| Tuesday, 8th June 2021, 10:17 am

ഗൗരിയമ്മയ്ക്കുള്ള സ്മാരകമായി വിദ്യാര്‍ത്ഥികള്‍ക്കു ലാപ്‌ടോപ്പ് വിതരണം ചെയ്യാമോയെന്നു വിഷ്ണുനാഥ്; ഏറ്റെടുക്കാന്‍ പറ്റാത്ത പ്രഖ്യാപനം നടത്തി മാതൃകയാകാനില്ലെന്നു ധനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണത്തിനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കേണ്ടതെന്നു പി.സി വിഷ്ണുനാഥ് എം.എല്‍.എ. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനവിനിയോഗത്തെ സംബന്ധിച്ചു മുന്‍ഗണനകള്‍ ഉണ്ടാകേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണു സംസ്ഥാനത്ത് ഓണ്‍ലൈന്‍ അധ്യയനം ആരംഭിക്കുമ്പോള്‍ പഠനോപകരണങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നത്,’ വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് പറയാനുള്ളതു, സ്മാരകങ്ങള്‍ക്കു വേണ്ടിയുള്ള നിര്‍ദേശം അങ്ങയുടെ ബജറ്റിലുണ്ട്. കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ ഈ സംസ്ഥാനത്തെ പഠനസൗകര്യമില്ലാത്ത മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ലാപ്‌ടോപ്പും ഫോണും നല്‍കുന്ന ഒരു പദ്ധതി സ്മാരകമായി പ്രഖ്യാപിക്കാന്‍ പറ്റുമോ. വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി നല്‍കുമെന്നു പറഞ്ഞതുകൊണ്ട് ആയിരം കോടി മാറ്റിവെച്ചത് അവിടെയുണ്ട്,’ വിഷ്ണുനാഥ് പറഞ്ഞു.

ഈ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ നല്‍കുന്നതിന് അതില്‍ നിന്നു ചെറിയ തുക മാറ്റിവെച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രഖ്യാപനത്തിലൂടെ രാജ്യത്തിനു മാതൃകയാവാന്‍ ധനമന്ത്രിയ്ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഏറ്റെടുക്കാന്‍ പറ്റാത്ത പദ്ധതി പ്രഖ്യാപിച്ച് മാതൃകയാവാനില്ലെന്നായിരുന്നു ധനമന്ത്രി കെ. എന്‍. ബാലഗോപാലിന്റെ മറുപടി.

‘കൈയടിയ്ക്കു വേണ്ടി അങ്ങനെയൊരു കാര്യം പറഞ്ഞിട്ടു കാര്യമില്ല. ചോദ്യം കൈയടിയ്ക്കു വേണ്ടി പറയാം, എന്നാല്‍ ഉത്തരം അങ്ങനെ കൈയടിയ്ക്കു വേണ്ടി പറയാന്‍ കഴിയില്ല,’ മന്ത്രി പറഞ്ഞു.

ലാപ്‌ടോപ് വിതരണത്തിനു കെ.എസ്.എഫ്.ഇയും സര്‍ക്കാരും യോജിച്ചു പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ കെ.ആര്‍. ഗൗരിയമ്മയുടേയും ആര്‍. ബാലകൃഷ്ണപിള്ളയുടേയും സ്മാരകങ്ങള്‍ക്കായി രണ്ടു കോടി രൂപയാണു മാറ്റിവെച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PC Vishnunath KR Gouri Amma Online Education Laptop

We use cookies to give you the best possible experience. Learn more