| Tuesday, 3rd October 2023, 11:57 am

ബോര്‍ഡര്‍-ഗവാസ്‌കറും ആഷസും പോലെ 'ഇന്ത്യയും പാകിസ്ഥാനും ഗാന്ധി-ജിന്ന ട്രോഫി കളിക്കണം, എല്ലാ വര്‍ഷവും പരമ്പര'

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബൈലാറ്ററല്‍ പരമ്പരക്ക് പ്രൊപ്പോസലുമായി പി.സി.ബി ചെയര്‍മാന്‍ സാക്ക അഷ്‌റഫ്. മഹാത്മ ഗാന്ധിയുടെയും മുഹമ്മദലി ജിന്നയുടെയും പേരില്‍ ഗാന്ധി-ജിന്ന ട്രോഫി എന്നാണ് സാക്ക ഇതിന് നാമകരണം ചെയ്തിരിക്കുന്നത്.

‘ആഷസ് ട്രോഫിയുടെ മാതൃകയില്‍ ഗാന്ധി-ജിന്ന ട്രോഫി എന്ന പേരില്‍ പരമ്പര സംഘടിപ്പിക്കാന്‍ ബി.സി.സി.ഐക്ക് മുമ്പില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. എല്ലാ വര്‍ഷവും നടക്കുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ വര്‍ഷവും ഇന്ത്യക്കും പാകിസ്ഥാനും മാറി മാറി പരമ്പരക്ക് വേദിയൊരുക്കാം,’ അഷ്‌റഫ് പറഞ്ഞു.

ഇതാദ്യമായല്ല സാക്ക അഷ്‌റഫ് ഗാന്ധി-ജിന്ന ട്രോഫി എന്ന ആശയം മുന്നോട്ട് വെക്കുന്നത്. 2013ല്‍ തന്നെ അദ്ദേഹം ഈ പരമ്പര നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ കാരണം ഏറെ നാളുകളായി ഇന്ത്യയും പാകിസ്ഥാനും പരമ്പരകളൊന്നും തന്നെ കളിക്കാറില്ല. ഇരു രാജ്യങ്ങളും പരസ്പരം പര്യടനം നടത്താറുമില്ല.

ഐ.സി.സി, എ.സി.സി ഇവന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും നേരിട്ട് ഏറ്റുമുട്ടാറുള്ളത്. ഏഷ്യാ കപ്പിന്റെ ഈ എഡിഷന് പാകിസ്ഥാന്‍ വേദിയായതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ല എന്ന് ബി.സി.സി.ഐ നിലപാടറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടത്തിയത്.

നടക്കാനിരിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ഇപ്പോള്‍ ഇന്ത്യയിലെത്തിയിരിക്കുകയാണ്. 2016ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയിലെത്തുന്നത്.

കഴിഞ്ഞ 25 വര്‍ഷമായി ഒരു ഐ.സി.സി ഇവന്റിനും പാകിസ്ഥാന്‍ വേദിയാകാത്തതില്‍ ഏറെ കാലമായി ഇന്ത്യയും പാകിസ്ഥാനിലെത്തിയിരുന്നില്ല. എന്നാല്‍ 2025ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാനാണ് വേദിയാകുന്നത്. ഈ ബിഗ് ഇവന്റില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Content Highlight: PCB Chief proposes Gandhi-Jinnah trophy, bilateral series between India and Pakistan

Latest Stories

We use cookies to give you the best possible experience. Learn more