Kerala News
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിന്തുണക്കുമെന്ന് പി.ഡി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 12, 12:20 pm
Friday, 12th April 2024, 5:50 pm

തിരുവനന്തപുരം: ലോക്‌സഭാ തെരരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണക്കുമെന്ന് പി.ഡി.പി. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി ഇതിന് അംഗീകാരം നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. മതേതര രാജ്യത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ചെറുക്കണമെങ്കില്‍ ഇടത് മതേതര ചേരി ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഇടത് മുന്നണിയെ പിന്തുണക്കുക വഴി ഇത് ശക്തിപ്പെടുത്താനാകുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം.

ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയമെന്ന് പാർട്ടി നേതൃത്വം പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ബി.ജെ.പി. ഭരണത്തില്‍ തകര്‍ന്നെന്നും സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയെന്നും അവർ കൂട്ടിച്ചേർത്തു.

മതേതര രാജ്യത്തെ മതരാഷ്ട്രമാക്കി പ്രഖ്യാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു. ഈ സാഹചര്യങ്ങളില്‍ ഫാസിസത്തോട് സന്ധിയാകാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുമതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്ന് പി.ഡി.പി. വിലയിരുത്തുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇടത് മുന്നണിയെ തന്നെയാണ് പി.ഡി.പി പിന്തുണച്ചത്. ഇത്തവണയും അത് തുടരാനാണ് തീരുമാനമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

അടുത്തിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു.

Content Highlight: PDP will support the Left Front in the Lok Sabha elections