| Wednesday, 3rd July 2024, 9:15 pm

പാകിസ്ഥാനിലേക്ക് ഇന്ത്യ പോകുമോ? ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ അനിശ്ചിതത്വത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയതോടെ ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയാണ്. പാകിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. 2024 ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണാതെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയായിരുന്നു. ഇതോടെ മോശം പ്രകടനത്തിന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനും സംഘത്തിനും വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ തിരിച്ച് വരാനാണ് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയുമായുള്ള പാകിസ്ഥാന്റെ മത്സരത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനാല്‍ ഫൈനല്‍ ഷെഡ്യൂള്‍ വൈകുകയാണ്. മാര്‍ച്ച് ഒന്നിനാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ലാഹോറില്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യ പാകിസ്ഥാനില്‍ പോകില്ല എന്ന നിലപാട് എടുക്കുകയായിരുന്നു.

ഐ.സി.സി ഇവന്റുകളുടെ ഹെഡ് ക്രിസ് ടെറ്റ്‌ലി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയെ കണ്ട് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ 2023ല്‍ പാകിസ്ഥാന്‍ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിച്ചത് പോലെ ഒരു ‘ഹൈബ്രിഡ് മോഡലില്‍’ ശ്രീലങ്കയില്‍ ഇന്ത്യയുമായുള്ള മത്സരം കളിക്കാനാണ് ഉദ്ദേശിക്കുന്നത്.

‘ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെ തലവന്‍മാരും (ബി.സി.സി.ഐ ഒഴികെ) പി.സി.ബി ചെയര്‍മാന്‍ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ട്, എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സര്‍ക്കാരുമായി ആലോചിക്കണം,’ ചാമ്പ്യന്‍സ് ട്രോഫി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി ഒരു ബോര്‍ഡിനെയും നിര്‍ബന്ധിക്കാന്‍ ഐ.സി.സിക്ക് കഴിയില്ല.

Content Highlight: PCB awaits BCCI’s approval for India vs Pakistan match in Lahore

We use cookies to give you the best possible experience. Learn more