തിരുവനന്തപുരം: മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിക്ക് ഏല്‍ക്കേണ്ടിവരുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എം.ബി. രാജേഷ്. ഗൗരി ലങ്കേഷിന്റെ ക്രൂരമായ വധം ആഘോഷിച്ചവര്‍ തന്നെയാണിപ്പോള്‍ വിരാട് കോഹ്‌ലിയുടെ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഹ്‌ലിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണ്.
കളിയില്‍ ജയ പരാജയങ്ങള്‍ സ്വാഭാവികമാണ്. ജയം യുദ്ധവിജയം പോലെ ആഘോഷിക്കുകയും പരാജയത്തിന്റെ പേരില്‍ കല്ലെറിയുകയും ക്രൂശിക്കുകയും ചെയ്യുന്നത് അപരിഷ്‌കൃതമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ നേതൃത്വം പറയേണ്ടിയിരുന്നതാണ് കോഹ്‌ലി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. കളത്തിനു പുറത്തും എക്കാലത്തെയും മികച്ച നായകനായിട്ടാവും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
‘മതം പറഞ്ഞ് ഒരാളെ ആക്രമിക്കുന്നത് നട്ടെല്ലില്ലായ്മയും പരിതാപകാരവുമാണ്’ എന്നാണ് കോഹ്‌ലി തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികളോട് പറഞ്ഞത്. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഒന്‍പതു മാസം പ്രായമുള്ള മകള്‍ക്ക് ബലാല്‍സംഗ ഭീഷണി ഉയര്‍ത്തിയിരിക്കയാണ്. ശക്തമായ പ്രതിഷേധം ഉയരേണ്ട സന്ദര്‍ഭമാണിത്. ലജ്ജ കൊണ്ട് ഭാരതീയരുടെയാകെ തല കുനിയേണ്ടതാണ്.
ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ നേതൃത്വം പറയേണ്ടിയിരുന്നതാണ് കോഹ്‌ലി പറഞ്ഞത്. ടീം ജയിക്കുമ്പോള്‍ അഭിനന്ദനം ചൊരിയുകയും ഒപ്പം നിന്ന് ഫോട്ടോയെടുത്ത് പങ്കുപറ്റുകയും ചെയ്യുകയും മാത്രമല്ലല്ലോ ചെയ്യേണ്ടത്. തോല്‍വിയിലും തിരിച്ചടിയിലും ഒപ്പം നില്‍ക്കുക കൂടി ചെയ്യുന്നതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. വര്‍ഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോള്‍ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്തമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ ചില താരങ്ങള്‍ക്ക് ഷൂട്ടൗട്ടില്‍ പിഴച്ചപ്പോള്‍ വംശീയാക്രമണം നേരിടേണ്ടിവന്നു. അന്ന് ഫ്രഞ്ച് ടീം ആകെ ഒപ്പം നിന്നു. വംശീയ വിവേചനത്തിനെതിരെ ക്രിക്കറ്റ് താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി പ്രതിഷേധിക്കുന്ന കാലമാണിത്. കളിക്കളങ്ങള്‍ വര്‍ഗീയവും വംശീയവും ജാതീയവുമായ എല്ലാ സങ്കുചിതത്വങ്ങള്‍ക്കുമതീതമായ മാനവികതയും സൗഹൃദവും പുലര്‍ത്തേണ്ട ഇടങ്ങളാണ്. എന്നാല്‍ ഇന്ത്യയിലെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട, പകയുടെയും വിദ്വേഷത്തിന്റെയും അന്തരീഷം കളിക്കളങ്ങളിലേക്കും പടരുന്നത് പതിവായിരിക്കുന്നുവെന്നും എം.ബി. രാജേഷ് പറഞ്ഞു.
‘ഈ രാജ്യസ്‌നേഹികളെല്ലാം കൂടി എങ്ങനെയൊക്കെയാണ് ഇന്ത്യയെ അധഃപതിപ്പിക്കുന്നത്? ഇവിടെയാണ് വിരാട് കോഹ്‌ലി എന്ന നായകന്റെ നിലപാട് ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ബഹുസ്വര ഇന്ത്യ എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഷമിയെ പിന്തുണച്ച കോഹ്‌ലിയുടെ നിലപാട്. അതാണ് രാജ്യസ്‌നേഹപരമായ നിലപാട്. കോഹ്‌ലിയെ ചൊല്ലി അഭിമാനിക്കുന്നു. ആ നിലപാടിനെ പിന്തുണക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Speaker MB Rajeesh responds to cyber attack on Virat Kohli