പാകിസ്ഥാന്‍ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് റിസ്വാന്‍, ക്യാപ്റ്റന്‍ ബാബര്‍ അസം, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കാനഡയില്‍ നടക്കാനിരിക്കുന്ന ഗ്ലോബല്‍ ടി-20 ലീഗില്‍ പങ്കെടുക്കുന്നതില്‍ എന്‍.ഒ.സി നിഷേധിച്ച് മൂന്നു താരങ്ങള്‍ക്കും എട്ടിന്റെ പണി കൊടുക്കാനിരിക്കുകയാണ് ബോര്‍ഡ്.
ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഈ കാലയളവില്‍ ക്രിക്കറ്റ് ബോര്‍ഡ് മറ്റു താരങ്ങളുടെ കാര്യത്തില്‍ സ്വീകരിച്ചു വരുന്നതു പോലെ എന്‍.ഒ.സി നിഷേധിക്കാനാണ് സാധ്യത. ഇംഗ്ലണ്ടില്‍ നടക്കുന്ന സെഞ്ച്വറി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ നസീം ഷായ്ക്കും എന്‍.ഒ.സി നല്‍കിയിരുന്നില്ല. എന്നാല്‍ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് കളിക്കാരുടെ ജോലി ഭാരത്തില്‍ ആശങ്ക ഉള്ളതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു തീരുമാനം എന്നാണ്.
മാത്രമല്ല ഗ്ലോബല്‍ ടി-20 ലീഗിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടില്ല.
ലീഗില്‍ കളിക്കാന്‍ വേണ്ടി വിവിധ ഫ്രാഞ്ചൈസികള്‍ മുഹമ്മദ് ആമിര്‍, മുഹമ്മദ് നവാസ് , ഇഫ്തിക്കര്‍ അഹമ്മദ്, ആസിഫ് അലി എന്നിവരെ സൈന്‍ ചെയ്തിട്ടുണ്ട്.
അതേസമയം കളിക്കാരുടെ ഫിറ്റ്‌നസും പ്രകടനവും പരിഗണിച്ച ശേഷം മാത്രമേ എന്‍.ഒ.സി നല്‍കു എന്ന് പി.ബി.സി ചെയര്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 21 മുതല്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ 2 ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഉണ്ട്. ഒക്ടോബര്‍ 7ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടെസ്റ്റ് പരമ്പരയും പാകിസ്ഥാന് വരാനിരിക്കുന്നുണ്ട്. ശേഷം വെസ്റ്റ് ഇന്‍ഡീസിനോടും സൗത്ത് ആഫ്രിക്കയോടുമുള്ള പര്യടനം ആണ് ഉള്ളത്.
Content Highlight: PCB to give a big blow to Pakistani superstars