ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പിരിവിനിറങ്ങാന്‍ മടിച്ച് പി.സി.സികള്‍. ക്രൗഡ് ഫണ്ടിങ് വിജയിക്കുമോ എന്നതില്‍ ആശയക്കുഴപ്പമുണ്ടെന്ന് പി.സി.സി നേതൃത്വങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ ആരംഭിക്കാന്‍ പോലും പണമില്ലാത്ത നിലയിലാണ് കോണ്‍ഗ്രസ് നിലവിലുള്ളതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് പിരിവ് നടത്തിയതിന് പിന്നാലെ വീണ്ടും പണപ്പിരിവിനിറങ്ങാന്‍ പല സംസ്ഥാന നേതൃത്വങ്ങളും വിമുഖത പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ആദായ നികുതി വിലക്ക് നീക്കിയാല്‍ തെരഞ്ഞടുപ്പ് മുഖേന സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന വ്യക്തിപരമായ ബാധ്യതകള്‍ പരിഹരിക്കാമെന്ന ഉറപ്പാണ് പി.സി.സികള്‍ക്ക് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നല്‍കിയത്.
നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ലാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്. ക്രൗഡ് ഫണ്ടിങ്ങിലൂടെയും സംഭാവനകള്‍ സ്വീകരിച്ചും പണം കണ്ടെത്താനാണ് പി.സി.സികള്‍ക്കുള്ള നിര്‍ദേശം. സ്ഥാനാര്‍ത്ഥികള്‍ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നും കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാനങ്ങളെ അറിയിച്ചു.
അതേസമയം കോണ്‍ഗ്രസിന്റെ നികുതി അടക്കാത്ത വരുമാനം 520 കോടിയോളം രൂപയാണെന്ന് ആദായനികുതി വകുപ്പ് ദല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ പാര്‍ട്ടി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹരജി അടുത്തിടെ ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
കുടിശ്ശികയുള്ള നികുതി തിരിച്ചുപിടിക്കാന്‍ മാര്‍ച്ചില്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ആദായനികുതി വകുപ്പിന്റെ ഉത്തരവില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി അന്ന് വിധിച്ചു.
Content Highlight: PCCs have expressed reluctance to hold fundraisers to resolve Congress’s financial crisis