| Monday, 5th August 2024, 5:23 pm

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ പി.ഡി.പി. അധ്യക്ഷ മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്.

സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പി.ഡി.പിയുടെ ഓഫീസ് അടച്ച് പൂട്ടിയിരിക്കുകയാണെന്നും മുഫ്തി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

പി.ഡി.പിക്ക് പുറമെ അല്‍ത്താഫ് ബുഖാരിയുടെ അപ്നി പാര്‍ട്ടിയുടെ ഓഫീസും മുന്‍കരുതലിന്റെ ഭാഗമായി അടച്ച് പൂട്ടിയിടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു

മെഹ്ബൂബ മുഫ്തിക്ക് പിന്നാലെ താനും വീട്ടുതടങ്കലിലാണെന്ന് ഉന്നയിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് രംഗത്തെത്തിയിട്ടുണ്ട്.

‘എന്നെ വീട്ടില്‍ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണ്.

എനിക്ക് ചില അത്യാവശ്യ ജോലി ചെയ്ത് തീര്‍ക്കാനായി പുറത്ത് പോവേണ്ടതായിരുന്നു. എന്നാല്‍ ഗേറ്റിന് പുറത്ത് കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍ എന്നെയതിന് അനുവദിക്കുന്നില്ല. ഈ വീട്ടുതടങ്കല്‍ അനാവശ്യവും നിയമവിരുദ്ധവുമാണ്.’തന്‍വീര്‍ സാദിഖ് എക്സില്‍ കുറിച്ചു.

ഹസനാബാദിലെ തന്റെ വസതിക്ക് പുറത്ത് നിലയുറപ്പിച്ച പൊലീസിന്റെ ചിത്രവും കുറിപ്പിനൊപ്പം തന്‍വീര്‍ പങ്ക് വെച്ചിട്ടുണ്ട്.

പാര്‍ട്ടി വക്താക്കളെ വീട്ടുതടങ്കിലാക്കിയതിന് പുറമെ പ്രദേശത്തെ സുരക്ഷാ നടപടികളും ജമ്മു കശ്മീര്‍ ഭരണകൂടം വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി അമര്‍നാഥ് യാത്രയും ഒരു ദിവസത്തേക്ക് നിര്‍ത്തിവെച്ചു.

സുരക്ഷാ പരിശോധനയുടെ ഭാഗമായി വാഹനങ്ങളുടെ ചെക്കിങ് ശക്തമാക്കിയിട്ടുണ്ട്. ‘ഡ്രൈ ഡേ’ ആചരിക്കാനും വാഹന ഗതാഗതം നിയന്ത്രിക്കാനും സുരക്ഷാ സേനയ്ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ബി.ജെ.പി ജമ്മു കശ്മീര്‍ ഘടകം ‘കാത്മ മഹോത്സവ്’ റാലി നടത്തും.

‘2019 ഓഗസ്റ്റ് അഞ്ച് നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്.

അഞ്ച് വര്‍ഷം മുന്‍പുള്ള ഈ ദിനത്തില്‍ ഒരു ചരിത്രപരമായ തെറ്റ് തിരുത്തി , ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ഐക്യപ്പെട്ടു. ഞങ്ങള്‍ക്ക് ഇപ്പോള്‍ എല്ലാവിധ സ്വാതന്ത്ര്യങ്ങളും ആസ്വദിക്കാന്‍ കഴിയുന്നു. ഞങ്ങള്‍ വികസനത്തിന്റെ പാതയില്‍ കുതിക്കുകയാണ്,’ ബി.ജെ.പി നേതാവ് ഗുപ്ത പറഞ്ഞു.

എന്നാല്‍ മറുവശത്ത് പി.ഡി.പി. ഇന്ന് കരിദിനമായി ആചരിച്ച് പാര്‍ട്ടി ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

2019 ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യന്‍ ഭരണഘടനയിലെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്ര പ്രദേശങ്ങളായി വിഭജിച്ചു.

Content Highlight: jammu Kashmir PDP President  Mehbooba Mufti on House arrest

We use cookies to give you the best possible experience. Learn more