| Sunday, 25th December 2022, 7:59 pm

ഭരണകൂടഭീകരതയുടെ ഇരകള്‍ക്കായി ശബ്ദിക്കാന്‍ സാംസ്‌കാരിക മേഖല തെരഞ്ഞെടുത്ത വ്യക്തിത്വമായിരുന്നു കെ.പി. ശശി: മഅ്ദനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ.പി. ശശിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി. ഭരണകൂട ഭീകരതയുടെ ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുവാന്‍ സാംസ്‌കാരിക മേഖല തെരഞ്ഞെടുത്ത പ്രമുഖ വ്യക്തിത്വമായിരുന്നു കെ.പി. ശശിയെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘തന്റെ ചിന്തയും പ്രവര്‍ത്തനവും എഴുത്തും ഇരകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും മോചനത്തിന് വേണ്ടിയും അദ്ദേഹം ഉപയോഗിച്ചു. ഭരണകൂടത്തിന്റെ കോടാലി കൈകളായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ തിരക്കഥയില്‍ കുറ്റവാളികള്‍ ആകുന്ന നിരപരാധികളെ പുതിയ കാലത്തിന്റെ മാധ്യമമായ ഡോക്യുമെന്ററികളിലൂടെ അഭ്രപാളികളില്‍ അവതരിപ്പിച്ച് ജനമധ്യത്തിലേക്ക് എത്തിച്ച് തന്റെ ദൗത്യം നിര്‍വഹിക്കുകയായിരുന്നു കെ.പി ശശി.

നിലവില്‍ ഞാന്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ഏറ്റവുമധികം ഇടപെടലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് കെ.പി. ശശി.

ഇടയ്ക്കിടെ ബെംഗളൂരുവില്‍ എന്നെ സന്ദര്‍ശിക്കുമായിരുന്ന അദ്ദേഹം, ഏതാനും ആഴ്ചകള്‍ക്ക് മുമ്പും ഇവിടെ എന്നെ സന്ദര്‍ശിക്കുകയുണ്ടായി.
എന്റെ നീതിനിഷേധത്തിന്റെ നാള്‍വഴികളെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘ഫാബ്രിക്കേറ്റഡ്’ എന്ന ഡോക്യുമെന്ററി എനിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള കേസുകളുടെ പൊള്ളത്തരങ്ങള്‍ വ്യക്തമാക്കുന്നതിന് വളരെയധികം ഉപകരിക്കുകയും, സംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ക്ക് എന്റെ നിരപരാധിത്വം ബോധ്യമാകുന്നതിനും ഉള്‍കൊള്ളുന്നതിനും കാരണമായിട്ടുണ്ട്,’ മഅ്ദനി പറഞ്ഞു.

കെ.പി. ശശിയുടെ പെട്ടെന്നുള്ള നിര്യാണം വളരെയധികം അസ്വസ്ഥതയും വേദനയും ഉളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വളരെ ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു അബ്ദുള്‍ നാസിര്‍ മഅ്ദനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഞായറാഴ്ച വൈകുന്നേരമാണ് ചലച്ചിത്ര, ഡോക്യുമെന്ററി സംവിധായകനും കാര്‍ട്ടൂണിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകനുമായ കെ.പി. ശശി(കരിവന്നൂര്‍ പുത്തന്‍വീട്ടില്‍ ശശി) അന്തരിച്ചത്.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. കൊച്ചി സ്വദേശിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തികവാടത്തിലാണ് സംസ്‌കാരം.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായ കെ. ദാമോദരന്‍ പിതാവാണ്.

Content Highlight:  PDP leader Abdul Nasser Madani condoled the death of KP Sasi

We use cookies to give you the best possible experience. Learn more