| Friday, 6th January 2017, 1:16 pm

കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ എന്‍.ആര്‍.ഐ ആണ്: ഇസ്ലാമിക പ്രബോധനമെന്ന 'കുറ്റകൃത്യ'മല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും എം.എം അക്ബര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇസ്ലാമിക പ്രബോധനമെന്ന “കുറ്റകൃത്യ”മല്ലാതെ മറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്ന്  പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എം.ഡി എം.എം അക്ബര്‍.

പോലീസിനെ പേടിച്ച് മുങ്ങിനടക്കുകയാണെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സാമൂഹ്യബോധവും രാഷ്ട്രസേവനത്തിന് താല്‍പര്യവുമുള്ള അടുത്ത തലമുറയെ വാര്‍ത്തെടുക്കുവാനായി കുറച്ച് സ്‌കൂളുകള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കുകയും അവ നടത്തുവാന്‍ മുന്നില്‍ നടക്കുകയും ചെയ്തുവെന്നതാണ്  താന്‍ ചെയ്ത “പാതകമെന്നും എം.എം അക്ബര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു എം.എം അക്ബറിന്റെ പ്രതികരണം.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എന്റെ പ്രധാനപ്പെട്ട സേവനമേഖല ഖത്തറാണ്. ഞാന്‍ ഒരു എന്‍.ആര്‍.ഐ ആണ്. കാസര്‍ക്കോട് നിന്ന് കാണാതായ ഇരുപത്തിയൊന്നുപേരില്‍ നാലുപേര്‍ പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് കണ്ടെത്തുകയും അതെ കുറിച്ച അന്വേഷണമാരംഭിക്കുകയും ചെയ്തപ്പോള്‍ പോലീസ് ചോദ്യംചെയ്യലുകള്‍ക്ക് മറുപടി പറയാന്‍ ഖത്തറില്‍ നിന്നാണ് ഞാന്‍ കേരളത്തിലെത്തിയതെന്നും അക്ബര്‍ പറയുന്നു.

കാസര്‍കോട്, കോഴിക്കോട്, എറണാംകുളം ജില്ലകളില്‍ നിന്നുള്ള പോലീസുദ്യോഗസ്ഥന്മാരും ഐ.ജി മുതല്‍ എന്‍.ഐ.എ വരെയുള്ള അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥന്മാര്‍ മണിക്കൂറുകളോളംചോദ്യംചെയ്തിരുന്നെന്നും എന്നാല്‍ എന്നില്‍ ഭീകരതയുണ്ടെന്ന് തോന്നുകയോ അത്തരം നടപടികളിലേക്ക് അവര്‍ തിരിയുകയോ ചെയ്തിട്ടില്ലെന്നും എം.എം അക്ബര്‍ പറയുന്നു.


പീസ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ഒരു ഇസ്‌ലാമിക പാഠപുസ്തകവുമായി ബന്ധപ്പെട്ട ആരോപണമുണ്ടായപ്പോള്‍ താന്‍ പത്രസമ്മേളനം നടത്തിയിരുന്നെന്നും  അന്ന് മണിക്കൂറുകള്‍ നീണ്ട മാധ്യമവിചാരണയ്ക്ക് വിധേയനനായിരുന്നെന്നും അക്ബര്‍ പറയുന്നു.

എന്നിലൊരു ഭീകരവാദിയുണ്ടെന്ന് അന്ന് മാധ്യമങ്ങള്‍ക്കൊന്നും തോന്നിയിട്ടില്ല. എന്നാല്‍, ഇസ്ലാമിക പ്രബോധനം ഭീകരതയാണെന്ന് വരുത്തണമെന്ന് ലക്ഷ്യത്തോടുകൂടിയുള്ള ഉദ്യോഗസ്ഥ-മാധ്യമ കൂട്ടുകെട്ടിന്റെ നീക്കങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ നീക്കമാണ് താന്‍ മുങ്ങിയെന്ന വാര്‍ത്തയെന്നും അക്ബര്‍ പറയുന്നു.

പീസ് സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് റെയ്ഡ് നടന്നിട്ടില്ലെന്നും സ്‌കൂളുമായി ബന്ധപ്പെട്ട ചില രേഖകള്‍ പോലീസ് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും അക്ബര്‍ പറയുന്നു.

ഇസ്ലാമിക പ്രബോധനത്തെ കുറ്റകൃത്യമായും മുസ്ലിം സ്ഥാപനങ്ങളെ ഭീകരതാഉല്‍പാദന കേന്ദ്രങ്ങളായും അവതരിപ്പിച്ച് ഇസ്ലാം ഭീതിയുണ്ടാക്കുകയും അതിന്റെ മറവില്‍ ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിന് വളരാന്‍ മണ്ണൊരുക്കുകയും ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും അക്ബര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് ഇന്നലെയായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ റെയ്ഡില്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

സ്‌കൂള്‍ എം.ഡി എം.എം അക്ബറിനെ ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് പോലീസ് ഇന്ന് എത്തിയതെങ്കിലും അദ്ദേഹം വിദേശത്താണെന്ന മറുപടിയായിരുന്നു പോലീസിന് ലഭിച്ചത്.

മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരിലും  ഐസിസുമായി ബന്ധമുള്ള ചിലര്‍ കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഈ സ്‌കൂളിനെ സംബന്ധിച്ച് അന്വേഷണം നടത്തിയത്.

മത തീവ്രവാദ സ്വഭാവമുള്ള കാര്യങ്ങള്‍ ചെറിയ ക്ലാസിലെ കുട്ടികളെ പോലും പഠിപ്പിക്കുന്നതായും പോലീസിന് സൂചന ലഭിച്ചിരുന്നു.

We use cookies to give you the best possible experience. Learn more