| Tuesday, 27th December 2022, 10:10 am

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് പാകിസ്ഥാന്‍ ഇല്ലേ? ക്രിക്കറ്റ് ബോര്‍ഡിന് പറയാനുള്ളത് ഇതാണ്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ ഇന്ത്യയിലെത്തി 2023 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍ നജാം സേഥി. നേരത്തെ പല കാരണങ്ങള്‍ കൊണ്ടും പാകിസ്ഥാന്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് എത്തിയേക്കില്ല എന്ന് ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യത്തില്‍ ഇവരിപ്പോള്‍ വ്യക്തത നല്‍കുകയാണ്.

ഏഷ്യാ കപ്പിന് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുകയാണെങ്കില്‍ ഇന്ത്യ കളിക്കാനെത്തില്ലെന്ന് ബി.സി.സി.ഐ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ പാകിസ്ഥാനില്‍ കളിക്കുന്നില്ലെങ്കില്‍ 2023 ലോകകപ്പില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാനും പ്രഖ്യാപിച്ചത്.

ഈ വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കെയാണ് 2023 ലോകകപ്പിനെ കുറിച്ച് പാകിസ്ഥാന്‍ പുതിയ അപ്‌ഡേറ്റുകള്‍ നല്‍കിയത്.

‘പാകിസ്ഥാന്‍ സര്‍ക്കാര്‍ ഞങ്ങളോട് ഇന്ത്യയിലേക്ക് പോകരുത് എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ഇന്ത്യയിലേക്ക് പോകില്ല. പാകിസ്ഥാന്റെയും ഇന്ത്യയുടെയും ക്രിക്കറ്റ് ബന്ധങ്ങളെ കുറിച്ച് നമുക്ക് അറിയാവുന്നതാണ്.

കളിക്കണമോ വേണ്ടയോ പര്യടനം നടത്തണമോ വേണ്ടയോ എന്ന കാര്യങ്ങളെല്ലാം തന്നെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ടതാണ്,’ കറാച്ചിയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സേഥി പറഞ്ഞു.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും സേഥി പറഞ്ഞു.

‘സാഹചര്യങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം ഞങ്ങള്‍ മുന്നോട്ട് പോകും. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ നമ്മളെ ഒറ്റപ്പെടുത്തില്ല എന്ന കാര്യവും ഉറപ്പാക്കണം,’ സേഥി കൂട്ടിച്ചേര്‍ത്തു.

മുംബൈ ഭീകരാക്രമണത്തിന് ശേഷം 2008 ഏഷ്യാ കപ്പിനല്ലാതെ ഇന്ത്യ ഒരിക്കല്‍ പോലും പാകിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല. ഇരുവരും തമ്മിലുള്ള ബൈലാറ്ററല്‍ പരമ്പരകള്‍ പോലും നടന്നിട്ട് വര്‍ഷങ്ങളേറെയായി.

ഭീകരാക്രമണത്തിന് ശേഷം 2011ല്‍ ലോകകപ്പ് കളിച്ച പാകിസ്ഥാന്‍ 2012ലാണ് അവസാനമായി ഇന്ത്യയില്‍ പര്യടനം നടത്തിയത്. പരമ്പരകളിലും മറ്റും ഒരിക്കല്‍ പോലും നേര്‍ക്കുനേര്‍ വരാത്ത ഇരു ടീമുകളും എ.സി.സി, ഐ.സി.സി ഇവന്റുകളില്‍ മാത്രമാണ് ഏറ്റുമുട്ടാറുള്ളത്.

Content highlight: PCB gives update about their participation in 2023 WC

We use cookies to give you the best possible experience. Learn more