| Thursday, 19th May 2016, 6:41 pm

പി.സി വിഷ്ണുനാഥിനെ കൈവിട്ട് ചെങ്ങന്നൂര്‍; 7983 വോട്ടിന് തോറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: രണ്ടുതവണ പി.സി വിഷ്ണുനാഥിനെ നിയമസഭയിലെത്തിച്ച മണ്ഡലം ഇത്തവണ അദ്ദേഹത്തെ കൈവിട്ടു. സി.പി.ഐ.എമ്മിന്റെ അഡ്വ. കെ.കെ രാമചന്ദ്രന്‍ നായരോട് 7983 വോട്ടുകള്‍ക്കാണ് പി.സി വിഷ്ണുനാഥ് പരാജയപ്പെട്ടത്. രാമചന്ദ്രന്‍ നായര്‍ 52880 വോട്ടുകള്‍ നേടിയപ്പോള്‍ വിഷ്ണുനാഥിന് നേടാനായത് 44897 വോട്ടുകള്‍ മാത്രമാണ്. തൊട്ടു പിന്നിലായി ബി.ജെ.പിയുടെ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള 42682 വോട്ടുകള്‍ നേടി.

 ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച മണ്ഡലത്തില്‍ പക്ഷെ പി.സി വിഷ്ണുനാഥിന്റെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. കോണ്‍ഗ്രസിന്റെ വിമത ശബ്ദം ശോഭനാ ജോര്‍ജിന് വെറും 3966 വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തില്‍ നേടാനായത്.

കേരള നിയമസഭ രൂപീകൃതമായ 1957ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍ ശങ്കരനാരായണന്‍ തമ്പിയെ വിജയിപ്പിച്ച് ആദ്യ സ്പീക്കറാക്കിയ മണ്ഡലം എന്ന ചരിത്രമാണ് ചെങ്ങന്നൂരിനുള്ളത്. മണ്ഡലം രൂപീകരിച്ചതുമുതല്‍ നടന്ന 13 തിരഞ്ഞെടുപ്പുകളില്‍ 4 എണ്ണത്തില്‍ വിജയിച്ചത് ഇടതുപക്ഷമായിരുന്നു. 1991 മുതല്‍ മണ്ഡലത്തിന് വലത്തേക്കാണ് ചായ്‌വ്.

2014ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ് 7818 വോട്ടുകള്‍ക്ക് സി.പി.ഐയുടെ ചെങ്ങറ സുരേന്ദ്രനെ പാരജയപ്പെടുത്തിയിരുന്നു. ബി.ജെ.പിക്കായി മത്സരിച്ച പി സുധീര്‍ 15716 വോട്ടുകള്‍ ഇവിടെ നേടി.
മണ്ഡല പുനര്‍നിര്‍ണയത്തോടെ മാവേലിക്കര നിയോജകമണ്ഡത്തിലെ ചെന്നിത്തലതൃപ്പെരുന്തുറ പഞ്ചായത്തും ആറന്‍മുള നിയോജകമണ്ഡലത്തിലെ മുളക്കുഴ പഞ്ചായത്തും ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഇതില്‍ വെണ്‍മണി, മുളക്കുഴ, പാണ്ടനാട്, പുലിയൂര്‍ പഞ്ചായത്തുകള്‍ ഭരിക്കുന്നത് എല്‍.ഡി.എഫും ചെന്നിത്തലതൃപ്പെരുന്തുറ പഞ്ചായത്തില്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചു. ബുധനൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷമുണ്ടെങ്കിലും പട്ടികജാതി വനിതാ പ്രാതിനിധ്യമില്ലാത്തതിനാല്‍ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചു.

1957ല്‍ സി.പി.ഐയിലെ ആര്‍ ശങ്കരനാരായണന്‍തമ്പിയും 1960ല്‍ കോണ്‍ഗ്രസിലെ കെ ആര്‍ സരസ്വതിയമ്മയും 1965ല്‍ കേരളാ കോണ്‍ഗ്രസിനായി കെ ആര്‍ സരസ്വതിയമ്മയും 1967 ലും 1970ലും സി.പി.എമ്മിലെ പി ജി പുരുഷോത്തമന്‍പിള്ളയും 1977 എന്‍.സി.പിയിലെ തങ്കപ്പന്‍പിള്ളയും 1980ല്‍ എന്‍.സി.പിക്കായി കെ ആര്‍ സരസ്വതിയമ്മയും 1982ല്‍ എന്‍.സി.പിയിലെ എസ് രാമചന്ദ്രന്‍പിള്ളയും 1987ല്‍ കോണ്‍ഗ്രസി(എസ്)ലെ മാമ്മന്‍ ഐപ്, 1991 മുതല്‍ 2001 വരെ കോണ്‍ഗ്രസിലെ ശോഭനാജോര്‍ജും ഇവിടെ വിജയിച്ചു.


അഡ്വ. കെ.കെ രാമചന്ദ്രന്‍ നായര്‍ (സി.പി.ഐ.എം) 52880 ഭൂരിപക്ഷം-7983
പി.സി വിഷ്ണുനാഥ് (കോണ്‍ഗ്രസ്) 44897
അഡ്വ. പി.എസ് ശ്രീധന്‍പിള്ള (ബി.ജെ.പി) 42682
ശോഭനാ ജോര്‍ജ് (സ്വ) 3966
അലക്‌സ് (ബി.എസ്.പി) 483

We use cookies to give you the best possible experience. Learn more