| Wednesday, 29th March 2023, 3:14 pm

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളോടൊപ്പം മഅ്ദനിയുടെ ഫോട്ടോ; നിയമ നടപടിക്കൊരുങ്ങി പി.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കൊപ്പം അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി 13ാം തിയതി പരിഗണിക്കാനിരിക്കെ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ചുള്ള വ്യാച പ്രചരണങ്ങള്‍ വ്യാപകമാവുകയാണെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

മഅ്ദനി കേരളത്തിലേക്ക് തിരിച്ച് വരുന്നത് ചിലയാളുകളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ തിരിച്ച് വരവ് തടയാനാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു.

‘തീവ്രവാദ ആരോപണത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത നിരോധിത സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. അവരുടെ നേതാക്കളുടെ ഫോട്ടോയോടൊപ്പം കള്ളക്കേസ് ചുമത്തി ജയിലില്‍ കിടക്കുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ഫോട്ടോ വെച്ച് പ്രചരണം നടത്തുന്നതിനെ നിയമപരമായി നേരിടും.

മഅ്ദനിയുടെ പേര് പറഞ്ഞ് വ്യാജ സാമ്പത്തിക പിരിവ് നടത്തുന്നവരും അദ്ദേഹം തിരിച്ചെത്തിയാല്‍ തങ്ങളുടെ അണികള്‍ പി.ഡി.പിയിലേക്ക് ചേക്കേറുമെന്ന് ഭയമുള്ളവരുമാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. മഅ്ദനി കേരളത്തിലെത്തിയാല്‍ തീവ്ര സ്വഭാവമുള്ള പാര്‍ട്ടിയുടെ അണികളെല്ലാം വര്‍ഗീയത ഉപേക്ഷിച്ച് പി.ഡി.പിയുടെ കൂടെ നില്‍ക്കുമെന്ന ഭയമാണവര്‍ക്ക്.

ദളിത് പിന്നോക്ക ന്യൂനപക്ഷ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടിയാണ് പി.ഡി.പി. ഇന്നുവരെ ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനോ അക്രമ സംഭവങ്ങള്‍ക്കോ പാര്‍ട്ടി മുതിര്‍ന്നിട്ടില്ല,’ നിസാര്‍ മേത്തര്‍ പറഞ്ഞു.

അതോടൊപ്പം കേരളത്തിലെ ബി.ജെ.പിയിലടക്കമുള്ള രാഷ്ട്രീയ നേതാക്കളും മഅ്ദനിയുടെ മോചനത്തിനായി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും തന്നെ പരസ്യമായി മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയിലെ ചില മനുഷ്യത്വമുള്ള നേതാക്കളും അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ദുഷ്പ്രചരണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നത്.

ഇത്തരം ദുഷ്പ്രചരണങ്ങളെ ഒറ്റപ്പെടുത്താനും മഅ്ദനിയുടെ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണം,’ നിസാര്‍ മേത്തര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: pdp cheif says they will take action against posters

We use cookies to give you the best possible experience. Learn more