ഇസ്‌ലാമാബാദ്: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാക് ബാറ്റ്‌സ്മാന്‍ അഹമ്മദ് ഷെഹ്‌സാദിന് നാലുമാസം വിലക്ക്. പാകിസ്താന്‍ അഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ കഴിഞ്ഞ ജൂലൈയിലാണ് ഷെഹ്‌സാദിനെതിരെ ആരോപണം ഉയര്‍ന്നിരുന്നത്. ഇതേ തുടര്‍ന്ന് ജൂലൈ 10 മുതല്‍ താരം സസ്‌പെന്‍ഷനിലാണ്.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നാലുമാസത്തെ വിലക്ക് ജൂലൈ മുതല്‍ പ്രാബല്ല്യത്തിലുണ്ടാവുമെന്ന് പി.സി.ബി വൃത്തങ്ങള്‍ പറഞ്ഞു.
ഷെഹ്‌സാദ് കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍ വഞ്ചിക്കാനോ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കാനോ ഉദ്ദേശിച്ചിട്ടല്ല ചെയ്തതെന്നും താരം പറഞ്ഞതായി പി.സി.ബി പ്രസ്താവനയില്‍ പറഞ്ഞു. നിരോധിത മരുന്നുകള്‍ ഉപയോഗിക്കുന്നതിനെതിരെ കടുത്ത നടപടികളുണ്ടാവുമെന്നും ഭാവിയില്‍ താരങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പി.സി.ബി പറഞ്ഞു.
ഇരുപത്തിയാറുകാരനായ ഷെഹ്‌സാദ് 13 ടെസ്റ്റുകളും 81 ഏകദിനങ്ങളും 57 ട്വന്റി20 മത്സരങ്ങളും പാകിസ്താനായി കളിച്ചിട്ടുണ്ട്. ഏത് മരുന്നാണ് ഷെഹ്‌സാദ് ഉപയോഗിച്ചതെന്ന് പി.സി.ബി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നല്ലനടപ്പിന്റെ ഭാഗമായി താരത്തിന് ഉത്തേജകവിരുദ്ധ ക്ലാസുകള്‍ എടുക്കേണ്ടിവരും.