പി.സി.ഓ.ഡിയും ചര്‍ച്ച ചെയ്യുന്ന മലയാളസിനിമ, എന്തൊരു മാറ്റമാണ് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരിക്കുന്നത്
Entertainment
പി.സി.ഓ.ഡിയും ചര്‍ച്ച ചെയ്യുന്ന മലയാളസിനിമ, എന്തൊരു മാറ്റമാണ് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരിക്കുന്നത്
അമര്‍നാഥ് എം.
Sunday, 21st July 2024, 1:44 pm

2007ലാണ് പൃഥ്വിരാജ് നായകനായ ചോക്ലേറ്റ് റിലീസാകുന്നത്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ അഡ്മിഷന്‍ കിട്ടിയ ആണ്‍കുട്ടിയുടെ കഥ കോമഡിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ സിനിമയായിരുന്നു ചോക്ലേറ്റ്. ചിത്രത്തില്‍ ക്ലാസ് റൂമില്‍ വെച്ച് സാനിറ്ററി പാഡ് കൈമാറുന്ന സീന്‍ അന്നത്തെ കാലത്ത് വലിയ കോമഡിയായാണ് അവതരിപ്പിച്ചത്. സാനിറ്ററി പാഡ് കണ്ടിട്ട് ബ്രെഡാണെന്ന് പറയുന്ന നായകന്റെ അറിവില്ലായ്മ കോമഡിയായാണ് കാണിച്ചത്.

17 വര്‍ഷങ്ങള്‍ക്കിപ്പുറം പല സ്ത്രീകളും അനുഭവിക്കുന്ന പി.സി.ഓ.ഡിയെ വിശേഷം എന്ന സിനിമയില്‍ വളരെ സീരിയസായി അവതരിപ്പിച്ചിരിക്കുകയാണ്. സമയം തെറ്റി വരുന്ന പീരീഡ്‌സ് സ്ത്രീകളെ എത്രമാത്രം ബാധിക്കുന്നു എന്ന് വിശേഷത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ആദ്യമായാണ് ഒരു മലയാളസിനിമ ഈയൊരു വിഷയത്തെപ്പറ്റി സംസാരിക്കുന്നത്.

ആര്‍ത്തവമെന്നത് മലയാളസിനിമയുടെ പടിക്ക് പുറത്തു നിന്നിരുന്ന കാലത്ത് ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അതിനെപ്പറ്റി സംസാരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇന്നും ആര്‍ത്തവം വന്ന സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന വീടുകളുണ്ടെന്ന സത്യം വിളിച്ചു പറഞ്ഞതിന് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ സംവിധായകന്‍ ജിയോ ബേബിയും നായികയായ നിമിഷാ സജയനും നേരിട്ട സൈബര്‍ ആക്രമണം ചെറുതായിരുന്നില്ല.

ആര്‍ത്തവമെന്നത് നാച്ചുറലായിട്ടുള്ള പ്രക്രിയയാണെന്നും അതില്‍ ആരെയും അകറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്ന് പറയുകയും ചെയ്തത് മലയാളസിനിമ മാത്രമാണ്. അതിലേക്കുള്ള ഏറ്റവുമൊടുവിലത്തെ എന്‍ട്രിയാണ് ആനന്ദ് മധുസൂദനന്‍ തിരക്കഥയെഴുതി സൂരജ് ടോം സംവിധാനം ചെയ്ത വിശേഷം. പി.സി.ഓ.ഡി കാരണമാണ് തനിക്ക് തടി വന്നതെന്നും അത് തന്റെ കുഴപ്പമല്ലെന്നും പറയുന്ന വിശേഷത്തിലെ സജിത മലയാളസിനിമയിലെ മാറ്റത്തിന്റെ പ്രതീകമാണ്.

ആരോടും പറയാന്‍ പാടില്ലെന്ന് സമൂഹം ചട്ടം കെട്ടിവെച്ചിരിക്കുന്ന ഇത്തരം കാര്യങ്ങള്‍ ധൈര്യപൂര്‍വം വിളിച്ചു പറയുന്നത് ഇപ്പോള്‍ മലയാളസിനിമ മാത്രമാണ്. കോടികളുടെ കണക്കിന്റെ കിലുക്കമോ, കണ്ണഞ്ചിപ്പിക്കുന്ന കളറുകളോ പലപ്പോഴും മലയാളസിനിമയില്‍ കാണാന്‍ സാധിച്ചെന്നു വരില്ല. പക്ഷേ ഇത്തരം കണ്ടന്റുകള്‍ ധൈര്യപൂര്‍വം സംസാരിക്കുന്ന ഒരേയൊരു ഇന്‍ഡസ്ട്രി മലയാളം മാത്രമാണെന്ന് അഹങ്കാരത്തോടെ പറയാം.

Content Highlight: PCOD discussing in Vishesham movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം