| Monday, 11th February 2019, 7:06 pm

അഫ്‌സല്‍ ഗുരുവിന്റെയും മഖ്ബൂല്‍ ഭട്ടിന്റെയും ഭൗതികാവശിഷ്ടങ്ങള്‍ കുടുംബത്തിന് കൊടുക്കണമെന്നാവശ്യപ്പെട്ട് മോദിയ്ക്ക് പി.ഡി.പി എം.പിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെയും ജെ.കെ.എല്‍.എഫ് സ്ഥാപകന്‍ മഖ്ബൂല്‍ ഭട്ടിന്റെയും ഭൗതികാവശിഷ്ടങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിയ്ക്ക് പി.ഡി.പി എം.പിയുടെ കത്ത്. രാജ്യസഭാ എം.പിയായ മിര്‍ മുഹമ്മദ് ഫയാസാണ് കത്തെഴുതിയത്.

മഖ്ബൂല്‍ ഭട്ട് 1984 ഫെബ്രുവരി 11നും അഫ്‌സല്‍ ഗുരു 2013 ഫെബ്രുവരി 9നുമാണ് തൂക്കിലേറ്റപ്പെട്ടത്. ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ വെച്ചാണ് ഇരുവരുടെയും ശിക്ഷ നടപ്പിലാക്കിയത്.

ഭൗതികാവശിഷ്ടങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതിലൂടെ കശ്മീരികള്‍ അനുഭവിക്കുന്ന അന്യവത്ക്കരണം കുറയ്ക്കാന്‍ സാധിക്കും. മുന്‍പ്രധാനമന്ത്രിയുടെ ഘാതകര്‍ക്ക് മാപ്പ് നല്‍കുകയും വധശിക്ഷ കുറച്ചുകൊടുക്കുകയും ചെയ്ത രാജ്യത്ത് രണ്ട് കശ്മീരികളുടെ ഭൗതികാവശിഷ്ടം അവരുടെ കുടുംബത്തിന് കൊടുക്കണമെന്ന് പറയുന്നതില്‍ തെറ്റില്ലെന്നും മുഹമ്മദ് ഫയാസ് മാധ്യമങ്ങളോട് പറഞ്ഞു.

ആവശ്യം അനുവദിച്ചു നല്‍കുകയാണെങ്കില്‍ പ്രധാനമന്ത്രിയുടെ കരുണമനസ്‌കത എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും മിര്‍ മുഹമ്മദ് ഫയാസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more