്‍ പോയി. വയറുകാണിക്കുന്നതെന്തിനാ, ഇത്തരം വേഷങ്ങള്‍ വേണോ, യാത്രചെയ്യാതെ വീട്ടില്‍ അടങ്ങിയിരുന്നൂടേ എന്നൊക്കെ പലരും ചോദിക്കും, അതൊന്നും മനസ്സിലേക്കെടുക്കേണ്ടതില്ല. മറ്റുള്ളവര്‍ തീര്‍ത്ത ചട്ടക്കൂടിനുള്ളിലാവരുത് ഗര്‍ഭകാലവും പ്രസവവും കുഞ്ഞിനെ വളര്‍ത്തലുമൊന്നും’, പേളി പറയുന്നു.
പ്രസവശേഷം പൊതുവേ അമ്മമാര്‍ വേദനകളെല്ലാം മിണ്ടാതെ സഹിക്കും. പാലില്ലാത്തതും കുട്ടി കരയുന്നതുമൊക്കെ അമ്മയുടെ കുഴപ്പം കൊണ്ടാണെന്നൊക്കെ പറയുന്നവരെ മാറ്റിനിര്‍ത്തുക. അടുപ്പമുള്ളവരോട് തുറന്നു സംസാരിക്കണം. നമ്മള്‍ സ്‌ട്രോങ്ങായാലേ നാളെ നമ്മുടെ മക്കളും സ്‌ട്രോങ്ങാവൂ.
മുലപ്പാല്‍ കുടിക്കേണ്ട പ്രായത്തില്‍ കുഞ്ഞിന് പലതും കൊടുക്കാന്‍ ഉപദേശിക്കുന്നവരുണ്ട്. പണവും പ്രശസ്തിയും എല്ലാമുണ്ടെങ്കിലും അമ്മമാര്‍ സഹിക്കേണ്ട കാര്യങ്ങള്‍ എല്ലായിടത്തും ഒരുപോലെ തന്നെയാണ്. കുഞ്ഞിന്റെ കാര്യത്തില്‍ അമ്മയ്ക്ക് പ്രാധാന്യം കൊടുക്കുക. അതുപോലെ ഭര്‍ത്താവിന്റെ പിന്തുണ പ്രധാനമാണ്, താരം പറഞ്ഞു.
ഊര്‍ജസ്വലമായ പേളി വിഷമഘട്ടങ്ങളെ തരണം ചെയ്യുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് തിരിഞ്ഞു നോക്കുമ്പോള്‍ ഏതൊരു വിഷമ ഘട്ടവും നല്ലതിനാണെന്ന് മനസിലാകുമെന്നും സമ്മര്‍ദ്ദമില്ലാതെ നമുക്ക് വളരാന്‍ പറ്റില്ലെന്നുമായിരുന്നു പേളിയുടെ മറുപടി. ‘ മണ്ണിലും ചെളിയിലുമൊക്കെ കിടന്നാണ് ഒരു വിത്ത് മുളച്ച് മരമാകുന്നത്. കുറച്ചൊക്കെ വിഷമങ്ങള്‍ സഹിക്കാന്‍ തയ്യാറാകണം. എന്തുനടന്നാലും ജീവിതത്തില്‍ നല്ലതേ വരൂ എന്ന വിശ്വാസം വേണം,’ താരം പറഞ്ഞു.
Content Highlight: Pearle Maaney about the criticism she faced