| Friday, 6th October 2023, 3:50 pm

സമാധാന നോബേൽ ഇറാനിലെ തടവറയിലേക്ക്; സ്ത്രീ അവകാശപ്രവർത്തക നർഗീസ് മുഹമ്മദി ജേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓസ്‌ലോ: ഇറാനിലെ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ പൊരുതുന്ന നർഗീസ് മുഹമ്മദിയെ ഈ വർഷത്തെ സമാധാന നോബേൽ ജേതാവായി തെരഞ്ഞെടുത്തു.

13 തവണ ഇറാനിയൻ സർക്കാർ അറസ്റ്റ് ചെയ്തിട്ടുള്ള നർഗീസിനെ 154 കേസുകളിലായി 32 വർഷത്തെ തടവിന് വിധിച്ചിരിക്കുകയാണ്. നിലവിൽ ഇറാനിലെ ജയിലിൽ കഴിയുകയാണ് നർഗീസ്. സർക്കാരിനെതിരെ പ്രൊപഗണ്ട പ്രചരിപ്പിച്ചുവെന്ന ആരോപണം ഉൾപ്പെടെയുള്ള കേസുകളിലാണ് നർഗീസ് മുഹമ്മദി തടവിൽ കഴിയുന്നത്.

ഇറാനിൽ ജനാധിപത്യത്തിനായും മനുഷ്യാവകാശങ്ങൾക്കുമായുള്ള നർഗീസിന്റെ ധീരമായ പോരാട്ടത്തെ ആദരിക്കുന്നതിനാണ് ഈ വർഷത്തെ നൊബേൽ അവർക്ക് നൽകുന്നതെന്ന് നോബേൽ കമ്മിറ്റി ചെയർപേഴ്സൺ റെയ്സ് ആൻഡേഴ്സൺ അറിയിച്ചു.

ജനാധിപത്യം തകരുകയാണ് എന്നാണ് ഈ വർഷത്തെയും കഴിഞ്ഞ വർഷങ്ങളിലേയും സമാധാന നോബേൽ ജേതാക്കളുടെ പട്ടിക സൂചിപ്പിക്കുന്നത് എന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. സ്വന്തം ജനത പറയുന്നത് കേൾക്കണമെന്ന ഇറാൻ സർക്കാറിനോടുള്ള സന്ദേശമായിരിക്കും ഈ പുരസ്കാരമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കമ്മിറ്റി പറഞ്ഞു.

പുരസ്‌കാരം ഇറാനിലെ ആക്ടിവിസ്റ്റുകളുടെ ജീവന് സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി നർഗീസിന്റെ സഹോദരൻ ഹമീദ്രേസ പറഞ്ഞു. ഇറാൻ സർക്കാരിന്റെ ഭരണകൂടത്തിന് കീഴിൽ നർഗീസ് ജയിലിൽ നിന്ന് ഒരിക്കലും മോചിതയാകാൻ സാധ്യതയില്ലെന്നും ഹമീദ്രേസ പറഞ്ഞു.

2003ലെ സമാധാന നോവൽ ജേതാവ് ഷെറിൻ ഇബാദിയുടെ ഡിഫൻഡെഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്റർ എന്ന എൻ.ജി.ഒയുടെ ഡെപ്യൂട്ടി ഹെഡാണ് നർഗീസ്.

351നോമിനേഷനുകളിൽ നിന്നാണ് സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടുന്ന 19-ാമത് വനിതയായി നർഗീസ് മുഹമ്മദി തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight: Peace Nobel to Iran Jail; Nargis Mohammadi became laureate

Latest Stories

We use cookies to give you the best possible experience. Learn more