സി.പി.ഐ.എം ദുരന്തമാണെന്ന് വീണ്ടും തെളിയിക്കുകയാണ്; പിണറായി കര്‍ഷക മാര്‍ച്ച് എന്ന പ്രഹസനം നിര്‍ത്തണം: പി.സി വിഷ്ണുനാഥ്
Kerala News
സി.പി.ഐ.എം ദുരന്തമാണെന്ന് വീണ്ടും തെളിയിക്കുകയാണ്; പിണറായി കര്‍ഷക മാര്‍ച്ച് എന്ന പ്രഹസനം നിര്‍ത്തണം: പി.സി വിഷ്ണുനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2019, 8:56 pm

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. നരേന്ദ്ര മോദി കേരളത്തിലെത്തുന്ന ദിവസം കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കുന്നതിലൂടെ സി.പി.ഐ.എം ദുരന്തമാണെന്ന് വീണ്ടും തെളിയിക്കുകയാണെന്നും വിഷ്ണു നാഥ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇരുപതിലേറെ കര്‍ഷകരാണ് ഇടുക്കിയിലും വയനാട്ടിലും ഉള്‍പ്പെടെ ജീവനൊടുക്കിയത്. എന്നിട്ട് രാഹുലിനെതിരെ കര്‍ഷക മാര്‍ച്ച് നടത്തുമ്പോള്‍ സി.പി.ഐ.എം എത്തിപ്പെട്ട ദുരവസ്ഥ ഓര്‍ത്ത് സഹതാപം തോന്നുന്നു’- വിഷ്ണു നാഥ് പറയുന്നു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന് ശേഷം കര്‍ണാടകയിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാറുകളെക്കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിച്ചു. ഇതുപോലെ കേരളത്തിലെ കടങ്ങള്‍ എഴുതി തള്ളാന്‍ എന്തുകൊണ്ട് പിണറായി വിജയന്‍ തയ്യാറാവുന്നില്ല എന്നും വിഷ്ണുനാഥ് ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കര്‍ഷകര്‍ക്കറിയാം രാഹുല്‍ എന്ത് ചെയ്തെന്ന്; പിണറായി ഈ പ്രഹസനം നിര്‍ത്തൂ

വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ കര്‍ഷക മാര്‍ച്ച് നടത്തുമെന്നാണ് സി.പി.ഐ.എം പറയുന്നത്. അതും നരേന്ദ്രമോദി കേരളത്തില്‍ എത്തുന്ന ദിവസം. എന്തൊരു ദുരന്തമാണ് ഈ പാര്‍ട്ടിയെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ആത്മഹത്യകുറിപ്പ് എഴുതിവെച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ഈശ്വര്‍ചന്ദ് ശര്‍മ്മയെന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. പിണറായി വിജയന്‍ അത് അറിഞ്ഞുകാണില്ല.

കേരളത്തില്‍ സര്‍ക്കാര്‍ സൃഷ്ടിച്ച പ്രളയത്തില്‍ കൃഷിയിടം നഷ്ടപ്പെട്ട കര്‍ഷകന്‍ പ്രളയ ദുരിതാശ്വാസത്തിന് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ വേണ്ടി സ്വന്തം വൃക്ക വില്‍ക്കാനുണ്ടെന്ന് വീടിന് മുമ്പില്‍ ബോര്‍ഡ് എഴുതിവെച്ചത് പിണറായി വിജയന്റെ കേരളത്തിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇരുപതിലേറെ കര്‍ഷകരാണ് ഇടുക്കിയിലും വയനാട്ടിലും ഉള്‍പ്പെടെ ജീവനൊടുക്കിയത്. എന്നിട്ട് രാഹുലിനെതിരെ കര്‍ഷക മാര്‍ച്ച് നടത്തുമ്പോള്‍ സി.പി.ഐ.എം എത്തിപ്പെട്ട ദുരവസ്ഥ ഓര്‍ത്ത് സഹതാപം തോന്നുന്നു.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ഷക സമരങ്ങളുടെ തീച്ചൂളയിലേക്ക് ധൈര്യസമേതം ഇറങ്ങിച്ചെല്ലുകയും അവരുടെ ആവലാതികള്‍ കേള്‍ക്കുകയും പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്ത നേതാവിന്റെ പേര് മോദി എന്നല്ല, രാഹുല്‍ എന്നാണ്.

ഭട്ടാപര്‍സൂലില്‍ കര്‍ഷകരുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോഴാണ് രാഹുല്‍ഗാന്ധി പ്രത്യക്ഷ സമരവുമായ് അവിടെ എത്തിയതും അത് തടസ്സപ്പെടുത്തിയതും. നിയാമഗിരിയിലും ആദിവാസി ഭൂമി കുത്തകകള്‍ക്ക് വിട്ടുകൊടുക്കാന്‍ നടത്തിയ ശ്രമം സമരം ചെയ്ത് ചെറുത്ത് തോല്‍പ്പിച്ചത് രാഹുലിന്റെ നേതൃത്വത്തിലാണ്.

കേന്ദ്രത്തില്‍ രാഹുലിന്റെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന യു.പി.എ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ കര്‍ഷക ഭൂമി ഏറ്റെടുക്കുന്നത് തടയാനുള്ള നിയമം പാര്‍ലമെന്റില്‍ കൊണ്ടുവന്നു. ആ നിയമം അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തിയത്.

യു.പി.എ സര്‍ക്കാര്‍ 72,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങളാണ് എഴുതി തള്ളിയതെന്ന് പിണറായി വിജയന് അറിയാമോ? ലോകംകണ്ട ഏറ്റവും വലിയ തൊഴില്‍ദാന പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെ കര്‍ഷക കുടുംബങ്ങള്‍ക്കാണ് കൂടുതല്‍ അത്താണിയായത്. മൂന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ പ്രതിവര്‍ഷം 72,000 രൂപ സാധാരണക്കാരായ കുടുംബത്തിന് ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കം നടത്തുന്ന നേതാവിന്റെ പേരാണ് രാഹുല്‍ഗാന്ധി. പാവപ്പെട്ടവനെ, കര്‍ഷകരെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തുന്ന നേതാവിന്റെ പേരാണ് രാഹുല്‍.

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം കര്‍ണാടകയിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാറുകളെക്കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിച്ചു. പഞ്ചാബിലും കാര്‍ഷിക കടം എഴുതിതള്ളിച്ചു. എന്നാല്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതി തള്ളാന്‍ തയ്യാറാവുന്നില്ല. മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്തതുപോലെ കേരളത്തില്‍ കാര്‍ഷിക കടം എഴുതി തള്ളാന്‍ പിണറായി സര്‍ക്കാറും തയ്യാറാവുന്നില്ല. പിന്നെ എന്തിനാണ് കര്‍ഷക മാര്‍ച്ചെന്ന പ്രഹസന നാടകം? ഉത്തരേന്ത്യയില്‍ കിസാന്‍സഭയുടെ പങ്കാളിത്തത്തോടെ കര്‍ഷക മാര്‍ച്ച് നടന്നപ്പോള്‍ അത്തരമൊരു മാര്‍ച്ച് കേരളത്തില്‍ സംഘടിപ്പിക്കാന്‍ തങ്ങളുടെ ആള്‍ബലവും ശേഷിയും ഉപയോഗിക്കാത്തവരാണ് പിണറായിയുടെ കേരളാ പാര്‍ട്ടി ഘടകം.

ഒരുകാര്യം സി.പി.ഐ.എമ്മുകാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. സി.പി.ഐ.എമ്മിന് എന്തോ ബദല്‍ നയം ഉണ്ടെന്നാണ് ആളുകളെ പറ്റിക്കാന്‍ വലിയ വായില്‍ വിളിച്ചുകൂവി നടക്കുന്നത്. മുപ്പത് വര്‍ഷക്കാലം തുടര്‍ച്ചയായി അധികാരത്തിലിരുന്ന പശ്ചിമ ബംഗാളില്‍ സി.പി.ഐ.എമ്മിനെ നാലാം സ്ഥാനത്തേക്ക് തള്ളിമാറ്റിയതിന് പ്രധാന കാരണം കര്‍ഷക രോഷമായിരുന്നു. നന്ദിഗ്രാമിലും സിംഗൂരിലും കര്‍ഷകഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ദല്ലാളന്മാരി നിന്നുകൊണ്ട് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതിനോടുള്ള കര്‍ഷക പ്രതിഷേധത്തിന്റെ ചൂടറിഞ്ഞവരാണ് ബംഗാളിലെ പാര്‍ട്ടി നേതാക്കള്‍. കേരളത്തിലുള്‍പ്പെടെ ഭൂമി കയ്യേറ്റക്കാര്‍ക്കും പാടം നികത്തുന്നവര്‍ക്കും ഒത്താശ ചെയ്യുന്ന മന്ത്രിമാരെയും ജനപ്രതിനിധികളെയും തീറ്റിപ്പോറ്റുന്ന നിങ്ങള്‍ക്ക് എന്ത് ബദല്‍ നയമാണുള്ളത്?

എ.ഡി.ബി സായ്പന്മാരുടെ ശരീരത്തില്‍ കരിഓയില്‍ ഒഴിച്ചതിന് ശേഷം ഒമ്പതര ശതമാനം പലിശയ്ക്ക് മസാല ബോണ്ട് വാങ്ങി കേരളത്തെ കടക്കെണിയിലാക്കുന്നതിന്റെ പേരാണോ ബദല്‍ നയം?

ഈ പ്രഹസനങ്ങളില്‍ നിന്നും പിന്തിരിയാന്‍ പിണറായിയും കോടിയേരിയും തയ്യാറാവണം. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിലുപരി കടബാധ്യതകളില്‍ നിന്നും കര്‍ഷകരുടെ പൂര്‍ണമായ മോചനം ലക്ഷ്യമാക്കാന്‍ ചരിത്രത്തില്‍ ആദ്യമായി കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത രാഹുലിനെ അംഗീകരിച്ചില്ലെങ്കിലും അവമതിക്കരുത്. ജനം പൊറുക്കില്ല.

റഫേല്‍ അഴിമതിയിലടക്കം നരേന്ദ്രമോദിക്കെതിരെ നിങ്ങള്‍ സമരം ചെയ്യാത്തതിന്റെ കാരണം എന്താണെന്ന് സത്യസന്ധമായി ജനങ്ങളോട് പറഞ്ഞ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുക.

-പി സി വിഷ്ണുനാഥ്