| Friday, 18th October 2024, 8:21 am

' ഇന്ത്യൻ സൈന്യം സാധാരണക്കാരെ പീഡിപ്പിക്കുന്നു' റിപ്പോർട്ട് പ്രസിദ്ധീകരിച്ച കാരവാന് കാരണം കാണിക്കൽ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യൻ സൈന്യം ഇന്ത്യൻ പൗരന്മാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ എഴുതിയ അന്വേഷണമായ “സ്ക്രീംസ് ഫ്രം ദ ആർമി പോസ്റ്റിൽ’ എന്ന റിപ്പോർട്ട് പങ്കുവെച്ച് മാസങ്ങൾക്ക് ശേഷം ദി കാരവന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ.

ജമ്മുവിലെ പൂഞ്ചിലും രജൗരിയിലും ഇന്ത്യൻ സേന സിവിലിയന്മാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ നീക്കം ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ദി കാരവൻ മാസികയോട് നിർദ്ദേശിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് പി.സി.ഐയുടെ നടപടി.

ജതീന്ദർ കൗർ തൂർ എഴുതിയ ‘സ്ക്രീംസ് ഫ്രം ദ ആർമി പോസ്റ്റിൽ’ രജൗരി, പൂഞ്ച് എന്നീ രണ്ട് ജില്ലകളിൽ ഇന്ത്യൻ ആർമി നടത്തിയ പീഡനങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. രജൗരി, പൂഞ്ച് ജില്ലകളിലെ പല ഗ്രാമങ്ങളിൽ നിന്നും 25 പേരെ പിടികൂടിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

‘രജൗരി, പൂഞ്ച് ജില്ലകളിലെ പല ഗ്രാമങ്ങളിൽ നിന്നും 25 പേരെ പിടികൂടി, മൂന്ന് വ്യത്യസ്ത സൈനിക പോസ്റ്റുകളിലേക്ക് കൊണ്ടുപോയി, അവിടെ അവർ കഠിനമായി പീഡിപ്പിക്കപ്പെട്ടു. അവരിൽ മൂന്ന് പേർ മരിച്ചു. ഗുജ്ജർ, ബക്കർവാൾ സമുദായത്തിൽപ്പെട്ടവരാണ് ഇരകളെന്ന് സൂചന,’ ദി കാരവനിൽ പറയുന്നു.

മാഗസിനിൻ്റെ പ്രിൻ്റ് എഡിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക യൂണിഫോം ധരിച്ച് ഒരു ടാങ്കിന് മുകളിൽ നിൽക്കുകയും തൻ്റെ സ്റ്റൈലിഷ് ഏവിയേറ്റർ സൺഗ്ലാസിലൂടെ സൈനിക പ്രദർശനം നിരീക്ഷിക്കുകയും ചെയ്യുന്ന ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരി 12ന് ഓർഗനൈസേഷൻ്റെ മുഴുവൻ വെബ്‌സൈറ്റിൽ നിന്നും സ്റ്റോറി നീക്കം ചെയ്യാൻ കേന്ദ്ര സർക്കാരിൻ്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം (എം.ഐ.ബി) ഉത്തരവിട്ടതിന് പിന്നാലെയാണ് പി.സി.ഐയുടെ നടപടി.

ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം പ്രക്ഷേപണമന്ത്രാലയം ഫെബ്രുവരി 12 ന് പോസ്റ്റ് നീക്കം ചെയ്യാനുള്ള ഉത്തരവ് നൽകിയിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കിൽ മാസികയുടെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുമെന്ന് പറഞ്ഞു. മാർച്ച് ഒന്നിന് , ദി കാരവൻ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ദൽഹി ഹൈക്കോടതിയിൽ ഒരു ഹരജി ഫയൽ ചെയ്തിരുന്നു. ഇത് പത്രസ്വാതന്ത്ര്യത്തിൻ്റെയും മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും ലംഘനമാണെന്ന് അവർ വാദിച്ചു.

റിപ്പോർട്ടിലെ കസ്റ്റഡി പീഡനത്തിൻ്റെയും കൊലപാതകത്തിൻ്റെയും വിശദമായ വിവരണം വസ്തുതാപരമാണെന്ന് കാരവൻ അതിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കി, ഇരകൾക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത ജമ്മു കശ്മീർ സംസ്ഥാന സർക്കാർ വിഷയം അംഗീകരിച്ചതാണെന്നും കാരവാന് ആരോപിച്ചു. കൂടാതെ, ഇന്ത്യൻ സൈന്യം നിലവിൽ സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തുകയും സാധാരണക്കാരായ പ്രദേശവാസികൾ കസ്റ്റഡി മർദനത്തിന് വിധേയരാകുന്ന ദൃശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നും കാരവൻ പറഞ്ഞു.

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ രാജ്യത്ത് നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ വെളിപ്പെടുത്തുന്ന ഒരു പത്രപ്രവർത്തകൻ്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന്  ഉറപ്പാക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും കാരവൻ കൂട്ടിച്ചേർത്തു.

Content Highlight: PCI issues show-cause notice to Caravan over story on army’s ‘torture of civilians’ in Poonch

Latest Stories

We use cookies to give you the best possible experience. Learn more