2023ല്‍ പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിനെ അയക്കാന്‍ ബി.സി.സിയ.ഐ തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, മറുപടി നീക്കത്തിന് പാകിസ്ഥാനും ഒരുങ്ങുകയാണെന്ന് വിവരം.
ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് വരില്ലെങ്കില്‍ 2023ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പിലേക്ക് പാകിസ്ഥാന്‍ ടീമിനെയും അയക്കില്ലെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മറ്റ് വിദേശരാജ്യങ്ങള്‍ പാകിസ്ഥാനിലേക്ക് ടൂര്‍ണമെന്റിനായി എത്തുന്നുണ്ടെന്നും ഇന്ത്യ മാത്രം എന്തിനാണ് മാറിനില്‍ക്കുന്നതെന്നുമാണ് പി.സി.ബിയുടെ ചോദ്യം. എ.സി.സി പ്രസിഡന്റും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷാക്കെതിരെ കടുത്ത അമര്‍ഷത്തിലാണ് പാക് ബോര്‍ഡ്.
‘പി.സി.ബിക്കും കടുപ്പമേറിയ തീരുമാനങ്ങളെടുക്കാന്‍ അറിയാം. ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് കളിച്ചില്ലെങ്കില്‍ അത് ഐ.സി.സിക്കും എ.സി.സിക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന കാര്യം മറക്കണ്ട.
ടൂര്‍ണമെന്റിന്റെ ലൊക്കേഷന്‍ യു.എ.ഇയിലേക്ക് മാറ്റുന്ന കാര്യം എ.സി.സി (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) ആലോചിക്കുമെന്ന് ജയ് ഷാ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിഞ്ഞാല്‍ കൊള്ളാം. പാകിസ്ഥാന്‍ ബോര്‍ഡിന് അധികാരങ്ങളും അവകാശങ്ങളും നല്‍കിയത് എ.സി.സിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡാണ്, അല്ലാതെ പ്രസിഡന്റല്ല,’ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പി.സി.ബി സോഴ്‌സ് പറഞ്ഞതായി ക്രിക് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാന്‍ പി.സി.ബി ചെയര്‍മാന്‍ റാമിസ് രാജ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ മീറ്റിങ്ങിലാണ് പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കേണ്ട എന്ന് ജയ് ഷാ തീരുമാനിച്ചതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന് പകരം മറ്റൊരു വേദിയിലേക്ക് ഏഷ്യാ കപ്പ് മാറ്റണമെന്ന് ആവശ്യപ്പടുമെന്നും അതിനുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും
ജയ് ഷാ അറിയിച്ചതായി പറഞ്ഞിരുന്നു.
എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ച ശേഷം മാത്രമായിരിക്കും ബി.സി.സി.ഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊളളുക.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളാല്‍ ദീര്‍ഘ കാലമായി ഇന്ത്യ പാകിസ്ഥാനില്‍ മത്സരങ്ങള്‍ കളിച്ചിരുന്നില്ല. 2008ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യ പങ്കെടുത്തത്.
അതേസമയം 2012-13 സീസണിലാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയിലെത്തിയത്. ഇന്ത്യക്കെതിരെ മൂന്ന് ഏകദിനവും രണ്ട് ടി-20 മത്സരങ്ങളും പാകിസ്ഥാന്‍ കളിച്ചിരുന്നു.
നിലവില്‍ ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കളിക്കുന്നത്.
2022 ഏഷ്യാ കപ്പില്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഓരോ മത്സരം വീതം ഇരുവരും വിജയിച്ചു.
ഒക്ടോബര്‍ 23ന് നടക്കുന്ന ടി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.
Content Highlight: PCB is angry with Jay Shah after he says India will not go to Pakistan for Asia Cup 2023