| Wednesday, 5th June 2024, 2:07 pm

ഉത്തർപ്രദേശിലേത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിജയം: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഇന്ത്യാ മുന്നണിയുടെ മികച്ച വിജയത്തിന് പിന്നാലെ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ഇന്ത്യാ മുന്നണിയുടെ വിജയം സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ കനൗജിൽ അഖിലേഷ് യാദവ് വിജയിച്ചിരുന്നു. ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിൽ 43 സീറ്റുകളിലാണ് ഇന്ത്യാ സഖ്യം വിജയിച്ചത്. അതിൽ എസ്.പി ഒറ്റക്ക് 37 സീറ്റുകളും കോൺഗ്രസ് ആറ് സീറ്റുകളും നേടിയിരുന്നു. 33 സീറ്റുകൾ മാത്രം നേടിയ എൻ.ഡി.യ്ക്ക് കനത്ത തിരിച്ചടിയായിരുന്നു ഉത്തർപ്രദേശിൽ നിന്നും ലഭിച്ചത്.

ഉത്തർപ്രദേശിലെ ഇന്ത്യാ മുന്നണിയുടെ മികച്ച വിജയം ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗത്തിന്റെയും വിജയമാണ്. ഈ വിജയം പി.ഡി.എയുടെയും (പിച്ചട-ദളിത് ആൻഡ് അൽപസംഖ്യക് ) പ്രതിപക്ഷ സഖ്യങ്ങളുടെയും സഹകരണത്തിന്റെയും പരിശ്രമത്തിന്റെയും തെളിവാണ്. ഒരു ദുഷ്ട ശക്തിക്കും ജനങ്ങളുടെ കൂട്ടായ തീരുമാനത്തെ മാറ്റാൻ സാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.

എക്‌സിലായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.

‘ഉത്തർപ്രദേശിലെ പ്രിയപ്പെട്ട വോട്ടർമാരെ സംസ്ഥാനത്തെ ഇന്ത്യാ സഖ്യത്തിന്റെ വിജയം പിന്നോക്ക, ന്യൂനപക്ഷ, ആദിവാസി, കൂടാതെ അവഗണിക്കപ്പെട്ട ചൂഷണം ചെയ്യപ്പെടുന്ന എല്ലാ ദളിത് വിഭാഗത്തിന്റേത് കൂടിയാണ്. സമത്വം, ആത്മാഭിമാനം, മാന്യമായ ജീവിതം, സംവരണം ഇവയൊക്കെ പ്രദാനം ചെയ്യുന്ന ഭരണഘടനയെ സംരക്ഷിക്കാൻ, എല്ലാ വിഭാഗങ്ങളും തോളോട് തോൾ ചേർന്ന് പോരാടി ,’ അദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

ബഹുജൻ സമാജ് പാർട്ടി വോട്ടർമാരായ ദളിത് വോട്ടർമാരെ ആകർഷിക്കാനുള്ള എസ്.പിയുടെ ശ്രമഫലമായാണ് പിച്ചട ദളിത് അൽപസംഖ്യക് എന്ന സഖ്യത്തിന് രൂപം നൽകിയത്. ഒ.ബി.സി, എസ്.സി, എസ്.ടി, ആധിപത്യമുള്ള മണ്ഡലമായ ഘോസിയിലെ പി.ഡി.എയുടെ വിജയം പാർട്ടിക്ക് കൂടുതൽ ധൈര്യം നൽകുകയായിരുന്നു. തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.ഡി.എയെ മുൻനിർത്തി പിന്നോക്ക വിഭാഗത്തിന്റെ വോട്ടുകൾ നേടാൻ എസ്.പി തീരുമാനിക്കുകയായിരുന്നു.

2014 , 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിപരീതമായി യാദവ സമുദായത്തിൽ നിന്നുള്ള അഞ്ച് സ്ഥാനാർത്ഥികൾക്ക് മാത്രമാണ് എസ്.പി സീറ്റ് നൽകിയത്. 27 സീറ്റുകൾ ഒ.ബി.സി സ്ഥാനാർത്ഥികൾക്കും 11 സീറ്റുകൾ മുന്നോക്ക വിഭാഗങ്ങൾക്കും 15 സീറ്റുകൾ ദളിത് സ്ഥാനാർത്ഥികൾക്കും നാല്‌ സീറ്റുകൾ മുസ്‌ലിം സ്ഥാനാർത്ഥികൾക്കും എസ്. പി നൽകി. അഖിലേഷ് യാദവിന്റെ പി.ഡി.എ തന്ത്രത്തിന്റെ പ്രാധാന്യം തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പാർട്ടിക്ക് കൂടുതൽ വ്യക്തമായി.

ഉത്തർപ്രദേശിൽ രാമക്ഷേത്രത്തെ മുൻനിർത്തി വലിയ തോതിൽ ബി.ജെ.പി പ്രചാരണം നടത്തിയിരുന്നെങ്കിലും രാമക്ഷേത്രം നിന്നിരുന്ന അയോധ്യയിലെ ഫൈസാബാദിലടക്കം ബി.ജെ.പിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ചെങ്കിലും ഭൂരിപക്ഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. അതോടൊപ്പം സ്‌മൃതി ഇറാനി ഉൾപ്പടെ നിരവധി പ്രമുഖ നേതാക്കൾക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

Content Highlight: PDA Power play , Akhilesh Yadav’s formula changed the course of national politics

We use cookies to give you the best possible experience. Learn more