| Monday, 17th April 2023, 1:06 pm

റഷ്യ-ഉക്രൈന്‍ യുദ്ധം; യുദ്ധത്തില്‍ പങ്കാളികളല്ലാത്ത രാജ്യങ്ങളെ ഉള്‍പ്പെടുത്തി സമാധാന സംഘം രൂപീകരിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് പരിഹാരമുണ്ടാകണമെന്നും അതിനായി സമാധാന സംഘം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ പങ്കാളികളായിട്ടില്ലാത്ത രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സംഘത്തെ രൂപീകരിക്കണമെന്നും സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്നുമാണ് സില്‍വ പറഞ്ഞത്.

ഇക്കാര്യം താന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സംസാരിച്ചിരുന്നെന്നും സില്‍വ വ്യക്തമാക്കി. തന്റെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ലുല ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഏഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സില്‍വ ഇക്കാര്യങ്ങള്‍ പറഞ്ഞത്. യുദ്ധത്തിലുപരി സമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറുള്ള കുറച്ച് നേതാക്കളെ ഒന്നിച്ച് ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് സില്‍വ പറഞ്ഞത്.

യുദ്ധം മാനവരാശിക്ക് ഒരു ഗുണങ്ങളും നല്‍കില്ലെന്നും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സില്‍വ ആവശ്യപ്പെട്ടു. യുദ്ധത്തിലെ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഇടപെടലുകളുടെ നിശിത വിമര്‍ശകനാണ് സില്‍വ. യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് അമേരിക്കയുടേത് എന്നാണ് ലുലയുടെ ആരോപണം.

‘ഉക്രൈനോടും റഷ്യയോടും സംസാരിക്കാനായി യുദ്ധവുമായി യാതൊരു ബന്ധവുമില്ലാത്ത രാജ്യങ്ങളുടെ ഒരു സംഘത്തെ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. സമാധാമാണ് മികച്ച മാര്‍ഗമെന്ന് ഇരു രാജ്യങ്ങളെയും ബോധ്യപ്പെടുത്താന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ശ്രമിക്കണം,’ സില്‍വ പറഞ്ഞു.

യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നവരെയല്ല ആവശ്യമെന്നും യുദ്ധാവശ്യങ്ങള്‍ക്കായി ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും സില്‍വ ആവശ്യപ്പെട്ടിരുന്നു. റഷ്യ ഉക്രൈനില്‍ ആക്രമണം തുടങ്ങിയത് മുതല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉക്രൈന് ആയുധങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു.

യുദ്ധവുമായി ബന്ധപ്പെട്ട് ഒരു രാജ്യത്തിനും ആയുധങ്ങള്‍ നല്‍കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

യുദ്ധം രണ്ട് രാജ്യങ്ങളെടുത്ത തീരുമാനമാണെന്നും അത് അവസാനിപ്പിക്കാന്‍ മറ്റുള്ളവരുടെ കൂട്ടായ ശ്രമമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വര്‍ഷമാദ്യം ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കിയെ സില്‍വ ഫോണില്‍ വിളിച്ചിരുന്നു. കഴിഞ്ഞ ദിവസം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ബ്രസീല്‍ സന്ദര്‍ശിച്ചിരുന്നു.

തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കൊല്ലപ്പെട്ട 82 ഉക്രൈന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം റഷ്യ കൈമാറിയിരുന്നു. യുദ്ധത്തടവുകാരോടുള്ള റഷ്യയുടെ പെരുമാറ്റം ക്രൂരമാണെന്ന് ഉക്രൈന്‍ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ട്.

Content Highlights: peace group should  form in russia-ukraine war:Lula

We use cookies to give you the best possible experience. Learn more