| Sunday, 16th July 2017, 3:57 pm

നടന്നത് വന്‍ ഗൂഡാലോചന, ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടിന്റെ അറിവോടെ; അന്വേഷണം ആവശ്യപെട്ട് മുഖ്യമന്ത്രിക്ക് പി.സി ജോര്‍ജിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലിപിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ വന്‍ ഗുഡാലോചന ഉണ്ടെന്നും ഇതിന് പിന്നില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്ന് പി.സി.ജോര്‍ജിന്റെ ആരോപണം .മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ജോര്‍ജിന്റെ പരാമര്‍ശം.

അന്വേഷണം നടന്ന് കൊണ്ടിരിക്കുന്ന കേസില്‍ പണം അവശ്യപെട്ടുകൊണ്ട് ജയിലില്‍ നിന്ന് മുഖ്യ പ്രതി സുനി അയച്ച കത്ത് പരിശോധിച്ച ശേഷമാണോ സൂപ്രണ്ട് മുദ്ര പതിപ്പിച്ച് അയച്ചതെന്നും പി.സി ജോര്‍ജ് ചോദിക്കുന്നു. സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നുമാണ് കത്തിലെ ആവശ്യം.

ഇതിനെതിരെ നടപടി എടുത്തില്ലെങ്കില്‍ ഗവണ്‍മെന്റ് പോലും ഈ കേസില്‍ ഗൂഡാലോചന നടത്തി എന്ന് പൊതുജനം കരുതുമെന്നും പി.സി ജോര്‍ജ് ആരോപിച്ചു. ദിലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് അദ്യം ആരോപിച്ചത് പി.സി ജോര്‍ജ് ആയിരുന്നു.

കത്ത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പി ക്ക് കൈമാറി

പിസി ജോര്‍ജിന്റെ കത്തിന്റെ പൂര്‍ണരൂപം………..
എറണാകുളത്ത് സിനിമാനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി എന്ന മുഖ്യപ്രതി ജയിലില്‍ നിന്നും അയച്ച കത്ത് വാര്‍ത്താ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും വലിയ ചര്‍ച്ച ആയിരിക്കുകയാണ്. ജയില്‍ വകുപ്പിന്റെ മുദ്ര പതിഞ്ഞ ഈ കത്തിന്റെ കോപ്പി നവമാധ്യമങ്ങളില്‍കൂടി വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത.് ഈ കത്തിന്റെ അസല്‍ പകര്‍പ്പിന്റെ കോപ്പിയാണെങ്കില്‍ ഒട്ടേറെ സംശയങ്ങള്‍ അതുയര്‍ത്തുന്നുണ്ട്. അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ട പ്രധാനപ്പെട്ട വസ്തുത പള്‍സര്‍ സുനി ജയിലില്‍ നിന്നയച്ച കത്തിലെ ജയില്‍ വകുപ്പിന്റെ മുദ്രയാണ്.

ജയിലില്‍ കഴിയുന്ന ഒരു പ്രതി പുറത്തേക്ക് കത്ത് അയയ്ക്കണമെങ്കില്‍ അതെഴുതുവാനുള്ള കടലാസ് ജയില്‍ സൂപ്രണ്ടാണ് അനുവദിച്ചു നല്‍കേണ്ടത് . പ്രതി പ്രസ്തുത കടലാസിലെഴുതുന്ന കത്തുകളും കുറിപ്പുകളും ജയില്‍ സൂപ്രണ്ട് വായിച്ചു നോക്കുവാന്‍ ബാധ്യസ്തനാണ്. നിയമപരമായ അപാകതകളൊന്നും ആ കത്തിലോ കുറിപ്പിലോ കണ്ടെത്താന്‍ ജയില്‍ സൂപ്രണ്ടിന് പരിശോധനയിലൂടെ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ അത് പ്രതിയുടെ പേരില്‍ ജയിലിനു പുറത്ത്
കൈമാറുവാന്‍ ജയില്‍ ചട്ടങ്ങളനുസരിച്ച് കഴിയുകയുള്ളൂ. ഈ ചട്ടം നിലനില്‍ക്കെയാണ് ഒരു സിനിമാനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി എന്ന മുഖ്യപ്രതിഅതേ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ പ്രശസ്തനായ ഒരു നടന് കത്തെഴുതി ജയിലിനു പുറത്തേക്ക് കൈമാറിയത്.

ഈ കത്തില്‍ ജയില്‍ വകുപ്പിന്റെ മുദ്ര പതിഞ്ഞത് അതീവഗുരുതരമായ നിയമലംഘനമാണ്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ അതേ വിഷയത്തിന് വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ട് പള്‍സര്‍ സുനി എന്ന പ്രതി എഴുതിയ കത്താണ്. അത് വായിച്ചുനോക്കി വിശദമായി പരിശോധിച്ചിട്ടാണോ ജയില്‍ സൂപ്രണ്ട് ജയില്‍ വകുപ്പിന്റെ മുദ്രപതിപ്പിച്ച് എന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെയും നിലവിലെ കേസിന്റെ ഗൗരവത്തെയും കുറിച്ചറിയാവുന്നയാളാണ് ജയില്‍ സൂപ്രണ്ട്. കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ പ്രതി പണം
ആവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്തില്‍ ജയില്‍ വകുപ്പിന്റെ മുദ്ര പതിപ്പിച്ചുണ്ടെങ്കില്‍ അത് യാദൃശ്ചികമാകാന്‍ ഇടയില്ല.


Also read ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിച്ചിരിക്കുമെന്ന് സുനില്‍ കുമാര്‍: എത്ര വലിയവനായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയാല്‍ നടപടി


വലിയ ഗൂഢാലോചന തന്നെ ഇതിന്റെ പിന്നില്‍ നടന്നിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്ന സമയം, അത് ദൃശ്യമാധ്യമങ്ങളിലെ രാത്രികാല ചര്‍ച്ച നയിക്കുന്ന ഏതാനും മാധ്യമപ്രവര്‍ത്തകരുടെ കയ്യിലെത്തിയ രീതി, ഇതൊക്കെ വലിയ സംശയങ്ങളാണ് പൊതുവില്‍ ഉയര്‍ത്തിയിരിക്കുന്നത്. മലയാളസിനിമയിലെ ഒരു നടനെ മനഃപൂര്‍വം നശിപ്പിക്കാനുള്ള ആസൂത്രിതഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഗൂഢാലോചനയുടെ മുഖ്യപ്രതിസ്ഥാനത്തേക്കാണ് നിയമവിരുദ്ധമായി തടവുപുള്ളിയുടെ കത്ത് പുറത്തേക്ക് കൈമാറാന്‍ കൂട്ടുനിന്ന ജയില്‍ സൂപ്രണ്ടും എത്തുന്നത്. ഇയാളെ അടിയന്തരമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും അറസ്റ്റ് ചെയ്ത് കേസെടുക്കുവാനും സര്‍ക്കാര്‍ തയ്യാറാകണം.

ഇതിന് ഗവണ്‍മെന്റ് തയ്യാറാകുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ അനുവാദത്തോട് കൂടി നടന്ന ഒരാസൂത്രിത ഗൂഢാലോചനയാണെന്ന ആക്ഷേപം പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരും. ഈ കേസിന്റെ പ്രാരംഭഘട്ടത്തില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ കേസില്‍ ഗൂഢാലോചനയൊന്നും ഇല്ലെന്ന സംസ്ഥാനമുഖ്യമന്ത്രിയുടെ വാദത്തെ ദുര്‍ബലപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ബോധപൂര്‍വം ശ്രമങ്ങളുണ്ടായോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ആയതിനാല്‍ ടി കേസില്‍ അടിയന്തര ഉന്നതതല അന്വേഷണവുംനടപടികളും ഉണ്ടാകണമെന്ന് സംസ്ഥാന നിയമനിര്‍മാണ സഭയിലെ അംഗമെന്ന ചുമതലാബോധത്തോടെ ഞാന്‍ അഭ്യര്‍ഥിക്കുന്നു.

We use cookies to give you the best possible experience. Learn more