ന്യൂദല്‍ഹി: പെഗാസസ് സ്‌പൈവെയര്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. രാജ്യത്തെ വനിതാ നേതാക്കളെ ഭരണകക്ഷിയായ ബി.ജെ.പി ഒളിഞ്ഞുനോക്കുകയാണെന്നും ഇല്‍തിജ പറഞ്ഞു.
ഫോണ്‍ ഹാക്ക് ചെയ്ത വിവരം ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയതായി ഇല്‍തിജ വ്യക്തമാക്കി. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇല്‍തിജയുടെ പ്രതികരണം.
‘നിങ്ങളുടെ ആപ്പിള്‍ ഐ.ഡി സൈബര്‍ ഇടങ്ങളില്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഫോണിലെ വിവരങ്ങള്‍ സ്‌പൈവെയര്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ഈ മുന്നറിയിപ്പിനെ ഗൗരവമായി എടുക്കുക,’ എന്നാണ് ആപ്പിളിന്റെ നിര്‍ദേശം.
രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ ചോര്‍ത്തിയ വിവരങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ആയുധമാക്കുകയാണെന്ന് ഇല്‍തിജ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കാത്ത വനിതാ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ പെഗാസസ് ചോര്‍ത്തിയ വിവരങ്ങള്‍ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്നും ഇല്‍തിജ കൂട്ടിച്ചേര്‍ത്തു.
‘രാജ്യത്തെ സ്ത്രീകളെ ഒരു ലജ്ജയുമില്ലാതെ ബി.ജെ.പി കബളിപ്പിക്കുകയാണ്. ഇത്തരത്തിലുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ സ്ത്രീകള്‍ മടിക്കുന്നു. ബിജെ.പി…നിങ്ങള്‍ എത്രത്തോളം അധഃപതിക്കും?,’ എന്നും ഇല്‍തിജ എക്സില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനെയും ടാഗ് ചെയ്തുകൊണ്ടാണ് ഇല്‍തിജയുടെ പോസ്റ്റ്.
ആപ്പിള്‍ മുന്നറിയിപ്പിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് ഇല്‍തിജ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, ബിസിനസുകാര്‍ തുടങ്ങിയവരുടെ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈലി നിർമിതമായ സ്പൈവെയര്‍ ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
Content Highlight: PDP chief Mehbooba Mufti’s daughter Iltija Mufti says Pegasus spyware hacked her phone