തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം 10,000ത്തിനും 20,000ത്തിനും ഇടയില്‍ കൊവിഡ് രോഗികള്‍ ഉണ്ടായേക്കാമെന്ന ആരോഗ്യമന്ത്രി കെ. കെ ശൈലജയുടെ മുന്നറിയിപ്പിനെ ചോദ്യം ചെയ്ത് എം.എല്‍.എ പി. സി വിഷ്ണുനാഥ്. രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് പറഞ്ഞതിനേക്കാള്‍ കേരളത്തില്‍ നടത്താന്‍ പോകുന്ന ടെസ്റ്റുകളുടെ എണ്ണത്തിലാണ് തനിക്ക് ഞെട്ടലുണ്ടായതെന്നും വിഷ്ണുനാഥ് പറഞ്ഞു.
കേരളത്തില്‍ നിലവില്‍ 31,000ത്തോളം പരിശോധനകള്‍ പ്രതിദിനം നടത്തുന്ന സാഹചര്യത്തില്‍ 10,000ത്തോളം കൊവിഡ് കേസുകള്‍ ഒരു ദിവസം സ്ഥിരീകരിക്കണമെങ്കില്‍ ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തേണ്ടി വരുമെന്നും 20,000 കേസുകള്‍ സ്ഥിരീകരിക്കാന്‍ രണ്ട് ലക്ഷം ടെസ്റ്റുകള്‍ നടത്തേണ്ടി വരുമെന്നും വിഷ്ണുനാഥ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്.
പ്രതിദിനം 10,000ത്തിനും 20,000ത്തിനും കേസുകള്‍ സ്ഥിരീകരിക്കുമെന്ന് പറയുന്നത് ആരുടെ/ ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിക്കുന്നു. ഇനി ഇത്രയും കേസുകള്‍ സ്ഥിരീകരിക്കാന്‍ മാത്രം പോന്ന ലാബ്, അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
ഇത്രയും രോഗികള്‍ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് അതിനു വേണ്ട സൗകര്യങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്നും അദ്ദേഹം പറയുന്നു.
കേസുകള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ക്രമാനുഗതമായ വര്‍ധനവിനെയല്ല കാണിക്കുന്നതെങ്കില്‍, കേസുകള്‍ കുറച്ചു കാണിക്കാന്‍ മനപൂര്‍വം ടെസ്റ്റുകളുടെ എണ്ണം കുറച്ചുവെച്ചു എന്ന ആരോപണം ശരിവയ്ക്കുകയല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
മന്ത്രിയുടെ പ്രസ്താവന ശരിയെങ്കില്‍ കഴിഞ്ഞ 6 മാസക്കാലമായി ജനങ്ങളുടെ ജീവിതം ദുരിതത്തില്‍ ആക്കിയ നിയന്ത്രണങ്ങള്‍, സ്പ്രിംഗ്ലര്‍, ബിഗ്‌ഡേറ്റാ അനാലിസിസ്, ലോക്ക് ഡൗണ്‍, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍, തോക്ക്, കമാന്‍ഡോ, റൂട്ട് മാര്‍ച്ച് ഇവയില്‍ നിന്ന് ഉണ്ടായ നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാരാജ്യത്ത് ആകെ പ്രതിദിനം നടക്കുന്നത് 8 ലക്ഷം ടെസ്റ്റുകളാണ്. ഇന്ത്യാ ഗവണ്‍മെന്റ് പ്രതിദിന ടാര്‍ജറ്റായി നിശ്ചയിച്ചിട്ടുള്ളത് പ്രതിദിനം 10 ലക്ഷം ടെസ്റ്റുകളാണ്. ഇപ്പോള്‍ പ്രതിദിനം കേവലം 31,000 -ന് അടുപ്പിച്ച് ടെസ്റ്റ് നടത്തുന്ന കേരളം 20,000 കേസുകള്‍ കണ്ടുപിടിക്കാന്‍ 2,00,000 കിറ്റുകള്‍ സമാഹരിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.