ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ഗോവയില്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചു; കര്‍ണാടകയില്‍ 15 ദിവസം നല്‍കി; ബി.ജെ.പിക്കാലത്തെ ഗവര്‍ണര്‍മാരുടെ നടപടിയെ വിമര്‍ശിച്ച് വിഷ്ണുനാഥ്
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി.സി വിഷ്ണുനാഥ്.
ഗവര്‍ണറുടെ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ബി.ജെ.പിയുടെ കാലത്ത് നിയമിച്ച ഗവര്‍ണര്‍മാര്‍ പല രൂപത്തിലാണ് പെരുമാറുന്നതെന്നും വിഷ്ണുനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘ഗോവയില്‍ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കുന്നതിന് വേണ്ടി ഗവര്‍ണര്‍ നടത്തിയ നടപടി ക്രമങ്ങള്‍ നമുക്കെല്ലാമറിയാം. അതേസമയം കര്‍ണാടകത്തില്‍ ബി.ജെ.പിക്ക് ഗവര്‍ണര്‍ 15 ദിവസമാണ് അനുവദിച്ചുകൊടുത്തത്.
കര്‍ണാടത്തില്‍ ബി.ജെ.പിക്ക് 15 ദിവസം അനുവദിച്ച ഗവര്‍ണര്‍ ഉള്ളപ്പോള്‍ മഹാരാഷ്ട്രയില്‍ 48 മണിക്കൂര്‍ അധികം ചോദിക്കുമ്പോള്‍ ഒരുപാര്‍ട്ടിക്കും നല്‍കുന്നില്ല. മറ്റൊരു പാര്‍ട്ടിക്ക് നല്‍കിയ എട്ടര മണി വരെ നിലനില്‍ക്കെ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തുവെന്നാണ് അറിയുന്നത്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ പെരുമാറുന്നു എന്ന ആക്ഷേപമാണ് ഇതിലൂടെ ഉയരുന്നത്. – പി.സി വിഷ്ണുനാഥ് പറഞ്ഞു.
ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നിയമയുദ്ധത്തിന് പോകുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും അഹമ്മദ് പട്ടേലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മുംബൈയിലേക്ക് പോയിട്ടുണ്ടെന്നും അവിടെ എത്തിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമായിരുന്നു വിഷ്ണുനാഥ് പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്ര മന്ത്രിസഭയിലാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാന്‍ ധാരണയായത്. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് നടപ്പാക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ശുപാര്‍ശ ചെയ്യുകയായിരുന്നു. 20 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം നടക്കാത്തതിനാലായിരുന്നു ഗവര്‍ണറുടെ ശുപാര്‍ശ.
സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമോ എന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയോട് ഗവര്‍ണര്‍ ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിനു ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. എന്‍.സി.പിക്ക് ഇന്ന് രാത്രി 8.30 വരെയാണ് സമയം നല്‍കിയിരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ