| Monday, 10th July 2023, 8:18 pm

ഇന്ത്യന്‍ തന്ത്രം തിരിച്ചുപയറ്റാന്‍ പാകിസ്ഥാന്‍; ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന് അടുത്ത വഴിത്തിരിവോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഈ ആഴ്ച ഡര്‍ബനില്‍ നടക്കുന്ന ഐ.സി.സി യോഗത്തില്‍ നിക്ഷ്പക്ഷ വേദികള്‍ക്കായുള്ള ആവശ്യമുന്നയിക്കാനൊരുങ്ങി പാകിസ്ഥാന്‍. ഏഷ്യാ കപ്പില്‍ പാകിസ്ഥാനിലെത്തി മത്സരം കളിക്കാന്‍ ഇന്ത്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് തങ്ങള്‍ ലോകകപ്പിന് ഇന്ത്യയിലെത്തില്ല എന്നും പകരം നിക്ഷ്പക്ഷ വേദികളില്‍ മത്സരം നടത്തണമെന്നുമുള്ള വാദം ഉന്നയിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്‌റഫ് ഐ.സി.സി യോഗത്തില്‍ ഈ വിഷയം ശക്തമായി തന്നെ ഉന്നയിക്കുമെന്ന് ഇന്റര്‍ പ്രൊവിന്‍ഷ്യല്‍ കോര്‍ഡിനേഷന്‍ (സ്‌പോര്‍ട്‌സ്) മന്ത്രിയായ അഹ്‌സന്‍ മസാരി പറഞ്ഞു.

‘ഏഷ്യാ കപ്പിനായി ഇന്ത്യക്ക് പാകിസ്ഥാനിലെത്താന്‍ കഴിയില്ലെങ്കില്‍ എന്തുകൊണ്ട് ലോകകപ്പ് മത്സരങ്ങള്‍ നിക്ഷ്പക്ഷ വേദികളില്‍ കളിക്കാന്‍ സാധിക്കില്ല എന്ന വിഷയം സാക്കാ അഷ്‌റഫ് ഐ.സി.സിക്ക് മുമ്പില്‍ ഉന്നയിക്കും,’ മസാരി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഇവിടുത്ത സുരക്ഷാ സാഹചര്യങ്ങളില്‍ അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇന്ത്യയിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് ഞങ്ങള്‍ക്കും ചോദ്യമുന്നയിക്കാം,’ മസാരി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു ലോകകപ്പിന് മുമ്പ് പ്രതിസന്ധി സൃഷ്ടിച്ച് പാകിസ്ഥാന്‍ തങ്ങളുടെ നിലപാട് പറഞ്ഞത്. ഏഷ്യാ കപ്പിന് ഇന്ത്യ പാകിസ്ഥാനിലെത്തില്ലെങ്കില്‍, ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് ടീമിനെ അയക്കില്ലെന്നാണ് മസാരി പ്രഖ്യാപിച്ചത്. ലോകകപ്പിന്റെയും ഏഷ്യാ കപ്പിന്റെയും ഷെഡ്യൂളും വേദികളും അടക്കം പ്രഖ്യാപിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും സുരക്ഷാ കാരണങ്ങളും മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ ടീം പാകിസ്ഥാനിലെത്തി ഏഷ്യാ കപ്പ് കളിക്കില്ല എന്ന് ബി.സി.സി.ഐ നിലപാടെടുത്തത്. ടൂര്‍ണമെന്റിന്റെ വേദി പാകിസ്ഥാനില്‍ നിന്നും മാറ്റണമെന്ന ആവശ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. എന്നാല്‍ ഇത് പാകിസ്ഥാന്‍ നിരസിച്ചു.

എന്നാല്‍ നിരവധി വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം പാകിസ്ഥാനും ശ്രീലങ്കയും സംയുക്തമായി ഏഷ്യാ കപ്പിന് വേദിയാകുമെന്ന് തിരുമാനിക്കുകയായിരുന്നു.

ഈ വിവാദങ്ങള്‍ ഏകദേശം കെട്ടടങ്ങിയതിന് ശേഷമാണ് പാകിസ്ഥാന്‍ പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഐ.സി.സി ഏകദിന ലോകകപ്പ് 2023ല്‍ ഒക്ടോബര്‍ ആറിനാണ് പാകിസ്ഥാന്റെ ആദ്യ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് പാക് പടയുടെ എതിരാളികള്‍. എന്നാല്‍ ഈ വേദിയില്‍ പാകിസ്ഥാന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ചിദംബരം സ്റ്റേഡിയത്തിലും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലും നടക്കുന്ന മത്സരങ്ങളുടെ വേദി മാറ്റണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം ഐ.സി.സി നിരസിക്കുകയായിരുന്നു.

Content Highlight:  PCB to push for Pakistan’s World Cup matches at neutral venue

We use cookies to give you the best possible experience. Learn more