ഗസ: പതിനഞ്ച് മാസം നീണ്ട് നിന്ന ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തില്‍ ആശ്വാസം. ഖത്തറിന്റെയും യു.എസിന്റെയും ഈജിപ്തിന്റേയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലൂടെ നിലവില്‍ വന്ന 42 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍ വരും. അവസാനത്തെ നടപടിയെന്നോണം വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് ഇസ്രഈല്‍ മന്ത്രിസഭയില്‍ വോട്ടിനിടും.
മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം 42 ദിവസം നീണ്ട് നില്‍ക്കുന്നതാണ്. ഈ ഘട്ടത്തില്‍ ഹമാസിന്റെ പക്കലുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 33 ബന്ദികളെ ഇസ്രഈലിന് കൈമാറും.
ഇതിന് പകരമായി ഇസ്രഈല്‍ തടവറകളില്‍ കഴിയുന്ന 2000ത്തോളം ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. ഇസ്രഈല്‍ ഓരോ സിവിലിയന്‍ ബന്ദിക്കായി 30 ഫലസ്തീന്‍ തടവുകാരെയും ഓരോ ഇസ്രഈല്‍ വനിതാ സൈനികര്‍ക്കായി 50 തടവുകാരെയും മോചിപ്പിക്കും.
ഈ ഘട്ടത്തില്‍ തന്നെ ഗസയുടെ ജനവാസമേഖലകളില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിന്‍മാറും. ഇതോടെ ഗസയുടെ വടക്ക് ഭാഗങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയ പ്രദേശവാസികള്‍ക്ക് ഇവിടേക്ക് തിരിച്ച് വരാന്‍ സാധിക്കും. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഇസ്രഈല്‍ പിന്മാറിയാലും ഗസയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സൈന്യം സാന്നിധ്യം നിലനിര്‍ത്തും. ഇനിമുതല്‍ ദിവസവും 600 ട്രക്കുകള്‍ ഗസയിലേക്ക് സഹായ സാമഗ്രികള്‍ എത്തിക്കും. ഇതില്‍ 50 ഇന്ധന ട്രക്കുകളും ഉള്‍പ്പെടും.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതോടെ ഈജിപ്ത് അതിര്‍ത്തിയിലെ റഫാ അതിര്‍ത്തി തുറക്കും. കൂടാതെ ഫിലാഡല്‍ഫിയ ഇടനാഴിയില്‍ നിന്നും ഇസ്രഈല്‍ സൈന്യം പിന്മാറും. ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന കരാറിന്റെ 16ാം ദിവസത്തില്‍ രണ്ടും മൂന്നും ഘട്ടത്തിന്റ ചര്‍ച്ചകള്‍ ആരംഭിക്കും.
രണ്ടാമത്തെ ഘട്ടത്തില്‍ ഹമാസ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കും. കൂടാതെ സ്ഥിരമായ വെടിനിര്‍ത്തലിനുമുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ ഇസ്രഈല്‍ സൈന്യം പൂര്‍ണമായും ഗസയില്‍ നിന്ന് പിന്മാറണം.
മൂന്നാംഘട്ടത്തില്‍ ഗസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ വിജയിച്ചതോടെ ഗസയിലെ ജനങ്ങള്‍ ആഘോഷപ്രകടനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം കരാര്‍ പൂര്‍ണമായും പാലിക്കപ്പെടണമെന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത യു.എസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാസങ്ങളുടെ പ്രയത്‌നത്തിന് ശേഷമാണ് കരാര്‍ നടപ്പിലായത്. അതിനാല്‍ അത് കര്‍ശനമായി നടപ്പാക്കണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
Content Highlight: Peace dawns in Gaza; Implementation of ceasefire agreement in three phases