കോഴിക്കോട്: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ നിന്ദിച്ചും നീചമായി പരിഹസിച്ചും പ്രസംഗിച്ച യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബുവിന്റെ പുതിയ വിശദീകരണം രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് പി.ഡി.പി.
ഫൈസല്‍ ബാബുവിന്റെ നെടുങ്കന്‍ വിശദീകരണത്തിലെവിടെയും മഅ്ദനിക്കും കുടുംബത്തിനുമെതിരായ നിന്ദാ പരാമര്‍ശത്തില്‍ ഒരു ഖേദപ്രകടനം പോലുമില്ല. മഅദനിയുടെ ശത്രു പി.ഡി.പിയാണെന്ന ലീഗ് പ്രചാരണം ആവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തിക്കോടി വിമര്‍ശിച്ചു.
ഇരക്ക് വീട് നിര്‍മിച്ച് നല്‍കിയും കൈ നിറയെ പണം നല്‍കിയും കാര്‍ വാങ്ങിക്കൊടുത്തും ജഡ്ജിയെ സ്വാധീനിച്ചും കേസില്‍ നിന്നും രക്ഷപ്പെടാന്‍ മഅദനിയുടേത് ഐസ്‌ക്രീം പാര്‍ലര്‍ കേസല്ല. അതല്ലെങ്കില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ പള്ളി നിര്‍മ്മാണ ഫണ്ട് വെട്ടിച്ചതോ, ജ്വല്ലറി കച്ചവട തട്ടിപ്പോ, ഇഞ്ചി കൃഷിയിലൂടെ കണക്കില്ലാ പണം സമ്പാദിച്ചതോ അല്ല. ദളിത്-മുസ്‌ലിം-പിന്നാക്ക സമുദായ ഐക്യം സൃഷ്ടിച്ചതിനാണ് കള്ളക്കേസില്‍ കുടുക്കി മഅദനിയെ ജയിലിലടച്ചിരിക്കുന്നതെന്നും നൗഷാദ് തിക്കോടി പറഞ്ഞു.
കേരളീയ പൊതു സമൂഹത്തില്‍ ഫാസിസം എന്ന വാക്ക് ചര്‍ച്ചയായത് മഅ്ദനിയുടെ നാവിലൂടെയായിരുന്നു. ആയിരംപള്ളികള്‍ തകര്‍ത്താലും ഒരു ക്ഷേത്രത്തിന്റെ മുറ്റത്തു നിന്നും ഒരു പിടി മണ്ണ് പോലും വാരി മാറ്റരുതെന്നാണ് മഅദനി അനുയായികളെ പഠിപ്പിച്ചത്. എന്നിട്ടും സമാധാനത്തിന്റെ പേറ്റന്റ് ലീഗിന്റെ പേരിലാണ്. ബാബരി മസ്ജിദ് ആര്‍.എസ്.എസ് പൊളിച്ചതിന് കാരണം മഅദനിയുടെ പ്രസംഗമാണെന്ന് ഇപ്പോഴും പ്രസംഗിക്കുന്ന ലീഗ് നേതാക്കളുണ്ടെന്നും നൗഷാദ് തിക്കോടി ചൂണ്ടിക്കാണിച്ചു.
മഅ്ദനിക്കും കുടുംബത്തിനുമെതിരെയുള്ള നീചമായ പരാമര്‍ശങ്ങളില്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ പാണക്കാട് കുടുംബം അംഗീകരിക്കില്ലെന്നാണ് വിശ്വാസം. വിടുവായത്തങ്ങള്‍ ഒഴിവാക്കി മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്നും പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെക്കുറിച്ചും ഭാര്യ സൂഫിയ മഅ്ദനിയെക്കുറിച്ചുമുള്ള തന്റെ പരാമര്‍ശം ചിലര്‍ വളച്ചൊടിച്ചെന്നാണ് ഫൈസല്‍ ബാബു കഴിഞ്ഞ ദിവസം പറഞ്ഞത്. മഅ്ദനി സ്വീകരിച്ചിരുന്ന ശൈലിയോട് അന്നും ഇന്നും കടുത്ത വിയോജിപ്പുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പി.ഡി.പി മഅ്ദനിയുടെ മുഖ്യശത്രുവായി അദ്ദേഹത്തെ പിന്തുടരുകയാണ്. തന്നെ വഴിയില്‍ തടയുമെന്നാണ് പി.ഡി.പിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നത്. അത് നല്ല തമാശയാണെന്നും ഊക്കുള്ള കാലത്ത് പി.ഡി.പിക്ക് പറ്റാത്ത കാര്യമാണതെന്നും ഫൈസല്‍ ബാബു പറഞ്ഞു.
സംഘപരിവാര്‍ ഫാസിസത്തിനെതിരെ തുടങ്ങിയ മഅ്ദനിയുടെ രാഷ്ട്രീയം മുസ്‌ലിം ലീഗിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുക എന്ന ഏക ലക്ഷ്യത്തില്‍ മാത്രമായി ഒതുങ്ങിയെന്നും ഫൈസല്‍ ബാബു വിമര്‍ശിച്ചു. ചിലര്‍ മഅ്ദനിയെ ആയുധമായി ഉപയോഗിക്കുകയും ചെയ്തുവെന്നും ഫൈസല്‍ ബാബു ആരോപിച്ചു.
മഅ്ദനിയെ വേദനിപ്പിക്കാനും പരിഹസിക്കാനും ബോധപൂര്‍വം ഉദ്ദേശിച്ച് ഒരു വാക്കും താന്‍ പറഞ്ഞിട്ടില്ലെന്നും, ലീഗുകാര്‍ക്ക് ഭാഷയും വ്യാകരണവും പഠിപ്പിക്കുന്നവര്‍ അവരവരുടെ പണി തുടരട്ടെയെന്നും ഫൈസല്‍ ബാബു കൂട്ടിച്ചേര്‍ത്തു.
അതേസമയം, മലപ്പുറം ചെമ്മാട് വെച്ച് നടന്ന മുസ്ലിം ലീഗ് പൊതുസമ്മേളനത്തിലായിരുന്നു മഅ്ദനിയെയും ഭാര്യ സൂഫിയ മഅ്ദനിയെയും അധിക്ഷേപിച്ചുള്ള യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബുവിന്റെ വിവാദ പരാമര്‍ശം.
‘ബെംഗളുരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം, കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയി,’ എന്നായിരുന്ന ഫൈസല്‍ ബാബു പറഞ്ഞത്.
‘ബെംഗളൂരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം. കരിമ്പൂച്ചയില്ല, ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ കാണുന്ന ചിത്രത്തിലേത് പോലെയാണ് മഅ്ദനിയുടെ അവസ്ഥ. ഞങ്ങളിത് സെലിബ്രേറ്റ് ചെയ്യുകയില്ലെന്നും അതിന് സമാനമായി ബെംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ കഴിയുകയാണ് ആ മനുഷ്യന്‍,’ എന്നായിരുന്നു ഫൈസല്‍ ബാബുവിന്റെ പരാമര്‍ശം.
പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തിക്കോടിയുടെ പ്രസ്താവന:
യൂത്ത് ലീഗ് ദേശീയ നേതാവിന്റേത് രാഷ്ട്രീയ ദുഷ്ടലാക്ക്: നൗഷാദ് തിക്കോടി
പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ നിന്ദിച്ചും നീചമായി പരിഹസിച്ചും പ്രസംഗിച്ച യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ പുതിയ വിശദീകരണം രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തിക്കോടി.
നെടുങ്കന്‍ വിശദീകരണത്തിലെവിടെയും നിന്ദാ പരാമര്‍ശത്തില്‍ ഒരു ഖേദപ്രകടനം പോലുമില്ല. മാത്രമല്ല, മഅദനിയുടെ ശത്രു പി.ഡി.പിയാണെന്ന ലീഗ് പ്രചാരണം ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. നാളിതുവരെ ഒരു ലീഗ് നേതാവും പറയാത്ത നിലയില്‍ മഅ്ദനിക്ക് എന്നെന്നേക്കുമായി രക്ഷപ്പെടാനുള്ള കളമൊരുങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ അത് മുടക്കിയതിന്റെ വിശദാംശങ്ങള്‍ തന്റെ കയ്യിലുണ്ടെന്നും അവകാശപ്പെട്ടിരിക്കുന്നു.
അദ്ദേഹത്തിന് ആര്‍ജ്ജവമുണ്ടെങ്കില്‍, പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ ആ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ പി.ഡി.പി. വെല്ലുവിളിക്കുകയാണ്.
ഇരക്ക് വീട് നിര്‍മ്മിച്ചു നല്‍കിയും കൈ നിറയെ പണം നല്‍കിയും കാര്‍ വാങ്ങിക്കൊടുത്തും ജഡ്ജിയെ സ്വാധീനിച്ചും കേസില്‍ നിന്നും രക്ഷപ്പെടാന്‍ മഅദനിയുടേത് ഐസ്‌ക്രീം പാര്‍ലര്‍ കേസല്ല. അതല്ലെങ്കില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ പള്ളി നിര്‍മ്മാണ ഫണ്ട് വെട്ടിച്ചതോ, ജ്വല്ലറി കച്ചവട തട്ടിപ്പോ, ഇഞ്ചി കൃഷിയിലൂടെ കണക്കില്ലാ പണം സമ്പാദിച്ചതോ അല്ല. ഇന്ത്യാ രാജ്യത്ത് ഫാസിസത്തിന്റെ അടിവേരറുക്കാന്‍ പോന്ന അവര്‍ണന് അധികാരം, മര്‍ദ്ദിതര്‍ക്ക് മോചനം എന്ന മുദ്രാവാക്യമുയര്‍ത്തി ദളിത്-മുസ്‌ലിം – പിന്നാക്ക സമുദായ ഐക്യം സൃഷ്ടിച്ചതിനാണ് കള്ളക്കേസില്‍ കുടുക്കി മഅ്ദനിയെ ജയിലിലടച്ചിരിക്കുന്നത്.
മഅ്ദനിയുടെ പ്രസംഗങ്ങള്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി എന്നത് പി.ഡി.പിയുടെ പിറവി മുതല്‍ ലീഗ് ഉന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണമാണ്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ മഅദനിക്കെതിരെ നൂറോളം കേസുകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്തിരുന്നു.എന്നാല്‍ ഇതിലൊന്നും സത്യമില്ലെന്നു കണ്ട് കോടതികള്‍ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. എന്നിട്ടും പഴകി തേഞ്ഞ ആരോപണങ്ങള്‍ ലജ്ജയില്ലാതെ ആവര്‍ത്തിക്കുകയാണ്.
ഒരു പി.ഡി.പി.പ്രവര്‍ത്തകനും മൂന്ന് പതിറ്റാണ്ടിനിടയില്‍ ഒരു കൊലപാതക കേസില്‍ പ്രതിയാവുകയോ രക്തസാക്ഷിയാവുകയോ ചെയ്തിട്ടില്ല.എന്നാല്‍ ലീഗിന്റെ എത്ര പ്രവര്‍ത്തകര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെടുകയും കൊലപാതക കേസുകളില്‍ പ്രതികളാവുകയും രക്തസാക്ഷികളാവുകയും ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ? മഅദനിയുടെ പ്രസംഗമാണോ ഇതിന് കാരണം?
ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുതുക്കി പണിയുക, ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, ടാഡ എന്ന കരിനിയമം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 1994 നവമ്പര്‍ 16ന് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച് ഡിസംബര്‍ 6ന് സമാപിച്ച, പി.ഡി.പി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിന് നേരെ തളിപ്പറമ്പിലും നാദാപുരത്തും പേരാമ്പ്രയിലും ലീഗ് നടത്തിയ ആക്രമണങ്ങള്‍ എന്തിന് വേണ്ടിയായിരുന്നു.
കേരളീയ പൊതു സമൂഹത്തില്‍ ഫാസിസം എന്ന വാക്ക് ചര്‍ച്ചയായത് മഅ്ദനിയുടെ നാവിലൂടെയായിരുന്നു. ആയിരംപള്ളികള്‍ തകര്‍ത്താലും ഒരു ക്ഷേത്രത്തിന്റെ മുറ്റത്തു നിന്നും ഒരു പിടി മണ്ണ് പോലും വാരി മാറ്റരുതെന്നാണ് മഅദനി അനുയായികളെ പഠിപ്പിച്ചത്. എന്നിട്ടും സമാധാനത്തിന്റെ പേറ്റന്റ് ലീഗിന്റെ പേരിലാണ്! ബാബരി മസ്ജിദ് ആര്‍.എസ്.എസ്.പൊളിച്ചതിന് കാരണം മഅദനിയുടെ പ്രസംഗമാണെന്ന് ഇപ്പോഴും പ്രസംഗിക്കുന്ന ലീഗ് നേതാക്കളുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൈമാറിയെങ്കിലും അദ്ദേഹം നിരപരാധിയാണെന്ന് കണ്ട് കോയമ്പത്തൂര്‍ കോടതി വെറുതെ വിട്ടപ്പോള്‍ കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെ പങ്കെടുത്ത് ശംഖുമുഖത്ത് നല്‍കിയ സ്വീകരണം കേരളം സമീപകാലത്തൊന്നും മറക്കില്ല. ഫെഡറല്‍ സംവിധാനത്തില്‍ ഒരു സംസ്ഥാനം കേസെടുത്ത് ഒരു പ്രതിയെ പിടിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ അതനുസരിക്കാന്‍ മറ്റൊരു സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്ന് ആര്‍ക്കാണറിയാത്തത്.
നിരോധനം മുന്നില്‍ കണ്ട് ഐ.എസ്.എസ്. പിരിച്ചു വിട്ടത് ആശയം തെറ്റായിട്ടല്ല. ഐ.എസ്.എസിനെ നിരന്തരം എതിര്‍ത്തിരുന്ന ലീഗുള്‍പ്പെട്ട യു.ഡി.എഫ് സര്‍ക്കാര്‍ നിരോധനത്തിന്റെ മറവില്‍ പ്രവര്‍ത്തകരെ വേട്ടയാടാതിരിക്കാനാണ്.ഐ.എസ്.എസ്. നിരോധനത്തിന്റെ മറവില്‍ മഅ്ദനിയുടെ മാതാപിതാക്കളെ പുറത്താക്കി തറവാട് വീട് സീല്‍ ചെയ്തതും അന്‍വാര്‍ശേരിയിലെ അനാഥ കുഞ്ഞുങ്ങളെ യു.ഡി.എഫ്.പോലീസ് തല്ലിച്ചതച്ചതും കേരളീയ സമൂഹം മറന്നിട്ടില്ല.
ഭരണകൂട ഭീകരതക്ക് വിധേയനായി ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ ചൊല്ലി രണ്ട് പതിറ്റാണ്ടോളം വേദന തിന്ന് കഴിയുന്ന സൂഫിയ മഅ്ദനിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത് ആരെ തൃപ്തിപ്പെടുത്താനായിരുന്നു. ഇസ്ലാമിക മൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കുന്ന ഇനിയൊരു വനിതയും ഇതുപോലെ ഭരണകൂട വേട്ടക്കിരയാക്കപ്പെടാതിരിക്കട്ടെ.
പി.ഡി.പി. സി.പി.എമ്മിനൊപ്പം വേദി പങ്കിട്ടെന്നും പിന്തുണക്കുന്നുവെന്നുമാണ് മറ്റൊരാരോപണം. തമിഴ്‌നാട്ടില്‍ സി.പി.ഐ.എമ്മും ലീഗും ഒരു മുന്നണിയിലാണെന്നത് ദേശീയ നേതാവിനോട് പാണക്കാട് തങ്ങള്‍ ഇതുവരെ
പറഞ്ഞിട്ടില്ലെങ്കില്‍ ഇനിയും ദേശീയ നേതാവായി തുടരുന്നത് ഭൂഷണമല്ല. ബാബരി മസ്ജിദ് തകര്‍ത്ത, രാജ്യത്തെമ്പാടും നിരവധി വംശഹത്യകള്‍ നടത്തിയ, മുസ്‌ലിങ്ങളെ നാടുകടത്താന്‍ കോപ്പുകൂട്ടുന്ന മഅദനിയെ വധിക്കാന്‍ ശ്രമിച്ച് ഒരു കാല്‍ കവര്‍ന്ന ആര്‍.എസ്.എസിനെ സംരക്ഷിക്കാന്‍ താനുണ്ടാകുമെന്ന കോണ്‍ഗ്രസ് നേതാവ് സുധാകരന്റെ പ്രസ്താവനയില്‍ ലീഗ് നേതൃത്യം പുളകിതമായി കാണും.
കാന്തപുരം ഉസ്താദിനെ അനുകൂലിക്കുന്നു എന്ന കാരണത്താല്‍ എത്രയെത്ര സുന്നി പ്രവര്‍ത്തകരെയാണ് ലീഗുകാര്‍ കൊലക്കത്തിക്കിരയാക്കിയിട്ടുള്ളത്.
ലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നു എന്നതിന്റെ പേരില്‍, രോഗശയ്യയില്‍ കഴിയുന്ന പ്രമുഖ സുന്നി പണ്ഡിതനും നേതാവുമായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ അറപ്പുളവാക്കുന്ന ഭാഷയില്‍ ലീഗ് നേതാക്കള്‍ നടത്തുന്ന പരിഹാസങ്ങള്‍ അവസാനിപ്പിക്കണമെന്നും നൗഷാദ് തിക്കോടി ആവശ്യപ്പെട്ടു.സമസ്തയുടെ സമുന്നതനായ നേതാവ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളോടും ചൊല്പടിക്ക് നിന്നില്ലെങ്കില്‍ ലീഗിന്റെ നിലപാട് വ്യത്യസ്തമാകില്ല. സമസ്ത നേതൃത്വം ജാഗ്രതൈ.
ഞാന്‍ പി.ഡി.പി.യുടെ വിദ്യാര്‍ത്ഥി സംഘടനയായ ഐ.എസ്.എഫിന്റെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങി ജില്ലാ, സംസ്ഥാന നേതൃത്വങ്ങളില്‍ എത്തുകയും പിന്നീട് പാര്‍ട്ടിയുടെ കീഴ്ഘടകളില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന നേതൃത്വത്തില്‍ എത്തിയ ആളുമാണെന്ന് നൗഷാദ് തിക്കോടി വ്യക്തമാക്കി.ഞങ്ങളുടെ ഊക്ക് ആദര്‍ശത്തിന്റെ ഊക്കാണെന്നും അതിനിപ്പോഴും ഒരു കുറവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദനിക്കും കുടുംബത്തിനുമെതിരെയുള്ള നീചമായ പരാമര്‍ശങ്ങളില്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ പാണക്കാട് കുടുംബം അംഗീകരിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം.
വിടുവായത്തങ്ങള്‍ ഒഴിവാക്കി മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും പി.ഡി.പി.യുടെ വെല്ലുവിളി സ്വികരിക്കുവാനും നൗഷാദ് അഭ്യര്‍ത്ഥിച്ചു.
Content Highlight: PDP’s Reaction on Youth League Leader Faizal Babu’s reply on Abusive Statement against Abdul Nasi Maudany