'പാലില്ല, അതാണ് കൊച്ച് കരയുന്നത്' എന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി; കുഞ്ഞ് കരയാന്‍ കാരണം നീയാണെന്ന് കേള്‍ക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണ്: പേളി
അവതാരകയായും അഭിനേത്രിയായും എത്തി മലയാളികളുടെ മനസില്‍ ഒരിടം നേടിയെടുത്ത വ്യക്തിയാണ് പേളി മാണി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കുന്ന പേളിയുടെ പുതിയ വിശേഷം മകള്‍ നിലയാണ്. മകളെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ ഏറെയാണ്.
വിവാഹശേഷവും പ്രസവശേഷവും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചില ചോദ്യങ്ങളെ കുറിച്ചും വിഷാദത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് പേളിയിപ്പോള്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കടന്നുപോയ ചില അനുഭവങ്ങളെ കുറിച്ച് പേളി പങ്കുവെക്കുന്നത്.
പ്രസവശേഷമുള്ള വിഷാദത്തിലൂടെ ഒരുപാട് അമ്മമാര്‍ കടന്നുപോവുന്നുണ്ട്. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് ആദ്യത്തെ രണ്ടുമാസം മൂഡ് മാറ്റങ്ങളൊക്കെയുണ്ടായിരുന്നെന്നും എന്നാലും കടുത്ത വിഷാദാവസ്ഥയൊന്നും വന്നിട്ടില്ലെന്നുമായിരുന്നു പേളിയുടെ മറുപടി. അതേസമയം പ്രസവശേഷം ചിലരില്‍ നിന്നുണ്ടായ ചില ചോദ്യങ്ങളും മറ്റും തന്നെ വിഷമിപ്പിച്ചിരുന്നെന്നും പേളി പറയുന്നു.
”ചില ദിവസങ്ങളില്‍ വല്ലാത്ത സങ്കടം വരും. നമ്മുടെ ശരീരം കണ്ണാടിയില്‍ കാണുമ്പോള്‍, പലതരത്തിലുള്ള വേദനകള്‍ വന്ന് ബുദ്ധിമുട്ടിക്കുമ്പോഴൊക്കെ കരയാന്‍ തോന്നും. പ്രസവിച്ചപ്പോള്‍ നീ തടി വെച്ചല്ലോ, നിനക്ക് പാലില്ലല്ലോ എന്നൊക്കെ കമന്റ് അടിച്ച് വേദനിപ്പി ക്കുന്നവരുമുണ്ട്.
ഒരു ദിവസം നില വല്ലാത്ത കരച്ചില്‍. അപ്പോള്‍ എന്റെ അടുത്ത് വന്ന ബന്ധുവിന്റെ കമന്റ്. ‘പാലില്ല, അതാണ് കൊച്ച് കരയുന്നത്’. ഞാനാണെങ്കില്‍ തൊട്ടുമുന്നേ പാല്‍ കൊടുത്തിട്ടേയുള്ളൂ. പക്ഷേ അവര്‍ ഇത് പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം വന്നു. ഞാന്‍ കരയാന്‍ തുടങ്ങി.
പ്രസവം കഴിഞ്ഞ് ഏഴോ എട്ടോ ദിവസമായിട്ടേയുള്ളൂ. ജനിച്ച ഉടനെ കുഞ്ഞ് ചെറുതായി കരഞ്ഞാലും കൂടെ കരഞ്ഞുപോകുന്നവരാണ് അമ്മമാര്‍. അത്രയ്ക്കും സെന്‍സിറ്റീവായ കാലം. ഈയൊരു സമയത്ത് കുഞ്ഞ് കരയാന്‍ കാരണം നീയാണെന്ന് കേള്‍ക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണ്.
എപ്പോഴും മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ടത് നെഗറ്റീവായ കമന്റ് പറഞ്ഞ് പ്രസവിച്ച് കിടക്കുന്ന പെണ്ണിനെ വൈകാരികമായി വിഷമിപ്പിക്കരുതെന്നതാണ്.
നല്ല അമ്മയാണ് എന്ന് വിശ്വസിക്കാനാണ് എല്ലാ അമ്മമാര്‍ക്കും ആഗ്രഹം.
ഒരു അമ്മ ചെയ്യുന്നതിനെ മികച്ചത് എന്നുപറഞ്ഞ് എപ്പോഴും അഭിനന്ദിച്ചുകൊണ്ടിരിക്കണം. നീ ഇന്ന് എന്ത് നന്നായിട്ടാണ് കൊച്ചിനെ നോക്കിയത്, കൊച്ച് വളരെ ഹാപ്പിയാണ് നിന്റെ കൂടെ എന്നൊക്കെ പറഞ്ഞാല്‍ തന്നെ അമ്മയാവുന്ന കാലത്തുള്ള വിഷാദമൊക്കെ താനെ അകന്നുപോവും.
തന്റെ കാര്യത്തില്‍ തന്നെ എപ്പോഴും ഓക്കെ ആക്കിക്കൊണ്ടിരുന്നത് ശ്രീനിഷാണെന്നും പേളി പറയുന്നു. ഇടയ്ക്ക് അവന്‍ പറയും ‘നിന്നെ കാണാന്‍ എന്തൊരു ഭംഗിയാണ്. നിനക്കിപ്പോള്‍ നല്ല തിളക്കം വന്നിട്ടുണ്ടല്ലോ. ഇടയ്ക്ക് വയറില്‍ തൊട്ടുപറയും, ‘ഇതായിരുന്നല്ലോ നമ്മുടെ വാവയു ടെ വീട് ‘ എന്ന്. ഇങ്ങനെയൊക്കെ പറയുമ്പോള്‍ എനിക്ക് നല്ല സന്തോഷം തോന്നിയിരുന്നു. പ്രസവം കഴിഞ്ഞ് ഒരു മാസത്തോളം ഒരു മുറിയില്‍ അടച്ചിരുന്ന് ജീവിക്കുന്ന അമ്മയ്ക്ക് ഇതൊക്കെയല്ലേ വലിയ സന്തോഷം. ആദ്യത്തെ 28 ദിവസം ഞാന്‍ ഫോണ്‍ പോലും തൊട്ടിട്ടില്ല. നമ്മളും നമ്മുടെ ചിന്തയും മാത്രമേ ആ മുറിക്ക് അകത്തുള്ളൂ. ആ സമയത്ത് ഏറ്റവും സപ്പോര്‍ട്ട് തരേണ്ടത് ഭര്‍ത്താവാണ്. ഭര്‍ത്താവ് നമ്മളെ സ്‌നേഹിക്കണം, കൂടെ നില്‍ക്കണം, നമുക്കൊരു താങ്ങായി,” പേളി പറയുന്നു.