പ്രതിപക്ഷമില്ലാത്ത രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമില്ല; മതഗ്രന്ഥങ്ങളെ കൂട്ടുപിടിച്ചുള്ള ഭരണം ഇന്ത്യയെ പിറകോട്ട് നയിക്കും: പി.ഡി.ടി. ആചാരി
Kerala News
പ്രതിപക്ഷമില്ലാത്ത രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമില്ല; മതഗ്രന്ഥങ്ങളെ കൂട്ടുപിടിച്ചുള്ള ഭരണം ഇന്ത്യയെ പിറകോട്ട് നയിക്കും: പി.ഡി.ടി. ആചാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th April 2023, 11:46 pm

കണ്ണൂര്‍: നിയമ നിര്‍മാണ സഭയുടെ നിലവിലെ സ്തംഭനാവസ്ഥയുടെ പ്രധാന കാരണം പ്രതിപക്ഷമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി പി.ഡി.ടി. ആചാരി. യഥാര്‍ത്ഥത്തില്‍ ഭരണപക്ഷത്തിന്റെ കടുംപിടുത്തമാണ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതെന്നും പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷമില്ലാത്ത രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമുണ്ടാകില്ലെന്നും പി.ഡി.ടി ആചാരി അഭിപ്രായപ്പെട്ടു. എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയോടനുബന്ധിച്ച് നടത്തിയ രാഷ്ട്രീയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളില്‍ പൊതുസമൂഹം ആശങ്കപ്പെടേണ്ടതുണ്ടെന്നും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സമൂഹം വിസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ബന്ധം ആരോഗ്യകരമാകണം. രാഷ്ട്രീയ പ്രതിയോഗികള്‍ എന്നതില്‍ നിന്ന് മാറി പ്രതിപക്ഷം സംഹരിക്കപ്പെടേണ്ടവരാണെന്ന ചിന്ത അപകടകരമാണ്. പ്രതിപക്ഷത്തെ ചര്‍ച്ചകള്‍ക്ക് ക്ഷണിക്കുകയോ, ചര്‍ച്ചകള്‍ അനുവദിക്കുകയോ ചെയ്യുന്നില്ല. പ്രതിപക്ഷമില്ലാത്ത രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമുണ്ടാകില്ല.

ജനാധിപത്യ മതേതരത്വ മൂല്യങ്ങളില്‍ പൊതുസമൂഹം ആശങ്ക പ്രകടിപ്പിക്കുന്നതില്‍ കാര്യമുണ്ട്. പാര്‍ലമെന്റ് ചര്‍ച്ചകള്‍ നടക്കേണ്ട ഇടമാണെങ്കിലും ഇന്ന് കാര്യങ്ങള്‍ മാറി. ഭരണഘടനയുടെ അന്തസത്തയുള്‍ക്കൊള്ളുന്ന ആമുഖ വാചകങ്ങളെയും അതെഴുതിയ വ്യക്തിയെയും പുതിയ തലമുറ മറവിക്ക് വിടുന്നു,’ പി.ഡി.ടി ആചാരി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനപരമായി മതേതരത്വത്തില്‍ അധിഷ്ഠിതമാണെന്നും മതത്തെ കൂട്ടുപിടിച്ചുള്ള നിയമ നിര്‍മാണം രാജ്യത്തെ പിന്നോട്ട് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഭരണഘടന അടിസ്ഥാനപരമായി സെക്യൂലറിസമാണെങ്കിലും ഇന്നും അതെ കുറിച്ചുള്ള സംവാദം നിലനില്‍ക്കുന്നു. മതേതരത്വം എന്നതിന്റെ അര്‍ഥം ഭരണകൂടത്തിന് മതമില്ല എന്ന് തന്നെയാണ്. പാര്‍ലമെന്റും കൂട്ടുത്തരവാദിത്വമുള്ള മന്ത്രി സഭയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ രണ്ട് തൂണുകളാണ്. അതുകൊണ്ടുതന്നെ രണ്ടിന്റെയും സംരക്ഷണം അനിവാര്യമാണ്.

രാജ്യത്ത് മതഗ്രന്ഥങ്ങളെ കൂട്ടുപിടിച്ചു നിയമ നിര്‍മാണവും ഭരണവും നടത്താന്‍ ശ്രമിച്ചാല്‍ നൂറ്റി നാല്പത് കോടിയിലധികം വരുന്ന ജനങ്ങളും ആറ് പ്രധാന ന്യൂനപക്ഷങ്ങളും അധിവസിക്കുന്ന ഈ രാജ്യം മുന്നോട്ടു പോകില്ല,’ അദ്ദേഹം പറഞ്ഞു.

ചടങ്ങിന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. ജാബിര്‍ അധ്യക്ഷത വഹിച്ചു. ഡോ: എം.എസ്. മുഹമ്മദ്, അനീസ് മുഹമ്മദ് ആലപ്പുഴ, ഫാറൂഖ് കാസര്‍ഗോഡ് എന്നിവര്‍ സംസാരിച്ചു.

മൂന്നു ദിവസമായി ഏഴ് വേദികളിലായി നടന്നു വരുന്ന 50 സമ്മേളനത്തില്‍ ധിഷണ, സൗഹൃദം; ആസാദിന്റെ സ്വപ്ന രാജ്യം എന്ന വിഷയത്തില്‍ ഡോ. ശിവദാസന്‍ പ്രഭാഷണം നടത്തി. ദേശീയ വിദ്യാഭ്യാസ നയം ആന്തരീക ആശയങ്ങള്‍ പ്രതിഫലനങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ ഡോ. എം.എന്‍. മുസ്തഫ, ഡോ. ശ്യാംകുമാര്‍, ശഫീഖ് സിദ്ധീഖി എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തിന്റെ വര്‍ത്തമാനം പൗരന്റെ ഭാവി എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ.പി.സി.സി സെക്രട്ടറി എം. ലിജു, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.കെ. സനോജ്, കെ.ബി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമങ്ങള്‍ ഭരണകൂടമുഖ പത്രമാകുമ്പോള്‍ ജനാധിപത്യത്തിന് എന്ത് സംഭവിക്കുന്നു, എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരായ ആര്‍. രാജഗോപാല്‍, രാജീവ് ശങ്കരന്‍ എന്നിവരും സംസാരിച്ചു.

Content Highlight: pdt achari speech on ssf program