| Friday, 4th November 2022, 5:15 pm

മഅ്ദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച ഫൈസല്‍ ബാബുവിന്റെ നിലപാടാണോ ലീഗിനുള്ളതെന്ന് സാദിഖലി മറുപടി പറയണം: പി.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസല്‍ ബാബുവിന്റെ നിലപാട് മുസ്‌ലിം ലീഗിന്റെ നിലപാടാണോ എന്ന് പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തിക്കോടി.

അബ്ദുന്നാസിര്‍ മഅദനി കാല്‍ നൂറ്റാണ്ടോളമായി തടവില്‍ കഴിയുന്നത് ഫാസിസത്തോട് സന്ധി ചെയ്യാന്‍ തയ്യാറല്ലാത്തതിനാലാണ്. കോയമ്പത്തൂര്‍ ജയിലില്‍ ഒന്‍പതര വര്‍ഷത്തിലധികം മഅദനി കിടന്നപ്പോഴും അദ്ദേഹം നിരപരാധിയാണെന്ന് ഭരണകൂടങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. കെട്ടിച്ചമച്ച ബാംഗ്‌ളൂര്‍ സ്‌ഫോടന കേസിലും മഅദനി നിരപരാധിയാണെന്ന് ഭരണകൂടത്തിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് വിചാരണ പരമാവധി വൈകിപ്പിച്ച് കേസ് നീട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നും നൗഷാദ് തിക്കോടി പറഞ്ഞു.

ഫാസിസത്തിനെതിരെ ശബ്ദിക്കില്ലെന്ന ഉറപ്പു നല്‍കിയാല്‍ അദ്ദേഹത്തിന് പുറത്ത് വരാനാകും. എന്നാല്‍ മരണം വരെ അതുണ്ടാകില്ല. 12 വര്‍ഷമായി ബെംഗളൂരുവില്‍. നാല് വര്‍ഷമായി ബെംഗളൂരു സിറ്റിയില്‍ ജയിലിന് സമാനമായ രീതിയില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ജുമുഅ നമസ്‌ക്കാരത്തിന് പോകാന്‍ പോലും അനുമതിയില്ലാതെ കഴിയുകയാണ്.

രോഗിയായ പിതാവിനെ പോലും കാണാന്‍ അനുമതിയില്ലാതെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ഗുരുതരമായ രോഗങ്ങളാല്‍ ക്ലേശപ്പെട്ട് കഴിയുന്നയാളോടുള്ള പരിഹാസം സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. പൊതുതെരഞ്ഞെടുപ്പ് വേളയിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും മഅദനിയെ സന്ദര്‍ശിച്ച് പി.ഡി.പി. പിന്തുണ തേടുന്ന ലീഗ് നേതൃത്വം അക്കാര്യങ്ങള്‍ കവല പ്രാസംഗികര്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും നൗഷാദ് തിക്കോടി പറഞ്ഞു.

മൂന്ന് പതിറ്റാണ്ട് മുന്‍പ് മഅദനി മുന്നറിയിപ്പുനല്‍കിയതുപോലെ, ഫാസിസം അതിന്റെ രൗദ്രഭാവങ്ങളോടെ ഉറഞ്ഞുതുള്ളുമ്പോള്‍ പോലും മഅദനിയുടേയും കുടുംബത്തിന്റെയും ചോരയും പച്ച മാംസവുമാണ് ലീഗിന് പഥ്യം എന്നത് പൊതുസമൂഹം തിരിച്ചറിയണം. അബ്ദുന്നാസിര്‍ മഅദനിയേയും കുടുംബത്തേയും കുറിച്ച് അപവാദ പ്രചരണം തുടരാനാണ് ഭാവമെങ്കില്‍ അവരെ തെരുവില്‍ നേരിടാന്‍ പി.ഡി.പി.നിര്‍ബന്ധിതരാകുമെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ചെമ്മാട് വെച്ച് നടന്ന മുസ്ലിം ലീഗ് പൊതുസമ്മേളനത്തിലായിരുന്നു മഅ്ദനിയെയും ഭാര്യ സൂഫിയ മഅ്ദനിയെയും അധിക്ഷേപിച്ചുള്ള യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബുവിന്റെ വിവാദ പരാമര്‍ശം.

‘ബെംഗളുരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം, കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയി,’ എന്നായിരുന്ന ഫൈസല്‍ ബാബു പറഞ്ഞത്.

‘തിരൂരങ്ങാടി തെരുവിലൂടെ കരിമ്പൂച്ചകളുടെ അകമ്പടിയോടെ കടന്നുപോയ ജാഥ കണ്ടിട്ടുള്ളവരേ… ആ മനുഷ്യന്റെ ദയനീയ സ്ഥിതി ഈ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ നിങ്ങള്‍ കാണുന്ന ചിത്രമില്ലേ അതുപോലെയാണ്.

ഞങ്ങള്‍ സെലിബ്രേറ്റ് ചെയ്യുകയല്ല, അതിന് സമാനമായി ബെംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ കഴിയുകയാണ് ആ മനുഷ്യന്‍,’ ഫൈസല്‍ ബാബു പറഞ്ഞു.

Content Highlight: PDP wants Sadiqali Thangal as should answer whether Faisal Babu’s stand for insulting Madani and his family belongs to the Muslim League

We use cookies to give you the best possible experience. Learn more