ശ്രീനഗര്‍: ജമ്മു കശ്മീരിലെ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറസ് സഖ്യത്തില്‍ പ്രതികരിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. തങ്ങളുടെ അജണ്ടകള്‍ അംഗീകരിച്ചാല്‍ ഐ.എന്‍.സി-എസ്.സി സഖ്യത്തെ പിന്തുണക്കുമെന്ന് മെഹ്ബൂബ പറഞ്ഞു. സഖ്യം രൂപീകരിച്ചതിന് പിന്നാലെ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ പി.ഡി.പിയും മുന്നണിയില്‍ ചേരുമെന്ന സൂചന നല്‍കിയിരുന്നു.
രാജ്യത്തിന്റെ നിയമ ചട്ടക്കൂടിനുള്ളില്‍ നിന്ന് ‘കശ്മീര്‍ പ്രശ്‌നം’ പരിഹരിക്കുക എന്നതാണ് തന്റെ സംഘടനയുടെ അജണ്ടയെന്ന് മെഹ്ബൂബ പറഞ്ഞു. ഈ അജണ്ട അംഗീകരിക്കുകയാണെങ്കില്‍ സഖ്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് പി.ഡി.പി മേധാവി പറഞ്ഞത്. അതേസമയം നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം സീറ്റ് വിഭജനത്തില്‍ മാത്രമായി ഒതുങ്ങുകയാണെന്നും മെഹ്ബൂബ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായുള്ള സഖ്യത്തിന് സാധ്യതയില്ലെന്നും മെഹ്ബൂബ വ്യക്തമാക്കി. തങ്ങള്‍ ബി.ജെ.പി സര്‍ക്കാരുമായി കൈകോര്‍ത്തിരുന്നു, എന്നാല്‍ പാര്‍ട്ടിയുമായല്ല. പക്ഷെ ആര്‍ട്ടിക്കിള്‍ 370 കൈവെക്കരുതെന്ന് ബി.ജെ.പി സര്‍ക്കാരിന് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് മെഹ്ബൂബ പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച പി.ഡി.പി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിനെ അതിന്റെ യഥാര്‍ത്ഥ നിലയിലേക്ക് പുനഃസ്ഥാപിക്കുമെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രാദേശിക സഹകരണത്തിന് ഊന്നല്‍ നല്‍കുമെന്നാണ് പ്രകടന പത്രികയില്‍ പി.ഡി.പി നല്‍കുന്ന പ്രധാന വാഗ്ദാനം.
10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. അന്ന് ബി.ജെ.പിയുടെ പിന്തുണയോടെ പി.ഡി.പി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും 2018ല്‍ ബി.ജെ.പി പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭരണം ഗവര്‍ണര്‍ ഏറ്റെടുക്കുകയായിരുന്നു.
നിലവില്‍ ഐ.എന്‍.സി-എന്‍.സി സഖ്യത്തെ പി.ഡി.പി പിന്തുണക്കുമോയെന്നത് ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിര്‍ണായകമായ തീരുമാനമായിരിക്കും. ഇക്കാര്യത്തില്‍ മെഹ്ബൂബ സ്വീകരിക്കുന്ന നിലപാടായിരിക്കും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക.
മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയും ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലവിലെ അധ്യക്ഷയുമാണ്. ജമ്മു കാശ്മീരിലെ മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച മുഫ്തി മുഹമ്മദ് സയീദിന്റെ മകളാണ് മെഹ്ബൂബ. അദ്ദേഹത്തിന്റെ മരണശേഷം 2016ലാണ് മെഹ്ബൂബ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Content Highlight: PDP leader Mehbooba Mufti talk about Congress-National Conference alliance in Jammu and Kashmir