Advertisement
Kerala News
മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആശങ്ക വേണ്ടെന്ന് പി.ഡി.പി നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 27, 03:30 am
Tuesday, 27th June 2023, 9:00 am

കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം അന്‍വാര്‍ശേരിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. യാത്രയ്ക്കിടെ ആലുവ എത്തിയപ്പോള്‍ ഛര്‍ദ്ദിച്ചിരുന്നു.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും രക്തസമ്മര്‍ദ്ദത്തില്‍ വേരിയേഷനുണ്ടെന്നും പി.ഡി.പി നേതാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. അതേസമയം, മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് പി.ഡി.പി നേതാക്കള്‍ അറിയിച്ചു. രാവിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മഅ്ദനിയെ പരിശോധിക്കും. മദനിക്ക് രക്തസമ്മര്‍ദ്ദം കുറഞ്ഞിട്ടില്ല.

ഇന്നലത്തെ അതേനിലയില്‍ രാവിലെയും ആരോഗ്യനില തുടരുകയാണ്. ശാരീരിക അസ്വസ്ഥതകള്‍ തുടരുകയാണെന്ന് പി.ഡി.പി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പറഞ്ഞു. നിലവില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലല്ല മഅ്ദനി.

രാവിലെ ഡോക്ടര്‍മാരുടെ പരിശോധനക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. ബിപി ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്നും അലിയാര്‍ പറഞ്ഞു.

അതേസമയം, കൊല്ലത്തിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പി.ഡി.പി നേതാക്കള്‍ പറഞ്ഞു.

ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനായാണ് സുപ്രീം കോടതി അനുമതിയോടെ മഅ്ദനി ഇന്നലെ കേരളത്തിലേക്ക് വന്നത്. 12 ദിവസത്തേക്കാണ് കോടതി മഅ്ദനിക്ക് യാത്രാനുമതി നല്‍കിയിരിക്കുന്നത്.

നെടുമ്പാശേരിയിലെത്തുന്ന മഅ്ദനിക്ക് പി.ഡി.പി പ്രവര്‍ത്തകര്‍ വമ്പന്‍ സ്വീകരണമൊരുക്കിയിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോകവെയാണ് ആരോഗ്യനില വഷളായത്.

ഇന്നലെ തന്റെ ആരോഗ്യനിലയെക്കുറിച്ച് മഅ്ദനി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഏത് നിമിഷവും വീണുപോകാമെന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

‘തന്റെ ആരോഗ്യസ്ഥിതി വളരെ വിഷമകരമാണ്. ക്രിയാറ്റിന്‍ ലെവല്‍ ഒമ്പതായി. വൃക്കയുടെ അവസ്ഥ വളരെ വിഷമകരമാണ്. ഡയാലിസിസിലേക്ക് എത്തേണ്ട ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.

കരോട്ടിഡ് ആര്‍ട്ടെറി കാരണം തലച്ചോറിലെ ബ്ലഡ് സര്‍ക്കുലേഷന്‍ നിന്നിട്ട് ഇടക്കിടക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. വേണ്ട ചികിത്സ ലഭിച്ചില്ലെങ്കില്‍ ഏത് നിമിഷവും വീണുപോകാമെന്ന സ്ഥിതിയാണ്.

രണ്ടര മാസം കിട്ടിയപ്പോള്‍ നാട്ടില്‍ പോയി ചികിത്സയൊക്കെ നേടാമെന്നാണ് പ്രതീക്ഷ ഉണ്ടായിരുന്നത്. അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ടിട്ട് വരാം. ബാക്കിയെല്ലാം സര്‍വശക്തനായ ദൈവത്തിന് സമര്‍പ്പിക്കുന്നു,’ മഅ്ദനി ഇന്നലെ പറഞ്ഞു.

നാട്ടിലേക്ക് വരാന്‍ വേണ്ടി വരുന്ന തുകയുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കൃത്യമായ യാത്രയുടെ കാര്യം കൂടി നോക്കിയിട്ടാണ് തുക എത്ര വരുമെന്ന് അറിയാന്‍ സാധിക്കുക. പുതിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലം ഒന്നുമില്ലേലും, ഈ യാത്രയ്ക്കെതിരെ പ്രതികൂലമായി ഒന്നുമുണ്ടായിട്ടില്ല.

Content Highlights: PDP chairman madani hospitalized in kochi