| Wednesday, 14th August 2019, 11:38 pm

പ്രളയ ദുരിതാശ്വാസം എങ്ങനെയായിരിക്കണമെന്നു പിണറായി വിജയനെ ഉപദേശിക്കുന്നതു നന്നാവുമെന്ന് പി.സി വിഷ്ണുനാഥ്; ചെയ്യാമെന്ന് എന്‍.എസ് മാധവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വേറെ തിരക്കൊന്നുമില്ലാത്ത രാഹുല്‍ ഗാന്ധി വയനാട്ടില്‍ തങ്ങി പണിയെടുക്കുകയാണു വേണ്ടതെന്ന എന്‍.എസ് മാധവന്റെ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. രാഹുല്‍ വീണ്ടും വയനാട് സന്ദര്‍ശിക്കുമെന്നും ഇടതുചിന്തകനായ എന്‍.എസ് മാധവന്‍ പ്രളയ ദുരിതാശ്വാസം എങ്ങനെയായിരിക്കണമെന്നു പിണറായി വിജയനെ ഉപദേശിക്കുന്നതു നന്നാവുമെന്നും വിഷ്ണുനാഥ് പറഞ്ഞു.

ട്വിറ്ററിലായിരുന്നു ഇരുവരുടെയും വാക്‌പോര്. ‘തന്റെ മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. വയനാട്ടിലും മലപ്പുറത്തുമായി പതിനഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു.

ദുരിതബാധിതരായ ആയിരക്കണക്കിന് ആളുകളെ കണ്ടു. ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ചകള്‍ നടത്തി. ജനപ്രതിനിധികളെ കണ്ടു. വീണ്ടും അദ്ദേഹം വയനാട് സന്ദര്‍ശിക്കും. എന്‍.എസ് മാധവന്‍ പരാമര്‍ശിച്ച ശശീന്ദ്രന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.’- വിഷ്ണുനാഥ് പറഞ്ഞു.

‘നന്ദി, അതു ചെയ്യാം’ എന്നായിരുന്നു എന്‍.എസ് മാധവന്റെ ട്വീറ്റ്.

നേരത്തേ എന്‍.എസ് മാധവന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- ‘തിരക്കുള്ളയാളാണെന്ന നാട്യം രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം. വീട്ടില്‍ കാത്തിരിക്കാന്‍ ഭാര്യയും കുട്ടികളുമില്ല. അദ്ദേഹം വയനാട്ടില്‍ തങ്ങി പണിയെടുക്കുകയാണു വേണ്ടത്.

അതെങ്ങനെ വേണമെന്നു സ്ഥലം എം.എല്‍.എ ശശീന്ദ്രനെ കണ്ടു പഠിക്കാവുന്നതാണ്.’

നേരത്തേ വയനാട് സന്ദര്‍ശിച്ച രാഹുല്‍, കേരളത്തിലെ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി കൂട്ടണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കു കത്തയച്ചിരുന്നു. 2019 ഡിസംബര്‍ വരെ മൊറട്ടോറിയം കാലാവധി കൂട്ടണമെന്നാണ് കത്തിലെ ആവശ്യം.

ഒരു നൂറ്റാണ്ടിനിടെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തില്‍ ഈ വര്‍ഷം ഉണ്ടായതെന്നും അതിനാല്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ആഗോള വിപണിയിലെ വിലയിടിവും കര്‍ഷകരെ ദോഷകരമായി ബാധിച്ചെന്ന് കത്തില്‍ പറയുന്നു.

കാര്‍ഷിക കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാവുന്ന നടപടികളുടെ ഫലമായി കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചിരിക്കുകയാണെന്നും ഡിസംബര്‍ 31 വരെ മൊറട്ടോറിയം കാലാവധി നീട്ടണമെന്നുള്ള ആവശ്യം അംഗീകരിക്കാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതി തയ്യാറായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നും കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നു.

നേരത്തെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഹുല്‍ഗാന്ധി കത്ത് അയച്ചിരുന്നു. പ്രധാനമന്ത്രിക്കയച്ച കത്തിലും രാഹുല്‍ വയനാട്ടിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more