| Saturday, 3rd December 2022, 3:11 pm

പാകിസ്ഥാനെ കൊണ്ട് ഇപ്പോഴതിന് കഴിയില്ല, ഇനിയും കാലമേറെ കഴിയണം; പണി വാങ്ങിക്കൂട്ടാന്‍ പോന്ന പ്രസ്താവനയുമായി ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. റാവല്‍പിണ്ടിയിലെ പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ബാറ്റര്‍മാര്‍ക്കായിരുന്നു മേല്‍ക്കൈ.

ആദ്യ ദിവസം തന്നെ ടെസ്റ്റ് ചരിത്രത്തിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞ പ്രകടനമായിരുന്നു ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ആദ്യ ദിവസം തന്നെ ഇംഗ്ലണ്ട് സ്‌കോര്‍ 500 കടന്ന മത്സരത്തില്‍ നാല് ഇംഗ്ലണ്ട് താരങ്ങളായിരുന്നു സെഞ്ച്വറി തികച്ചത്.

ആദ്യ ഇന്നിങ്‌സില്‍ 101 ഓവറില്‍ 657 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടാവുകയായിരുന്നു.

ഇതിന് പിന്നാലെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ഈയടുത്ത കാലത്തൊന്നും പാകിസ്ഥാന് ടെസ്റ്റ് ക്രിക്കറ്റിനായുള്ള പിച്ച് ഒരുക്കാന്‍ സാധിക്കില്ലെന്നാണ് റമീസ് രാജ പറഞ്ഞത്.

‘നിര്‍ഭാഗ്യവശാല്‍ ഒരു ടെസ്റ്റ് മത്സരത്തിന് പിച്ച് തയ്യാറാക്കേണ്ടതിനെ കുറിച്ച് എനിക്കിതുവരെ മനസിലായിട്ടില്ല. ഈ പിച്ചില്‍ ഏറെ നിരാശയുണ്ട്. പാകിസ്ഥാനിലെ ഡ്രോപ് ഇന്‍ പിച്ചുകളില്‍ കളിക്കാന്‍ ഞാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ കാരണം നിങ്ങള്‍ കറാച്ചിയിലേക്കും മുള്‍ട്ടാനിലേക്കും പോകുമെന്നതിനാലാണ്. നിങ്ങള്‍ക്കവിടെ ഇതേ പ്രകടനം തന്നെ കാഴ്ചവെക്കാന്‍ സാധിക്കും. എന്നാല്‍ ഞങ്ങള്‍ക്ക് ബൗണ്‍സ് ലഭിക്കില്ല. ക്ലേ ഉപയോഗിച്ചാണ് പിച്ച് തയ്യാറാക്കുന്നത്,’ റമീസ് രാജ് പറയുന്നു.

‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. ടി-20യിലും ഏകദിനത്തിലും പിച്ച് മികച്ചതാണ്, എന്നാല്‍ ടെസ്റ്റിലേക്ക് വരുമ്പോള്‍ ആ സൂക്ഷ്മത പുലര്‍ത്താന്‍ സാധിക്കുന്നില്ല. ടെസ്റ്റിനായി മികച്ച പിച്ചൊരുക്കാന്‍ നമുക്കിനിയും വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മൂന്നാം ദിവസവും പാകിസ്ഥാന്‍ ബാറ്റിങ് തുടരുകയാണ്. നിലവില്‍ 108 ഓവറില്‍ 383 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് പാകിസ്ഥാന്‍.

രണ്ടാം സെഷനില്‍ കളി തുടരുമ്പോള്‍ 274 റണ്‍സിന് പാകിസ്ഥാന്‍ പുറകിലാണ്. ഫോളോ ഓണ്‍ ഒഴിവാക്കാനായിരിക്കും പാകിസ്ഥാന്‍ ശ്രമിക്കുന്നത്.

ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖിന്റെയും ഇമാം ഉള്‍ ഹഖിന്റെയും സെഞ്ച്വറിയാണ് പാകിസ്ഥാനെ തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചത്. അബ്ദുള്ള ഷെഫീഖ് 203 പന്തില്‍ നിന്നും 114 റണ്‍സെടുത്തപ്പോള്‍ ഇമാം ഉള്‍ ഹഖ് 207 പന്തില്‍ നിന്നും 121 റണ്‍സ് നേടി പുറത്തായി. 48 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ അസര്‍ അലിയുടെ വിക്കറ്റാണ് പാകിസ്ഥാന് മൂന്നാമതായി നഷ്ടമായത്.

സെഞ്ച്വറി പ്രതീക്ഷയുമായി മുന്നേറുന്ന ബാബര്‍ അസവും സൗദ് ഷക്കീലുമാണ് പാകിസ്ഥാനായി ക്രീസിലുള്ളത്. നിലവില്‍ 120 പന്തില്‍ നിന്നും 91 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്.

Content Highlight: PCB Chairman Ramiz raja about preparing pitch for test cricket

We use cookies to give you the best possible experience. Learn more