'ബാബര്‍ അസം ക്യാപ്റ്റനായതോടെ ഇന്ത്യ പാകിസ്ഥാനെ ബഹുമാനിക്കാന്‍ തുടങ്ങി'
Sports News
'ബാബര്‍ അസം ക്യാപ്റ്റനായതോടെ ഇന്ത്യ പാകിസ്ഥാനെ ബഹുമാനിക്കാന്‍ തുടങ്ങി'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th October 2022, 1:34 pm

കഴിഞ്ഞ കുറച്ചു നാളുകളായി പാകിസ്ഥാന്‍ ക്രിക്കറ്റിനെയും ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും വിമര്‍ശിക്കുന്നവരെ കടന്നാക്രമിക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ റമീസ് രാജ കൈക്കൊണ്ടിട്ടുള്ളത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നായിരുന്നു റമീസ് രാജ പറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളില്‍ ബാബറിനെതിരായ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം തക്ക മറുപടിയും നല്‍കിയിരുന്നു. താരം പാകിസ്ഥാന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു റമീസ് രാജ വിമര്‍ശകരെ നേരിട്ടത്.

ലോകകപ്പ് നേടാന്‍ സാധ്യത കല്‍പിക്കുന്ന മുന്‍നിര ടീമായി പാകിസ്ഥാന്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും റമീസ് രാജ പറയുന്നു.

പാകിസ്ഥാന്‍ മാധ്യമമായി ഡോണുമായുള്ള അഭിമുഖത്തിനിടെ വിമര്‍ശകരെ രൂക്ഷമായി വിമര്‍ശിച്ച റമീസ് രാജ, ബാബറിനെ ബഹുമാനിക്കാനും ആവശ്യപ്പെട്ടു.

ബാബര്‍ അസമിന്റെ കാലഘട്ടത്തിലാണ് ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ബഹുമാനിക്കാന്‍ തുടങ്ങിയതെന്നും റമീസ് രാജ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ ശാരീരികമായ പോരാട്ടത്തെക്കാള്‍ മാനസികമായ പോരാട്ടങ്ങളാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം തന്നെ പാകിസ്ഥാന്‍ വെറും അണ്ടര്‍ഡോഗുകളായിരുന്നു. എന്നാല്‍ ബാബറിന്റെ കാലത്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നമ്മള്‍ക്ക് വേണ്ട ബഹുമാനം നല്‍കിത്തുടങ്ങിയത്.

ഞാന്‍ ഇതേ കാര്യം വിമര്‍ശകരില്‍ നിന്നും പ്രതീക്ഷിക്കുകയാണ്. ഇതിന് പുറമെ ബാബറിനെയും സംഘത്തേയും ബില്യണ്‍ ഡോളര്‍ ടീമിനെ (ഇന്ത്യ) പരാജയപ്പെടുത്തിയതിന് പ്രത്യേകം അഭിനന്ദിക്കുകയും വേണം,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ടി-20 ലോകകപ്പിലാണ് പാകിസ്ഥാന്‍ ഐ.സി.സി ലോകകപ്പുകളില്‍ സ്ഥിരമായി ഇന്ത്യയോട് തോല്‍ക്കുന്ന പതിവ് അവസാനിപ്പിച്ചത്. കഴിഞ്ഞ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പിച്ചായിരുന്നും പാകിസ്ഥാന്റെ വിജയം.

യു.എ.ഇയില്‍ വെച്ച് നടന്ന ഏഷ്യാ കപ്പിന്റെ 2022 എഡിഷനിലും പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

അതേസമയം, വരാനിരിക്കുന്ന ടി-20 ലോകകപ്പിലും ഇരുവരും ഏറ്റുമുട്ടും. കഴിഞ്ഞ വര്‍ഷം ഇന്ത്യയെ തോല്‍പിച്ചത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ ആ തോല്‍വിക്ക് പകരം ചോദിക്കാനാവും ഇന്ത്യ ഇറങ്ങുന്നത്.

 

Content Highlight: PCB chairman Ramiz Raja about  Babar Azam